കേരള സാഹിത്യ അക്കാദമിയുടെ സാഹിത്യോല്‍സവം മെയ് 4 മുതല്‍ ദുബൈയില്‍
കേരള സാഹിത്യ അക്കാദമിയുടെ സാഹിത്യോല്‍സവം മെയ് 4 മുതല്‍ ദുബൈയില്‍
'എന്റെ കേരളം എന്റെ മലയാളം - സ്മരണയുടെ അറുപതാണ്ട് എന്ന പ്രമേയത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
കേരളപ്പിറവി വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേരള സാഹിത്യ അക്കാദമി അവതരിപ്പിക്കുന്ന സാഹിത്യോത്സവം, മെയ് നാലു മുതൽ ആറു വരെ ദുബൈ ഗൾഫ് മോഡൽ സ്‌കൂളിൽ അരങ്ങേറും. 'എന്റെ കേരളം എന്റെ മലയാളം - സ്മരണയുടെ അറുപതാണ്ട് എന്ന പ്രമേയത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
യുഎഇയിലെ സാഹിത്യകാരൻമാർ, മാധ്യമപ്രവർത്തകർ, ഭാഷാധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർക്കായി ശില്പശാലകളും സംവാദങ്ങളും ഒരുക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നാലിന് രാത്രി കവി സച്ചിദാനന്ദൻ ഉദ്ഘാടനം നിർവഹിക്കും. അക്കാദമി സെക്രട്ടറി ഡോ.കെ പി മോഹനൻ, കെ. ഇ. എൻ. കുഞ്ഞുമുഹമ്മദ്, പ്രഫ. എം.എം. നാരായണൻ, നോവലിസ്റ്റ് ടി. ഡി. രാമകൃഷ്ണൻ എന്നിവർ ശില്പശാലകൾക്ക് നേതൃത്വം നൽകും.
അഞ്ചിന് കുട്ടികൾക്കായി കഥ, കവിത, ലേഖന രചനാ മത്സരങ്ങളും എഴുത്ത്, വായന, ആസ്വാദന ശിൽപശാലകളും ഒരുക്കും. മാധ്യമ രംഗത്തെ സമകാലിക പ്രവണതകൾ ചർച്ച ചെയ്യുന്ന ടോക്ഷോയും എഴുത്തുകാരും വായനക്കാരും സംവദിക്കുന്ന പ്രവാസ രചനകളെക്കുറിച്ചുള്ള ശിൽപശാലയും അന്നു നടക്കും. വൈകീട്ട് പൊതുസമ്മേളന ശേഷം വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറും. സംഘാടക സമിതി ചെയർമാൻ അഡ്വ. നജീത്, കൺവീനർ കെ.എൽ ഗോപി, മാധ്യമ വിഭാഗം കൺവീനർ ദിലീപ് എന്നിവർ സംബന്ധിച്ചു. ആറിന് യുഎഇയിലെ സ്കൂളുകളിൽ നിന്നുള്ള അധ്യാപകർക്കായി മാതൃഭാഷയും പ്രവാസവും എന്ന വിഷയത്തില്‍ ശില്പശാല നടക്കും.
Adjust Story Font
16