എണ്ണ ഉത്‌പാദക രാജ്യങ്ങളുടെ യോഗം തീരുമാനമാകാതെ പിരിഞ്ഞു
എണ്ണ ഉത്‌പാദക രാജ്യങ്ങളുടെ യോഗം തീരുമാനമാകാതെ പിരിഞ്ഞു
എണ്ണ വിപണിയില്‍ തുടരുന്ന അസ്ഥിരത അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ട് ദോഹയില്‍ ചേര്‍ന്ന എണ്ണ ഉത്‌പാദക രാജ്യങ്ങളുടെ യോഗം തീരുമാനമാകാതെ പിരിഞ്ഞു
എണ്ണ വിപണിയില്‍ തുടരുന്ന അസ്ഥിരത അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ട് ദോഹയില്‍ ചേര്‍ന്ന എണ്ണ ഉത്‌പാദക രാജ്യങ്ങളുടെ യോഗം തീരുമാനമാകാതെ പിരിഞ്ഞു. ഒപെക്, നോണ്‍ ഒപെക് രാജ്യങ്ങളില്‍ നിന്നുള്ള മന്ത്രിതല സംഘം പങ്കെടുത്ത യോഗത്തില്‍ നിന്ന് അവസാന നിമിഷം ഇറാന്‍ പിന്‍മാറിയതാണ് അനിശ്ചിതത്വം തുടരാന്‍ ഇടയാക്കിയത്.
രണ്ട് വര്‍ഷത്തോളമായി ആഗോള എണ്ണവിപണിയിലുണ്ടായ അസ്ഥിരത എണ്ണ ഉത്‌പാദക രാജ്യങ്ങളില്‍ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യത്തില്‍ കൂടിയാണ് ദോഹയില്‍ മന്ത്രിതല സമ്മേളനം വിളിച്ചു ചേര്‍ത്തത്. ഒപെക്, ഒപെക്കിതര രാജ്യങ്ങളില്‍ നിന്നായി 18 എണ്ണ മന്ത്രിമാര്‍ പങ്കെടുത്ത യോഗത്തില്‍ ഉത്‌പാദനം ക്രമീകരിച്ച് വിപണിയില്‍ സ്ഥിരത കൊണ്ടുവരാനുള്ള സാധ്യത തെളിയുമെന്നാണ് ആദ്യം പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ സമ്മേളനത്തിന് തൊട്ട് മുമ്പ് ഇറാന്‍ പിന്‍മാറിയതോടെ കൂട്ടായ ചര്‍ച്ചയിലൂടെ പ്രതിസന്ധി പരിഹരിക്കാനുള്ള സാധ്യത ഇല്ലാതായി. ഇതോടൊപ്പം സൗദി അറേബ്യയുടെ രണ്ടാം കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ പ്രസ്‌താവന കൂടി വന്നതോടെ ദോഹ സമ്മിറ്റില്‍ പ്രശ്‌ന പരിഹാരമുണ്ടാവില്ലെന്ന സൂചന ബലപ്പെടുകയായിരുന്നു.
അനിശ്ചിതത്വത്തിനൊടുവില്‍ വൈകിയാണ് ദോഹ ഷെറാട്ടണ്‍ ഹോട്ടലില്‍ സമ്മേളനം ആരംഭിച്ചത്. ചര്‍ച്ചയില്‍ കാര്യമായ പുരോഗതി ഇല്ലാതെ വന്നതോടെ മന്ത്രിതല സംഘം അമീരി ദിവാനിലെത്തി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. തുടര്‍ന്ന് രാത്രി വൈകുവോളം യോഗം തുടര്‍ന്നെങ്കിലും പ്രതീക്ഷിച്ച പോലെ എണ്ണ ഉത്‌പാദനം മരവിപ്പിക്കുന്നതോ നിയന്ത്രിക്കുന്നതോ ആയ തീരുമാനമെടുക്കാനാവാതെ പിരിയുകയായിരുന്നു. സമ്മേളന വേദിക്കരികില്‍ രാവിലെ മുതല്‍ തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വന്‍ മാധ്യമ സംഘവും തടിച്ചു കൂടിയിരുന്നു.
Adjust Story Font
16