മസ്കത്ത് ഇന്ത്യൻ സ്കൂളിൽ ഫീസ് വർധന; തീരുമാനത്തില്‍ നിന്നും താത്ക്കാലികമായി പിൻവാങ്ങി
മസ്കത്ത് ഇന്ത്യൻ സ്കൂളിൽ ഫീസ് വർധന; തീരുമാനത്തില്‍ നിന്നും താത്ക്കാലികമായി പിൻവാങ്ങി
കഴിഞ്ഞ ദിവസം നടന്ന ഓപ്പൺ ഫോറത്തിൽ രക്ഷകർത്താക്കൾ ഒത്തൊരുമിച്ച് പ്രതിഷേധമുയർത്തിയതിനെ തുടർന്നാണ് നടപടി
മസ്കത്ത് ഇന്ത്യൻ സ്കൂളിൽ ഫീസ് വർധിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്ന് സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി താത്ക്കാലികമായി പിൻവാങ്ങി. കഴിഞ്ഞ ദിവസം നടന്ന ഓപ്പൺ ഫോറത്തിൽ രക്ഷകർത്താക്കൾ ഒത്തൊരുമിച്ച് പ്രതിഷേധമുയർത്തിയതിനെ തുടർന്നാണ് നടപടി.
ഫീസ് വർധനവിനുള്ള നിർദേശം ഈ മാസം അവസാനത്തോടെ ചുമതലയേൽക്കുന്ന പുതിയ സ്കൂൾ ഡയറക്ടർ ബോർഡിന്റെ പരിഗണനക്ക് വിടും. പുതിയ ബോർഡും ഫീസ് വർധനവിന് അനുകൂലമാകുന്ന പക്ഷം പുതിയ ഓപ്പൺ ഫോറം വിളിച്ച് കാര്യങ്ങൾ ബോധ്യപ്പെടുത്തണമെന്ന രക്ഷകർത്താക്കളുടെ നിർദേശവും അംഗീകരിക്കപ്പെട്ടു. അടിസ്ഥാന സൗകര്യ വികസന ഫീസ് ഈടാക്കാനുള്ള തീരുമാനത്തിനെതിരെയും പ്രതിഷേധമുയർന്നു.ഗൾഫ് മേഖലയിലെ ഏറ്റവും വലിയ സ്കൂളുകളിൽ ഒന്നായ മസ്കത്ത് ഇന്ത്യൻ സ്കൂളിലും അനുബന്ധ സ്ഥാപനമായ ഐ.എസ്.എം അൽ ഗൂബ്രയിലും പ്രതിമാസം രണ്ട് റിയാൽ വീതം വർധിപ്പിക്കുമെന്ന് കാട്ടി ഈ മാസം പകുതിയോടെയാണ് സർക്കുലർ ലഭിച്ചത്. ബുധനാഴ്ച വൈകുന്നേരം ഏഴിനാരംഭിച്ച ഓപ്പൺ ഫോറത്തിൽ മുൻ യോഗങ്ങളിൽ നിന്ന് വ്യത്യസ്തമായി സ്ത്രീകളടക്കം 250ഒാളം രക്ഷകർത്താക്കൾ പങ്കെടുത്തു. ഫീസ് വർധന ഒരു നിലക്കും നടപ്പാക്കാൻ കഴിയില്ലെന്ന നിലപാടിലൂന്നിയാണ് എല്ലാവരും സംസാരിച്ചതെന്ന് രക്ഷകർത്താക്കളുടെ പ്രതിനിധികൾ പറഞ്ഞു. ബഹളത്തെ തുടർന്ന് യോഗം ഒന്നിലധികം തവണ നിർത്തിവെച്ചു.
Adjust Story Font
16