അറബിക് കോഫിയും മജ്ലിസും യുനെസ്കോ പട്ടികയില്‍
അറബിക് കോഫിയും മജ്ലിസും യുനെസ്കോ പട്ടികയില്‍
അറബിക് കോഫി , നൃത്തരൂപമായ റസ്ഫ, ഭരണാധികാരികളും ജനങ്ങളും ഒന്നിച്ചിരിക്കുന്ന മജ്ലിസ് എന്നി പൈതൃക ചിഹ്നങ്ങളാണ് യുനെസ്കോയുടെ ഇന്‍റാന്‍ജിബ്ള്‍ കള്‍ചറല്‍ ഹെറിറ്റേജ് ഓഫ് ഹ്യുമാനിറ്റി പട്ടികയില്‍ ഇടം നേടിയത്
മനുഷ്യവംശത്തിന്റെ പൈതൃകം നിലനിര്‍ത്തുന്നതില്‍ സുപ്രധാന പങ്ക് വഹിച്ച സാംസ്കാരിക ചിഹ്നങ്ങള്‍ വരും തലമുറക്കായി നിലനിര്‍ത്തുന്നതിനുള്ള യുനെസ്കോ പട്ടികയില്‍ അറബ് ലോകത്ത് നിന്ന് മൂന്ന് അംഗങ്ങള്‍ കൂടി. ലോക പ്രശസ്തമായ കാവ എന്നറിയപ്പെടുന്ന അറബിക് കോഫി , നൃത്തരൂപമായ റസ്ഫ, ഭരണാധികാരികളും ജനങ്ങളും ഒന്നിച്ചിരിക്കുന്ന മജ്ലിസ് എന്നി പൈതൃക ചിഹ്നങ്ങളാണ് യുനെസ്കോയുടെ ഇന്‍റാന്‍ജിബ്ള്‍ കള്‍ചറല്‍ ഹെറിറ്റേജ് ഓഫ് ഹ്യുമാനിറ്റി പട്ടികയില്‍ ഇടം നേടിയത്.
ഒമാന്‍, യു.എ.ഇ, സൗദി അറേബ്യ, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ മജ്ലിസിനും അറബിക് കോഫിക്കും വേണ്ടി നാമനിര്‍ദേശം നല്‍കിയപ്പോള്‍ റസ്ഫ നൃത്തത്തിനായി യു.എ.ഇയും ഒമാനുമാണ് നാമനിര്‍ദേശം നല്‍കിയത്. കഴിഞ്ഞ ഡിസംബറില്‍ നമീബിയയില്‍ നടന്ന യുനെസ്കോയുടെ ഇന്‍റാന്‍ജിബ്ള്‍ ഹെറിറ്റേജ് സമിതി പത്താമത് സെഷനിലാണ് ഈ നാമ നിര്‍ദേശങ്ങള്‍ നല്‍കിയത്. പൈതൃക ചിഹ്നങ്ങള്‍ നഷ്ടമാകാതെ വരും തലമുറക്കായി കാത്തുവെക്കുന്നതില്‍ അറബ് ഭരണകൂടങ്ങള്‍ നടത്തുന്ന ശ്രമങ്ങള്‍ക്കും സമര്‍പ്പണത്തിനുമുള്ള അംഗീകാരമാണ് യുനെസ്കോയുടെ ഈ തീരുമാനം.ഒമാനിലെ വടക്കന്‍ മേഖലയിലെ സാംസ്കാരിക സവിശേഷതയെന്ന് വിശഷിപ്പിക്കാവുന്ന അലാഴി കവിതാ രൂപം, വടക്കു പടിഞ്ഞാറന്‍ ഒമാനിലും യു.എ.ഇയിലും സാധാരണമായ അയാല നൃത്തം, ഒട്ടകപ്പുറത്ത് സഞ്ചരിക്കുമ്പോള്‍ ചൊല്ലുന്ന ബിദൂനികള്‍ ചൊല്ലുന്ന കവിതയായ രഗ്രൂദ, ദോഫാര്‍ മേഖലയിലെ പരമ്പരാഗത നൃത്ത, സംഗീത രൂപമായ അല്‍ ബറാഹ് എന്നിവ നേരത്തേ യുനെസ്കോയുടെ പട്ടികയില്‍ ഇടം പിടിച്ചതാണ്. ഇവക്ക് ഒപ്പമാണ് ഗള്‍ഫ് മേഖലയിലെ സാംസ്കാരിക പാരമ്പര്യത്തില്‍ സുപ്രധാന സ്ഥാനമുള്ള അറബിക് കോഫിയും റസ്ഫയും മജ്ലിസും ഇടം നേടിയത്.
അമൂല്യമായ പൈതൃകങ്ങളും സാംസ്കാരിക ചിഹ്നങ്ങളും കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകത ലോകത്തിന് മനസിലാക്കി നല്‍കാന്‍ യുനെസ്കോ പട്ടികയിലെ കൂട്ടിച്ചേര്‍ക്കലുകള്‍ വഴി സാധ്യമാകുമെന്ന് സാംസ്കാരിക പൈതൃക മന്ത്രാലയത്തിലെ സാഹിത്യ കലാ വിഭാഗം അസി. ഡയറക്ടര്‍ ജനറല്‍ സഈദ് സുല്‍ത്താന്‍ അല്‍ ബുസൈദി പറഞ്ഞു. തലമുറകളായി കൈമാറി വന്ന മൂല്ല്യങ്ങളുടെയും സാംസ്കാരിക സവിശേഷതയുടെയും അടയാളങ്ങളാണ് ഈ കലാരൂപങ്ങള്‍. അറബ് ലോകത്തിന്റെ പ്രത്യേകിച്ച് ഒമാന്റെ മുഖമുദ്രയായ പരമ്പരാഗത ആചാരങ്ങളെ കുറിച്ച ബോധവത്കരണത്തിനും പഠനത്തിനും യുനെസ്കോയുടെ നടപടി പ്രേരണയാകും. പരമ്പരാഗത രീതികളും സമ്പ്രദായങ്ങളും പുതിയ തലമുറകളിലേക്ക് കൈമാറ്റം ചെയ്യുന്നതിനുള്ള വേദികളാണ് മജ്ലിസുകളെന്ന് അല്‍ ബുസൈദി പറഞ്ഞു. ആളുകളെ അഭിവാദ്യം ചെയ്യുന്നതിന്റെയും ബഹുമാനിക്കുന്നതിന്റെയും പാഠങ്ങള്‍ യുവതലമുറക്ക് മുതിര്‍ന്നവരില്‍ നിന്ന് പഠിക്കാന്‍ മജ്ലിസുകള്‍ സഹായകരമാകും. സമ്പന്നമായ ഒമാനി ആതിഥേയത്വത്തിന്റെ പ്രതിരൂപമായ അറബിക് കോഫിക്കും ആചാരങ്ങളുടെയും രീതികളുടെയും നിരവധി മാനങ്ങളുണ്ട്. യു.എ.ഇയിലെയും ഒമാനിലെയും പരമ്പരാഗത നൃത്ത രൂപമായ അല്‍ റഫ്സ അറബ് സാംസ്കാരിക ഉല്‍സവങ്ങളിലെ പതിവ് കാഴ്ചയാണിപ്പോള്‍.
Adjust Story Font
16