Quantcast

തെരഞ്ഞെടുപ്പ് ചര്‍ച്ചകളാല്‍ പ്രവാസലോകവും സജീവം

MediaOne Logo

admin

  • Published:

    31 May 2018 6:19 PM GMT

തെരഞ്ഞെടുപ്പ് ചര്‍ച്ചകളാല്‍ പ്രവാസലോകവും സജീവം
X

തെരഞ്ഞെടുപ്പ് ചര്‍ച്ചകളാല്‍ പ്രവാസലോകവും സജീവം

നാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളും ചര്‍ച്ചകളും ആവേശത്തോടെ നടക്കുമ്പോള്‍ അതേ വീറും വാശിയും നിലനിറുത്തി തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍കൊണ്ട് സജീവമാകുകയാണ് പ്രവാസ ലോകവും.

നാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളും ചര്‍ച്ചകളും ആവേശത്തോടെ നടക്കുമ്പോള്‍ അതേ വീറും വാശിയും നിലനിറുത്തി തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍കൊണ്ട് സജീവമാകുകയാണ് പ്രവാസ ലോകവും. കേരളത്തിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെ പോഷക സംഘടനാ നേതാക്കളെ അണിനിരത്തി ജിദ്ദയില്‍ നവോദയ സംഘടിപ്പിച്ച "പോരാട്ടം" സംവാദം ചൂടേറിയ വാഗ്വാദങ്ങള്‍ക്ക് വേദിയായി.

പ്രവാസ ലോകത്താണെങ്കിലും തങ്ങളുടെ രാഷ്ട്രീയ വീറും വാശിയും ഒട്ടും ചോര്‍ന്നു പോയിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു ജിദ്ദയില്‍ നവോദയ സംഘടിപ്പിച്ച "പോരാട്ടം" സംവാദത്തില്‍ പങ്കെടുത്ത വിവിധ രാഷ്ട്രീയ പാര്‍ട്ടിപ്രതിനിധികളുടെ പ്രകടനം. കേരളത്തിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെ ജിദ്ദയിലെ പോഷക സംഘടനകളായ നവോദയ, ഓ.ഐ.സി.സി, ന്യൂ ഏജ്, കെ.എം.സി.സി, പ്രവാസി സാംസ്കാരിക വേദി, ഐ.എം.സി.സി പ്രതിനിധികളായ വി.കെ റവൂഫ്, കെ.ടി.എ. മുനീർ, പി.പി. റഹീം, അബൂബക്കർ അരിമ്പ്ര, ഇസ്മയിൽ കല്ലായി, ഗഫൂർ എന്നിവരും ഗൾഫ് മാധ്യമം ജിദ്ദ ബ്യൂറോ ചീഫ് പി. ഷംസുദ്ദീനും സംവാദത്തിൽ പങ്കെടുത്തു.

അഞ്ചു വർഷത്തെ യുഡിഎഫ് ഭരണം അഴിമതിയിൽ റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണെന്നും വർഗീയ ഫാഷിസത്തെ തടുക്കാൻ മതനിരപേക്ഷ ചേരി ശക്തമാകേണ്ടത് അനിവാര്യമാണെന്നും ഇടതുപക്ഷാനുകൂല സംഘടനകൾ ചൂണ്ടിക്കാട്ടി. സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ സമാനതകളില്ലാത്തവയാണെന്നും അവയുടെ തുടർച്ചക്കായി നിയുക്ത സർക്കാർ വീണ്ടും അധികാരത്തിൽ വരേണ്ടത് അനിവാര്യമാണെന്നും യുഡിഎഫ് അനുകൂല സംഘടനകൾ തിരിച്ചടിച്ചു. ഇരു മുന്നണികളിലും വിശ്വാസം നഷ്ടപ്പെട്ട കേരള ജനത പുതിയ പരീക്ഷണങ്ങളെ നെഞ്ചേറ്റുമെന്ന് പ്രവാസി സാംസ്കാരിക വേദി പ്രതിനിധി അവകാശപ്പെട്ടു.

സംവാദം ചൂടു പിടിച്ച പല ഘട്ടങ്ങളിലും സദസ്സിൽ നിന്നും ചില അസ്വാരസ്യങ്ങൾ ഉണ്ടായെങ്കിലും നേതാക്കൾ ഇടപെട്ടു അണികളെ അടക്കിയിരുത്തുകയായിരുന്നു. മാധ്യമ പ്രവർത്തകൻ മുസാഫിർ സംവാദം ഉദ്ഘാടനം ചെയ്തു. നവോദയ പ്രസിഡന്റ് ഷിബു തിരുവനന്തപുരം മോഡറേറ്ററായിരുന്നു.

TAGS :

Next Story