ബഹ്റൈനില്‍ ഫ്ളക്സിബിൾ വർക്ക് പെർമിറ്റിന് മികച്ച സ്വീകാര്യത
ബഹ്റൈനില്‍ ഫ്ളക്സിബിൾ വർക്ക് പെർമിറ്റിന് മികച്ച സ്വീകാര്യത
ദിവസേന അൻപതോളം പേർ പുതിയ തരം പെർമിറ്റുകൾ നേടുന്നതായി ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി വ്യക്തമാക്കി
ബഹ്റൈനിൽ അനുവദിച്ചു തുടങ്ങിയ ഫ്ളക്സിബിൾ വർക്ക് പെർമിറ്റിന് മികച്ച സ്വീകാര്യത ലഭിക്കുന്നു. ദിവസേന അൻപതോളം പേർ പുതിയ തരം പെർമിറ്റുകൾ നേടുന്നതായി ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി വ്യക്തമാക്കി.
ജൂലൈ മാസം 23നാണ് രാജ്യത്ത് ഫ്ളക്സിബിൾ വർക്ക് പെർമിറ്റ് അനുവദിച്ചു തുടങ്ങിയത്. ദിനേന അൻപതോളം പെർമിറ്റുകൾ അനുവദിക്കുന്നതായും പ്രവാസികളിൽ നിന്ന് ഈ പരിഷ്കാരത്തിന് മികച്ച പ്രതികരണം ലഭിക്കുന്നതായും എൽ.എം.ആർ.എ ചീഫ് എക്സിക്യുട്ടീവ് ഉസാമ അൽ അബ്സി വ്യക്തമാക്കി. രേഖകളില്ലാതെ ബഹ്റൈനിൽ വിവിധ ജോലികൾ ചെയ്തുകഴിയുന്നവർക്ക് നിയമപ്രകാരം ജോലി ചെയ്യാനുള്ള അവസരം നൽകുന്ന സംവിധാനമാണിത്. ഇന്ത്യക്കാരും പാകിസ്താനികളും ബംഗ്ലാദേശികളുമാണ് ഈ സൗകര്യം ഏറ്റവുമധികം പ്രയോജനപ്പെടുത്തിയിട്ടുള്ളത് വിവിധ തൊഴിലുടമകൾക്ക് കീഴിൽ ജോലി ചെയ്യാൻ സഹായിക്കുന്ന പുതിയ തരം പെർമിറ്റുകൾ നേടുവാനായി നിരവധി പേർ എൽ.എം.ആർ .എ ഓഫീസിലെത്തുന്നുണ്ട്. പ്രതിമാസം 2000 ഫ്ലക്സി വർക് പെർമിറ്റുകൾ അനുവദിക്കുവാനാണ് എൽ.എം.ആർ എയുടെ പദ്ധതി. വ്യത്യസ്ത തൊഴിലുടമകളുടെ കീഴിൽ തൊഴിലാളികൾക്ക് വിവിധ ജോലികൾ പാർട് ടൈം ആയോ മുഴുവൻ സമയമായോ ചെയ്യാൻ നിയമപരമായി തന്നെ സാധിക്കുന്ന രീതിയിലുള്ള സംവിധാനമാണിത് . ഈ വർക്കിങ് പെർമിറ്റ് നേടുന്നവർക്ക് പ്രത്യേക തിരിച്ചറിയൽ കാർഡും എൽ.എം. ആർ എ അനുവദിക്കുന്നുണ്ട്. എൽ.എം.ആർ.എയുടെ സിത്ര ബ്രാഞ്ചിൽ നിന്നാണ് ഫ്ലെക്സി പെർമിറ്റ് അനുവദിക്കുന്നത്.ഫ്ളക്സിബിൾ വർക്ക് പെർമിറ്റിനെക്കുറിച്ച് അറിയാൻ താൽപര്യമുള്ളവർക്ക് 17103103 എന്ന നമ്പറിൽ വിളിക്കുകയോ www.lmra.bh എന്ന. വെബ് സൈറ്റ് സന്ദർശിക്കുകയോ ചെയ്യാമെന്നും എൽ.എം. ആർ എ അധിക്യതർ വ്യക്തമാക്കി.
Adjust Story Font
16