ഖത്തര്‍ ഉപരോധം; മധ്യസ്ഥ ശ്രമങ്ങളില്‍ നിന്നും രാജ്യങ്ങള്‍ പിന്നോട്ട്
ഖത്തര്‍ ഉപരോധം; മധ്യസ്ഥ ശ്രമങ്ങളില്‍ നിന്നും രാജ്യങ്ങള്‍ പിന്നോട്ട്
തങ്ങളുടെ വാദമുഖങ്ങൾ എല്ലാ രാജ്യങ്ങൾക്കു മുമ്പാകെയും അവതരിപ്പിക്കാനുള്ള ശ്രമങ്ങൾ ഇരുപക്ഷവും തുടരുകയാണ്
ഉപരോധം പിൻവലിക്കാതെ അനുരഞ്ജന ചർച്ചയില്ലെന്ന ഖത്തർ നിലപാടിനെ തുടർന്ന് മധ്യസ്ഥ ശ്രമങ്ങളുമായി നിന്ന രാജ്യങ്ങൾ പിറകോട്ടടിക്കുന്നു. തങ്ങളുടെ വാദമുഖങ്ങൾ എല്ലാ രാജ്യങ്ങൾക്കു മുമ്പാകെയും അവതരിപ്പിക്കാനുള്ള ശ്രമങ്ങൾ ഇരുപക്ഷവും തുടരുകയാണ്.
തീവ്രവാദ ആഭിമുഖ്യമുള്ള എല്ലാ നടപടികളിൽനിന്നും പിൻവാങ്ങാൻ ഖത്തർ തയാറാകണം എന്നാണ് സൗദി അനുകൂല രാജ്യങ്ങളുടെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട പരാതികൾ ഉടൻ തന്നെ പുറത്തിറക്കുമെന്നും ഈ രാജ്യങ്ങൾ വ്യക്തമാക്കിയിരുന്നു. എന്നാൽ ഉപരോധം അന്യായമാണെന്നും അതു പിൻവലിക്കാതെ ചർച്ച തന്നെ തുടരുന്നതിൽ കാര്യമില്ലെന്നുമാണ് ഖത്തർ വിദേശകാര്യ മന്ത്രിയുടെ പ്രതികരണം.
കുവൈത്ത് അമീറിന്റെ മധ്യസ്ഥതയിലും അല്ലാതെയും നടന്ന സമവായ നീക്കങ്ങൾ ഇതോടെ വഴിമുട്ടി. ഇരുകൂട്ടർക്കും യോജിക്കാവുന്ന മേഖലകൾ കുറഞ്ഞതാണ് സമവായ നീക്കത്തിന് തിരിച്ചടിയായത്. ഉറച്ചതും വ്യക്തവുമായ ഉറപ്പുകൾ നൽകാതെ ഉപരോധ നടപടികളിൽ മാറ്റം വരുത്തില്ലെന്നു തന്നെയാണ് സൗദി അനുകൂല രാജ്യങ്ങൾ വ്യക്തമാക്കുന്നത്. തുർക്കി, ജർമനി, ഫ്രാൻസ്, അമേരിക്ക ഉൾപ്പെടെ വിദേശ രാജ്യങ്ങൾ നടത്തിയ നീക്കങ്ങളും വിജയം കണ്ടില്ല. മേഖലയുടെ സുരക്ഷ മുൻനിർത്തി അംഗരാജ്യങ്ങൾക്കിടയിൽ തന്നെ പ്രശ്നപരിഹാരം ഉണ്ടാക്കണം എന്നാണ് ഭൂരിഭാഗവും ആഗ്രഹിക്കുന്നത്. എന്നാൽ അതിനുള്ള സാധ്യതയും കുറവാണ്.
യു.എസ് സ്റ്റേറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നടക്കുന്ന അനുരഞ്ജന ചർച്ചകളിലും വേണ്ടത്ര പുരോഗതിയില്ല. അതേ സമയം വൻശക്തി രാജ്യങ്ങളുടെയും യൂറോപ്യൻ യൂണിയന്റെയും പിന്തുണ ഉറപ്പാക്കാൻ നയതന്ത്ര നീക്കങ്ങൾ സജീവമായി തുടരുകയാണ്. സൗദി, യുഎഇ, ബഹ്റൈൻ, ഈജിപ്ത് നയതന്ത്ര പ്രതിനിധികൾ കഴിഞ്ഞ ദിവസം റഷ്യൻ വിദേശകാര്യ മന്ത്രാലയ സമിതിയുമായി ചർച്ച നടത്തി. റിയാദ് പ്രഖ്യാപനത്തെ പിന്തുണക്കാൻ ഖത്തറിന് ബാധ്യതയുണ്ടെന്നും തീവ്രവാദ സംഘടനകളോടുള്ള അടുപ്പം ഒരുനിലക്കും അംഗീകരിക്കാൻ സാധിക്കില്ലെന്നുമാണ് റഷ്യ വ്യക്തമാക്കിയത്. യു.എൻ സെക്രട്ടറി ജനറലിന്റെ ഇടപെടൽ മുഖേനയുള്ള അനുരഞ്ജന നീക്കവും തുടരുകയാണ്.
Adjust Story Font
16