ഖത്തറിന് വിലക്ക് ഏർപ്പെടുത്തിയതിനെ ന്യായീകരിച്ച് സൗദിപക്ഷം
ഖത്തറിന് വിലക്ക് ഏർപ്പെടുത്തിയതിനെ ന്യായീകരിച്ച് സൗദിപക്ഷം
അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ സംഘടനക്കു മുമ്പാകെയാണ് ഈ രാജ്യങ്ങൾ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്
തങ്ങളുടെ വ്യോമാതിർത്തിയിൽ ഖത്തറിന്റെ വിമാന കമ്പനികൾക്ക് പ്രവേശാനുമതി നൽകേണ്ടതില്ലെന്ന തീരുമാനത്തെ ന്യായീകരിച്ച് സൗദി, യു.എ.ഇ, ബഹ്റൈൻ എന്നീ രാജ്യങ്ങൾ. അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ സംഘടനക്കു മുമ്പാകെയാണ് ഈ രാജ്യങ്ങൾ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.
ഖത്തർ വിമാന കമ്പനികൾക്ക് തങ്ങളുടെ വ്യോമാതിർത്തിയിൽ പ്രവേശം വിലക്കി സൗദി ഉൾപ്പെടെയുള്ള രാജ്യങ്ങൾ ജൂൺ അഞ്ചിനാണ് തീരുമാനം കൈക്കൊണ്ടത്. അന്താരാഷ്ട്ര ചട്ടങ്ങളുടെ ലംഘനമാണിതെന്ന് ചൂണ്ടിക്കാട്ടി ഖത്തർ എയർവേസ് ഇതിനെതിരെ അന്താരാഷ്ട്ര ഏജൻസിയെ സമീപിക്കുകയും ചെയ്തു. എന്നാൽ തീവ്രവാദത്തെ പിന്തുണക്കുന്ന ഏതൊരു രാജ്യത്തിനെതിരെയും സമാന നടപടി കൈക്കൊള്ളാൻ യു.എൻ അനുമതി നൽകുന്നുവെന്നാണ് സൗദി അനുകൂല രാജ്യങ്ങൾ ഏജൻസിക്കു മുമ്പാകെ നൽകിയ വിശദീകരണം. യു.എൻ പ്രമേയം 2309, 1373 എന്നിവയും ഇവർ തെളിവായി ഉദ്ധരിച്ചു. 1994ലെ ചിക്കാഗോ കൺവെൻഷനും അന്താരാഷ്ട്ര വിമാന ഗതാഗതം നിയന്ത്രിക്കുന്നതിനെ പിന്തുണക്കുന്നതായി ഇവർ വ്യക്തമാക്കുന്നു. സൗദി,യു.എ.ഇ, ബഹ്റൈന്‍, ഈജിപ്ത് എന്നിവിടങ്ങളിലെ വ്യോമഗതാഗത പ്രതിനിധികളാണ് അന്താരാഷ്ട്ര ഏവിയേഷൻ സംഘടനാ സാരഥികളെ കണ്ട് ചർച്ച നടത്തിയത്. മറ്റൊരു രാജ്യത്തെ വിമാനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്നും ഈ രാജ്യങ്ങൾ കൂട്ടിച്ചേർത്തു.
എന്നാൽ നിലവിലെ സാഹചര്യത്തെ കുറിച്ച് തെറ്റായ രാഷ്ട്രീയ സന്ദേശമാണ് അയൽ രാജ്യങ്ങൾ നൽകുന്നതെന്നാണ് ഖത്തർ ഉന്നയിച്ച പരാതി. ഒരു രാജ്യത്തെ വിമാന കമ്പനികൾക്കെതിരെയും തങ്ങൾ നടപടി സ്വീകരിച്ചിട്ടില്ലെന്നും ഖത്തർ വ്യക്തമാക്കി. തങ്ങളുടെ വ്യോമാതിർത്തിയിൽ നിയന്ത്രണം ഏർപ്പെടുത്താനുള്ള പരമാധികാരം തങ്ങൾക്കു തന്നെയാണെന്നും സൗദി അനുകൂല രാജ്യങ്ങൾ ബന്ധപ്പെട്ടവരെ അറിയിച്ചു.
Adjust Story Font
16