മസ്കത്ത് ഇന്ത്യൻ സ്കൂളിലെ കെജി രണ്ട് ക്ലാസിൽ ഫീസ് വർധിപ്പിച്ചു
മസ്കത്ത് ഇന്ത്യൻ സ്കൂളിലെ കെജി രണ്ട് ക്ലാസിൽ ഫീസ് വർധിപ്പിച്ചു
പ്രതിമാസ ഫീസിൽ ആറ് റിയാലിന്റെ വർധനവാണ് വരുത്തിയത്
മസ്കത്ത് ഇന്ത്യൻ സ്കൂളിലെ കെജി രണ്ട് ക്ലാസിൽ ഫീസ് വർധിപ്പിച്ചു. പ്രതിമാസ ഫീസിൽ ആറ് റിയാലിന്റെ വർധനവാണ് വരുത്തിയത്. മുന്നറിയിപ്പില്ലാതെയുള്ള ഫീസ് വർധനവ് നീതീകരിക്കാൻ കഴിയാത്തതാണെന്ന് ഒരു വിഭാഗം രക്ഷകർത്താക്കൾ ആരോപിച്ചു.
മൂന്ന് മാസത്തെ ട്യൂഷൻ ഫീസായി 118 റിയാൽ അഞ്ഞൂറ് ബൈസയാണ് ഈടാക്കിയത്. 18 റിയാലിന്റെ വർധനവാണ് ട്യൂഷൻ ഫീസിൽ ഉണ്ടായത്. കമ്പ്യൂട്ടർ ഫീസ് ആറ് റിയാലും ടേം ഫീസ് പത്ത് റിയാലുമടക്കം 145 റിയാൽ അഞ്ഞൂറ് ബൈസയാണ് അടക്കേണ്ടിവന്നതെന്ന് രക്ഷകർത്താവ് പറഞ്ഞു. ഒാപ്പൺ ഫോറത്തിൽ ചർച്ച ചെയ്യാതെയും കണക്കുകൾ ബോധ്യപ്പെടുത്താതെയുമുള്ള ഫീസ് വർധനവ് അംഗീകരിക്കാൻ കഴിയില്ലെന്ന് കാട്ടി എസ്.എം.സി പ്രസിഡൻറുമായി രക്ഷകർത്താക്കളുടെ പ്രതിനിധികൾ നിരവധി തവണ തവണ കൂടികാഴ്ച നടത്തിയിരുന്നു. എന്നാൽ ഇതിലൊന്നും ഫീസ് കൂട്ടിയതിന് ഇതുവരെ തൃപ്തികരമായ ന്യായീകരണം ലഭിച്ചിട്ടില്ല. ഒടുവിലത്തെ കൂടികാഴ്ചയിൽ അടുത്ത വൈകാതെ എസ്.എം.സി, ബി.ഒ.ഡി പ്രതിനിധികളെ ഉൾപ്പെടുത്തിയുള്ള സംയുക്ത യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും രക്ഷകർത്താവ് പറഞ്ഞു. വാട്ട്സ്ആപ്പ്, ഓൺലൈൻ കൂട്ടായ്മകളിലൂടെ ഫീസ് വർധനവിനെതിരായ പ്രചാരണം രക്ഷകർത്താക്കൾ ശക്തമാക്കിയിട്ടുണ്ട്.
2017-18 അധ്യയന വർഷം മസ്കത്ത് സ്കൂൾ വിദ്യാർഥികളിൽ നിന്ന് പത്ത് റിയാൽ വീതം അടിസ്ഥാന സൗകര്യ വികസന ഫീസായി ഈടാക്കാനുള്ള തീരുമാനത്തിനെതിരെയും പ്രതിഷേധം ഉയർന്നിരുന്നു. അഞ്ഞൂറോളം രക്ഷകർത്താക്കൾ ഒപ്പിട്ട നിവേദനം ഏപ്രിൽ അവസാനത്തോടെ എസ്.എം.സി പ്രസിഡന്റിന് സമർപ്പിച്ചിരുന്നു. എസ്.എം.സി യോഗത്തിന്റെ മിനിറ്റ്സ് വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യുമെന്ന ഉറപ്പ് പാലിക്കുക, സാമ്പത്തികമടക്കം സ്കൂൾ നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും സുതാര്യത പാലിക്കുക, കഴിഞ്ഞ അധ്യയന വർഷത്തെ ഫീസ് വർധനവ് അടക്കം വിഷയങ്ങൾ പഠിക്കാൻ നിയോഗിച്ച പേരന്റ് സബ് കമ്മിറ്റി റിപ്പോർട്ട് ചർച്ച ചെയ്യാൻ ഓപ്പൺ ഫോറം വിളിക്കുക, അടിസ്ഥാന സൗകര്യ വികസന ഫണ്ട് സ്കൂൾ ബോർഡ് വിനിയോഗിക്കാൻ പോകുന്ന പദ്ധതികളുടെ കൃത്യമായ എസ്റ്റിമേറ്റ് ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളും രക്ഷകർത്താക്കൾ ഈ നിവേദനത്തിൽ ഉന്നയിച്ചിരുന്നു.
Adjust Story Font
16