300 റിയാൽ ശമ്പളമുള്ളവർക്കും ഒമാനിൽ ഇനി കുടുംബവിസക്ക് അപേക്ഷിക്കാം
300 റിയാൽ ശമ്പളമുള്ളവർക്കും ഒമാനിൽ ഇനി കുടുംബവിസക്ക് അപേക്ഷിക്കാം
നിലവിൽ അറുനൂറ് റിയാൽ ആയിരുന്നു കുടുംബവിസക്ക് അപേക്ഷിക്കുന്നതിനുള്ള ശമ്പളപരിധി
മുന്നൂറ് റിയാൽ ശമ്പളമുള്ളവർക്കും ഒമാനിൽ ഇനി കുടുംബവിസക്ക് അപേക്ഷിക്കാം. നിലവിൽ അറുനൂറ് റിയാൽ ആയിരുന്നു കുടുംബവിസക്ക് അപേക്ഷിക്കുന്നതിനുള്ള ശമ്പളപരിധി. ഇതിൽ പകുതിയോളം കുറവുവരുത്തിയുള്ള നിയമ ഭേദഗതി നിലവിൽ വന്നതായി റോയൽ ഒമാൻ പൊലീസ് വക്താവിനെ ഉദ്ധരിച്ച് ഇംഗ്ലീഷ് ദിനപത്രമായ ടൈംസ് ഓഫ് ഒമാൻ റിപ്പോർട്ട് ചെയ്തു.
കുടുംബത്തെ കൊണ്ടു വരണമെന്ന് ആഗ്രഹിക്കുന്ന പ്രവാസികളുടെ ശമ്പള പരിധി മുന്നൂറ് റിയാലായി കുറച്ചതായി ശൂറ കൗൺസിൽ അംഗം സുൽത്താൻ ബിൻ മാജിദ് അൽ അൽ അബ്രിയും അറിയിച്ചു. സാമ്പത്തിക വൈവിധ്യവത്കരണ പദ്ധതിയായ 'തൻഫീദിന്റെ ഭാഗമായി ശൂറാ കൗൺസിലാണ് ഇത് സംബന്ധിച്ച നിർദ്ദേശം മുന്നോട്ടുവെച്ചത്. നിർദേശത്തോട് പൊതുജന താൽപര്യം മുൻ നിർത്തി വേഗത്തിൽ പ്രതികരിച്ച സർക്കാർ നടപടി അഭിനന്ദനാർഹമാണെന്നും അൽ അബ്രി പറഞ്ഞു.
2013 ആഗസ്തിലാണ് കുടുംബവിസക്ക് ചുരുങ്ങിയത് അറുനൂറ് റിയാൽ ശമ്പളം വേണമെന്ന നിയമം നിലവിൽ വന്നത്. മന്ത്രിസഭാ കൗൺസിൽ രൂപം നൽകിയ പ്രത്യേക കമ്മിറ്റി പഠനം നടത്തിയ ശേഷമാണ് ഈ വേതന പരിധി നിശ്ചയിച്ചത്. ഇതിൽ നിയമത്തിൽ ഇളവുവരുത്തണമെന്ന് തുടർന്ന് വിവിധ സമയങ്ങളിലായി ആവശ്യമുയർന്നിരുന്നു. ശമ്പള പരിധി സംബന്ധിച്ച് പുനരവലോകനം നടത്തണമെന്ന് കഴിഞ്ഞ വർഷം അവസാനവും മജ്ലിസുശൂറ ആവശ്യപ്പെട്ടിരുന്നു. ശമ്പളപരിധി കുറച്ചാൽ കൂടുതൽ പേർ കുടുംബങ്ങളെ ഒമാനിലേക്ക് കൊണ്ടുവരുമെന്നും ഇതുവഴി രാജ്യത്തിന് അകത്ത് കൂടുതൽ തുക ചെലവഴിക്കപ്പെടുമെന്നുമായിരുന്നു ശൂറയുടെ നിരീക്ഷണം. എണ്ണ വിലയിടിവിനെ തുടർന്നുള്ള പ്രതിസന്ധിയിൽ ജോലി നഷ്ടപ്പെട്ടവർ മടങ്ങിയതിനെ തുടർന്നും മറ്റും നിരവധി ഫ്ലാറ്റുകളാണ് മസ്കത്തിലടക്കം ഒഴിഞ്ഞുകിടക്കുന്നത്. ആനുകൂല്ല്യങ്ങൾ ഇല്ലാതായതോടെ ചെലവുചുരുക്കലിന്റെ ഭാഗമായി നിരവധി പേർ കുടുംബങ്ങളെ നാട്ടിലേക്ക് അയച്ചിട്ടുമുണ്ട്. റിയൽ എസ്റ്റേറ്റ് മേഖലക്ക് ഒപ്പം റീട്ടെയിൽ,ഇൻഷൂറൻസ് തുടങ്ങി വിവിധ മേഖലകളിലെ ഉണർവിനും സർക്കാർ തീരുമാനം വഴിവെക്കുമെന്ന് ചൂണ്ടികാണിക്കപ്പെടുന്നു.
Adjust Story Font
16