ലുലു ഹൈപ്പർ മാർക്കറ്റ് ജിദ്ദയിൽ പ്രവർത്തനമാരംഭിച്ചു
ലുലു ഹൈപ്പർ മാർക്കറ്റ് ജിദ്ദയിൽ പ്രവർത്തനമാരംഭിച്ചു
അൽഹറമൈൻ റോഡിനോട് ചേർന്ന് മർവ ജില്ലയിൽ ആരംഭിച്ച ഹൈപ്പർ മാർക്കറ്റ് ഉത്‌ഘാടന ചടങ്ങിൽ നിരവധി സ്വദേശി വ്യവസായ പ്രമുഖർ പങ്കെടുത്തു
ലുലു ഗ്രൂപ്പ് സൗദിയിലെ പതിനൊന്നാമത് ഹൈപ്പർ മാർക്കറ്റ് ജിദ്ദയിൽ പ്രവർത്തനമാരംഭിച്ചു. അൽഹറമൈൻ റോഡിനോട് ചേർന്ന് മർവ ജില്ലയിൽ ആരംഭിച്ച ഹൈപ്പർ മാർക്കറ്റ് ഉത്‌ഘാടന ചടങ്ങിൽ നിരവധി സ്വദേശി വ്യവസായ പ്രമുഖർ പങ്കെടുത്തു. രണ്ടു വർഷത്തിനകം 130 കോടി റിയാൽ വരെ സൗദിയിൽ നിക്ഷേപം നടത്തുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ. യൂസുഫ് അലി അറിയിച്ചു.
സൗദി ജനറൽ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി ഡെപ്യൂട്ടി ഗവർണർ ഇബ്രാഹിം സലെ അൽസുവൈൽ പുതിയ ലുലു ഹൈപ്പർ മാർക്കറ്റ് ഉത്‌ഘാടനം ചെയ്തു. ഗ്രൂപ്പിന്റെ 142 മത്തേതും സൗദിയിലെ 11 മത്തേതുമാണ് ജിദ്ദ അൽഹറമൈൻ റോഡിൽ 2,50,000 ചതുരശ്രയടി വിസ്തീർണ്ണത്തിലുള്ള പുതിയ ഹൈപ്പർ മാർക്കറ്റ്. സൗദിവിഷൻ 2030 ന്നു അനുസൃതമായിട്ടാണ് ലുലു ഗ്രൂപ്പ് റീട്ടെയിൽ രംഗത്ത് മുന്നേറിക്കൊണ്ടിരിക്കുന്നതെന്നും ഇതിന് സൗദി ഭരണകൂടത്തോട് നന്ദി രേഖപ്പെടുത്തുന്നതായും ലുലു ഗ്രൂപ്പ് ചെയർമാൻ എം എ. യൂസുഫ് അലി അറിയിച്ചു.
സൗദിയിൽ പ്രവർത്തനം കൂടുതൽ വിപുലമാക്കുന്നതിന്റെ ഭാഗമായി 2020 ആകുമ്പോഴേക്കും ലുലു ഹൈപ്പർമാർക്കറ്റുകളുടെ എണ്ണം 20 ആകും. റിയാദിൽ രണ്ടും തബൂക്ക്, ദമ്മാം എന്നിവിടങ്ങളിൽ ഓരോന്നുമുൾപ്പെടെ അടുത്ത വർഷം 6 ഹൈപ്പർമാർക്കറ്റുകൾ ആരംഭിക്കും. സൗദി ഭരണകൂടം പ്രഖ്യാപിച്ച നിക്ഷേപക സൗഹൃദ നയങ്ങൾ ഏറെ പ്രതീക്ഷ നൽകുന്നതാണെന്നും നിലവിലെ പ്രൊജക്റ്റുകൾക്കു പുറമെ ലുലു ഗ്രൂപ്പ് രണ്ടു വർഷത്തിനുള്ളിൽ 50 കോടി റിയാൽ കൂടി നിക്ഷേപമിറക്കുമെന്നും എം എ. യൂസുഫ് അലി അറിയിച്ചു. ഇതോടെ സൗദിയിലെ ലുലു ഗ്രൂപ്പിന്റെ മൊത്തം നിക്ഷേപം 130 കോടി റിയാലാകും.
100 വനിതകൾ ഉൾപ്പെടെ 2400 സ്വദേശികൾ നിലവിൽ ലുലു ഗ്രൂപ്പിൽ ജോലി ചെയ്യുന്നു. അടുത്ത 7 വർഷത്തിനകം 10,000 സ്വദേശി പൗരന്മാർക്കു ജോലി നൽകുവാനാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. ജിദ്ദയിൽ രണ്ടാമത്തെ ഹൈപ്പർ മാർക്കറ്റാണ് ഇന്ന് ഉത്‌ഘാടനം ചെയ്തത്. ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷ്റഫ് അലി, സി.ഇ. ഒ സൈഫി രൂപാവാല, സൗദി ഡയറക്ടർ ഷെഹീം മുഹമ്മദ് എന്നിവരും വിവിധ വ്യവസായ പ്രമുഖരും ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.
Adjust Story Font
16