ഗള്‍ഫ് പ്രതിസന്ധി; പ്രശ്നപരിഹാര ചർച്ചകൾ തള്ളാതെ കുവൈത്തും അമേരിക്കയും
ഗള്‍ഫ് പ്രതിസന്ധി; പ്രശ്നപരിഹാര ചർച്ചകൾ തള്ളാതെ കുവൈത്തും അമേരിക്കയും
ഗൾഫ് രാഷ്ട്രങ്ങൾക്കിടയിൽ ഐക്യം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ ശ്രമങ്ങൾ തുടരുമെന്നാണ് ഇരുകൂട്ടരും വ്യക്തമാക്കുന്നത്
ഗൾഫ് പ്രതിസന്ധിയില്‍ ഇരുപക്ഷവും കടുത്ത നിലപാടിൽ ഉറച്ചു നിൽക്കുമ്പോൾ തന്നെ പ്രശ്നപരിഹാര ചർച്ചകൾ തള്ളാതെ കുവൈത്തും അമേരിക്കയും. ഗൾഫ് രാഷ്ട്രങ്ങൾക്കിടയിൽ ഐക്യം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ ശ്രമങ്ങൾ തുടരുമെന്നാണ് ഇരുകൂട്ടരും വ്യക്തമാക്കുന്നത്.
നൂറിലേറെ ദിനങ്ങൾ പിന്നിട്ട ഗൾഫ് പ്രതിസന്ധി പരിഹാര നടപടികൾ തീർത്തും ഉപേക്ഷിച്ചിട്ടില്ലെന്ന് വൈറ്റ് ഹൗസും കുവൈത്ത് അധികൃതരും വ്യക്തമാക്കി. ന്യൂയോർക്കിൽ തുടരുന്ന യു.എൻ പൊതുസഭാ സമ്മേളനത്തിൽ ഖത്തർ അമീറും സൗദി പക്ഷവും തങ്ങളുടെ നിലപാടിനെ ന്യായീകരിച്ചാണ് സംസാരിച്ചത്. പരമാധികാരം ചോദ്യം ചെയ്യാത്ത ഏതു ചർച്ചക്കും ഒരുക്കമാണെന്ന ഖത്തർ അമീർ വ്യക്തമാക്കി. എന്നാൽ ഉപാധികളിൽ വ്യക്തമായ തീർപ്പിലെത്താതെ തുടർ ചർച്ചയില്ലെന്നു തന്നെയാണ് സൗദി പക്ഷം ആവർത്തിക്കുന്നത്.
പ്രശ്നപരിഹാര നീക്കങ്ങൾ തുടരണമെന്ന സന്ദേശം തന്നെയാണ് യുഎസ് പ്രസിഡന്റ് ട്രംപ് ഖത്തർ അമീറിനെ അറിയിച്ചത്. സൗദി അനുകൂല നേതാക്കൾക്കു മുമ്പാകെയും വൈറ്റ് ഹൗസ് ഇക്കാര്യം തന്നെ വ്യക്തമാക്കുന്നു. കുവൈത്ത് അമീറിന്റെ അഭ്യർഥനയെ തുടർന്നാണ് മധ്യസ്ഥ നീക്കത്തിന് ഡൊണാൾഡ് ട്രംപ് തയ്യാറായതെന്ന് കുവൈത്തിലെ യു.എസ് സ്ഥാനപതി ലോറൻസ് സിൽവർമാൻ പറഞ്ഞു. കുവൈത്തുമായി ചേർന്ന് മധ്യസ്ഥ നീക്കങ്ങൾ തുടരുമെന്നും അദ്ദേഹം അറിയിച്ചു.
മേഖലയിൽ ഇറാൻ സ്വാധീനം കുറച്ചു കൊണ്ടു വരണമെങ്കിൽ ഖത്തറും മറ്റു ഗൾഫ് രാജ്യങ്ങളും ഒന്നിക്കണമെന്ന വിലയിരുത്തലിൽ ആണ് വൈറ്റ് ഹൗസ്. ഇറാനെതിരെ കടുത്ത നിലപാട് ട്രംപ് സ്വീകരിച്ച സാഹചര്യത്തിൽ ഗൾഫ് പ്രതിസന്ധി തുടരുന്നത് വൈറ്റ്ഹൗസിന് തിരിച്ചടിയാകും. ഇറാനും തുർക്കിയും ഖത്തറുമായി കൂടുതൽ അടുക്കുന്നത് അത്ര താൽപര്യത്തോടെയല്ല ട്രംപ് ഭരണകൂടം നോക്കി കാണുന്നത്. ഇരുപക്ഷത്തിന്റെയും വികാരം മാനിച്ചു കൊണ്ടുള്ള ഒത്തുതീർപ്പ് ഫോർമുലക്ക് രൂപം നൽകാൻ അമേരിക്ക തയ്യാറാകുന്നതായും റിപ്പോർട്ടുണ്ട്.
Adjust Story Font
16