Quantcast

കുവൈത്തിൽ അനധികൃത താമസക്കാർക്ക്‌ രാജ്യം വിടാൻ അനുവദിച്ച സമയം തിങ്കളാഴ്ച ആരംഭിക്കും

MediaOne Logo

Jaisy

  • Published:

    29 May 2018 11:17 AM GMT

കുവൈത്തിൽ അനധികൃത താമസക്കാർക്ക്‌  രാജ്യം വിടാൻ അനുവദിച്ച സമയം തിങ്കളാഴ്ച ആരംഭിക്കും
X

കുവൈത്തിൽ അനധികൃത താമസക്കാർക്ക്‌ രാജ്യം വിടാൻ അനുവദിച്ച സമയം തിങ്കളാഴ്ച ആരംഭിക്കും

അനധികൃതമായി രാജ്യത്തു കഴിയുന്ന മുഴുവൻ വിദേശികളും ഇളവ് കാലം പ്രയോജനപ്പെടുത്തണമെന്ന് ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു

കുവൈത്തിൽ താമസരേഖകൾ ഇല്ലാത്തവർക്ക്‌ പിഴയോ ശിക്ഷാനടപടികളോ കൂടാതെ രാജ്യം വിടാൻ ആഭ്യന്തരമന്ത്രാലയം അനുവദിച്ച സമയം തിങ്കളാഴ്ച ആരംഭിക്കും. അനധികൃതമായി രാജ്യത്തു കഴിയുന്ന മുഴുവൻ വിദേശികളും ഇളവ് കാലം പ്രയോജനപ്പെടുത്തണമെന്ന് ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു. രാജ്യം വിടാൻ സന്നദ്ധരായി എത്തുന്നവർക്ക് എല്ലാ വിധ സഹായങ്ങളും നൽകണമെന്ന് വിവിധ വകുപ്പുകൾക്ക് ആഭ്യന്തരമന്ത്രാലയം നിർദേശം നൽകി .

പൊതുമാപ്പ് പ്രയോജനപ്പെടുത്താനായി എത്തുന്നവർക്ക് നടപടികൾ എളുപ്പത്തിൽ പൂർത്തീകരിച്ചു നൽകണമെന്നു ഇഖാമ വകുപ്പ് ഓഫീസുകൾക്കും അധികൃതർ നിർദേശം നൽകി . അവധിയിലുള്ള ജീവനക്കാരോട് ജോലിക്കു ഹാജരാകാനും നിർദേശമുണ്ട്. റെസിഡൻസി അഫയേഴ്‌സിന്റെ സർക്കുലർ പ്രകാരം ഇഖാമ കാലാവധി കഴിഞ്ഞത് മൂലം നിയമലംഘകരായ മാറിയവർ താമസകാര്യ മന്ത്രാലയത്തെയാണ് സമീപിക്കേണ്ടത് . ഇത്തരക്കാരുടെ വിവരങ്ങൾ ക്രിമിനൽ എവിഡൻസ് ഡിപ്പാർട്ടുമെന്റിലേക്കയച്ചു കേസുകളിൽ ഉൾപ്പെട്ടിട്ടില്ല എന്ന് ഉറപ്പു വരുത്തിയ ശേഷം താമസകാര്യ വകുപ്പ് ഒരുമാസത്തെ താത്കാലിക ഇഖാമ അനുവദിക്കും ഇതിനു ശേഷം പുതിയ സ്‌പോൺസറുടെ കീഴിലേക്ക് മാറുകയോ പിഴകൂടാതെ നാട്ടിലേക്ക് പോകുകയോ ചെയ്യാം. ഒളിച്ചോട്ട പരാതികളിൽ ഉൾപ്പെട്ടവരും ഇഖാമ കാലാവധി കഴിയാത്തവരും ആണെങ്കിൽ പാസ്സ്‌പോർട്ട് കൈവശമുണ്ടെങ്കിൽ വിമാനത്താവളം കര അതിർത്തികൾ എന്നിവയിലൂടെ നേരിട്ട് നാട്ടിലേക്ക് പോകാം. അതെ സമയം താത്കാലിക പാസ്സ്‌പോർട്ട്, എമർജൻസി സർട്ടിഫിക്കറ്റ് എന്നിവ ആണ് കൈവശമുള്ളതെങ്കിൽ താമസകാര്യ വകുപ്പിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിലെത്തി പാസ്സ്‌പോർട്ട് നഷ്ടപ്പെട്ടതായി സത്യവാഗ്മൂലം നൽകണം . ഇതിനായി പ്രത്യേക ഫോറം പൂരിപ്പിച്ചു നൽകണം . ഇൻവെസ്റിഗേഷൻ വകുപ്പ് അപേക്ഷ പരിശോധിച്ച ശേഷം അപേക്ഷകന്റെ ഏകീകൃത നമ്പർ അഥവാ റക്കം മുവഹദ് പുതിയ യാത്രാരേഖയിൽ രേഖപ്പെടുത്തും.

വിമാനത്താവളത്തിലെയോ അതിർത്തി കവാടങ്ങളിലെയോ എമിഗ്രഷൻ ഉദ്യോഗസ്ഥർക്ക് ആളെ തിരിച്ചറിയാനും യാത്രനടപടിക്രമങ്ങൾ എളുപ്പമാക്കാനും വേണ്ടിയാണ് ഏകീകൃത നമ്പർ രേഖപ്പെടുത്തുന്നത്. അപേക്ഷകരുടെ വിവരങ്ങൾ മന്ത്രാലയത്തിന്റെ ഡാറ്റാബേസിൽ ലഭ്യമല്ലെങ്കിൽ പുതിയ ഫയൽ ഉണ്ടാക്കി വിവരങ്ങൾ താത്കാലികമായി ഡാറ്റാബേസിൽ രേഖപ്പെടുത്തണമെന്നും മന്ത്രാലയത്തിന്റെ ഡാറ്റാബേസിലെ വിവരങ്ങളും അപേക്ഷകന്റെ പുതിയ പാസ്പോർട്ട് വിവരങ്ങളും തമ്മിൽ പൊരുത്തക്കേടുകൾ ഉണ്ടെങ്കിൽ പാസ്സ്പോർട്ടിനനുസരിച്ചു ഡാറ്റാബേസിലെ വിവരങ്ങൾ പുതുക്കണമെന്നും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. താമസകാര്യവുമായി ബന്ധപ്പെട്ടതല്ലാത്ത ഏതെങ്കിലും കേസുകളിൽ ഉൾപ്പെട്ട ആളാണ് അപേക്ഷയുമായി എത്തുന്നതെങ്കിൽ അറസ്റ്റ് ചെയ്തു ബന്ധപ്പെട്ട ഡിപ്പാർട്ട്മെന്റിന് കൈമാറണമെന്നും താമസകാര്യ വകുപ്പ് മേധാവി ഒപ്പിട്ട സർക്കുലറിൽ നിർദേശമുണ്ട്

TAGS :

Next Story