ഇന്ത്യൻ തടവുകാരുടെ മോചനം ഉറപ്പായതോടെ പ്രവാസലോകത്തും ആഹ്ലാദം
ഇന്ത്യൻ തടവുകാരുടെ മോചനം ഉറപ്പായതോടെ പ്രവാസലോകത്തും ആഹ്ലാദം
ഉദാരമായ ഈ നടപടിയിൽ സാമൂഹിക പ്രവർത്തകരും ഷാർജ ഭരണാധികാരിക്ക് നന്ദി പറയുകയാണ്
ഷാർജ ഭരണാധികാരിയുടെ കേരള സന്ദർശന ഭാഗമായി നൂറുകണക്കിന് ഇന്ത്യൻ തടവുകാരുടെ മോചനം ഉറപ്പായതോടെ പ്രവാസലോകത്തും ആഹ്ലാദം. ഇവരുടെ കടബാധ്യതകൾ എഴുതി തള്ളുക മാത്രമല്ല, താൽപര്യമുള്ളവർക്ക് ഷാർജയിൽ തന്നെ തൊഴിൽ ചെയ്ത് ജീവിക്കാനുള്ള അവസരം കൂടിയാണ് ഷാർജ ഭരണാധികാരി നൽകിയിരിക്കുന്നത്. ഉദാരമായ ഈ നടപടിയിൽ സാമൂഹിക പ്രവർത്തകരും ഷാർജ ഭരണാധികാരിക്ക് നന്ദി പറയുകയാണ്.
നിനച്ചിരിക്കാതെയാണ് നൂറുകണക്കിന് ഇന്ത്യക്കാരുടെ ജയിൽമോചനം സാധ്യമായത്. ഇവരുടെ ഇരുപത് ദശലക്ഷം ദിർഹമിന്റെ കടബാധ്യത വേണ്ടെന്നു വയ്ക്കാനും ഷാർജ ഭരണകൂടം തീരുമാനിക്കുകയായിരുന്നു. വിവരം ഇന്ത്യയിലെ യുഎഇ എംബസി ട്വീറ്റ് സന്ദേശത്തിലൂടെയാണ് ലോകത്തെ അറിയിച്ചത്. അതോടെ തടവുകാരിലും അവരുടെ കുടുംബാംഗങ്ങളിലും ആഹ്ലാദം അലതല്ലി. ഷാർജ ഭരണാധികാരിയുടെ ഉദാരതയോട് ഇന്ത്യ മാത്രമല്ല, പ്രവാസികളും കൂടുതൽ കടപ്പെട്ടിരിക്കുകയാണ്.
മോചിതരായവരിൽ എത്ര മലയാളികളുണ്ടെന്ന കാര്യം വ്യക്തമല്ല. ഉത്തരേന്ത്യയിൽ നിന്നുള്ളവർക്കാണ് ഇത് കൂടുതൽ തുണയായതെന്നാണ് വിവരം. ചെക്ക് കേസ് ഉൾപ്പെടെ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ പെട്ട് നിരവധി മലയാളികൾ ഷാർജ ജയിലുകളിലുണ്ട്. അവരുടെ കാര്യത്തിൽ ഇളവ് ബാധകമല്ലെന്ന് ഷാർജ ഭരണാധികാരി വ്യക്തമാക്കിയിരുന്നു.
ഏതായാലും മലയാളികൾ ഉൾപ്പെടെ ഇന്ത്യൻസമൂഹത്തോടുള്ള ഷാർജ ഭരണാധികാരിയുടെ താൽപര്യം തന്നെയാണ് തടവുകാരുടെ ജയിൽ മോചനത്തിലും സംസ്ഥാന സർക്കാർ മുന്നോട്ടു വെച്ച ആവശ്യങ്ങളോടുള്ള അനുകൂല പ്രതികരണത്തിലും തെളിയുന്നത്.
Adjust Story Font
16