ദുബൈ ഫ്രെയിം ജനുവരി ഒന്നിന് സന്ദർശകർക്കായി തുറക്കും
ദുബൈ ഫ്രെയിം ജനുവരി ഒന്നിന് സന്ദർശകർക്കായി തുറക്കും
രാവിലെ പത്തു മുതൽ വൈകിട്ട് ഏഴു വരെയാകും സന്ദർശന സമയം
വിസ്മയത്തിന്റെ പുതുലോകം സമ്മാനിക്കുന്ന ദുബൈ ഫ്രെയിം ജനുവരി ഒന്നിന് സന്ദർശകർക്കായി തുറക്കും. രാവിലെ പത്തു മുതൽ വൈകിട്ട് ഏഴു വരെയാകും സന്ദർശന സമയം. നഗരമധ്യത്തിൽ തല ഉയർത്തി നിൽക്കുന്ന ഈ മനോഹര സ്തൂപം കാണാനും കയറാനും ആയിരങ്ങൾ എത്തിച്ചേരും എന്നാണ് പ്രതീക്ഷ.
സഫാരിക്കു പിന്നാലെ ഫ്രെയിം ഒരുക്കേിയാണ് ദുബൈ നഗരം താമസക്കാരെയും സന്ദർശകരെയും ഒരുപോലെ അദ്ഭുതപ്പെടുത്തുന്നത്. സാബീൽ പാർക്കിൽ 150 മീറ്റർ ഉയരത്തിലും 93 മീറ്റർ വീതിയിലുമായി സുതാര്യമായ ചില്ലുകളുടെ രണ്ട് വൻ സ്തൂപങ്ങൾ. 93 മീറ്റർ നീളമുള്ള കണ്ണാടിപ്പാലം തന്നെയാണ് വിസ്മയ സൗധത്തിന്റെ പ്രധാന പ്രത്യേകത. ചില്ലുപാളിയിൽ ചവുട്ടിനിന്ന് ചുവടെയുള്ള സൗന്ദര്യം ആസ്വദിക്കാം.
ദുബൈയുടെ രണ്ട് ഭാവങ്ങൾ 360 ഡിഗ്രിയിൽ കാണാം. വടക്ക് ഭാഗത്ത് ശെഖ് സായിദ് റോഡിനോടു ചേർന്ന കെട്ടിടങ്ങളടങ്ങുന്ന പുതിയ ദുബൈ. തെക്കു ഭാഗത്ത് ദേര, ഉമ്മു ഹുറൈർ, കരാമ എന്നിവയുൾപ്പെട്ട പൗരാണിക ദുബൈ നഗരം. തീർന്നില്ല. അമ്പതാണ്ടുകൾക്കപ്പുറമുള്ള ദുബൈ എങ്ങനെ ആയിരിക്കുമെന്ന ഫ്യൂച്ചർ ദുബായ് വിഡിയോ പ്രദർശനവും ദുബൈ ഫ്രെയിമിൽ ഒരുക്കിയിട്ടുണ്ട്.
പകൽ സ്വർണ നിറത്തിലാണ് ദുബൈ ഫ്രെയിം. രാത്രികാലത്ത് നിറം മാറും. പൗരാണിക ദുബൈയുടെ മുദ്രകൾ ഉൾച്ചേർന്ന മ്യൂസിയം കടന്നു വേണം മുകളിലെത്താൻ. വളർച്ചക്കിടയിലും ഇന്നലെകൾ മറക്കാനുള്ളതല്ലെന്ന ഓർമപ്പെടുത്തൽ കൂടിയാണ് മ്യൂസിയം. ലിഫ്റ്റിൽ മുകളിലേക്കുള്ള യാത്രയും ആഹ്ലാദകരമായ അനുഭവമാണ് സന്ദർശകർക്ക് സമ്മാനിക്കുക. 25 കോടി ദിർഹം ചെലവിട്ടാണ് നിർമാണം.
Adjust Story Font
16