പ്രവാസി ക്ഷേമപദ്ധതികളെ കുറിച്ച് പ്രവാസികളിൽ കൂടുതൽ ബോധവത്കരണം വേണമെന്ന് എകെ ബാലന്‍
പ്രവാസി ക്ഷേമപദ്ധതികളെ കുറിച്ച് പ്രവാസികളിൽ കൂടുതൽ ബോധവത്കരണം വേണമെന്ന് എകെ ബാലന്‍
അബൂദബി ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്ററിൽ പ്രവാസികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം
പ്രവാസി ക്ഷേമപദ്ധതികളെ കുറിച്ച് പ്രവാസികളിൽ കൂടുതൽ ബോധവത്കരണം വേണമെന്ന് കേരള പട്ടികജാതി- വർഗ, പിന്നാക്കക്ഷേമ, സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലൻ. അബൂദബി ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്ററിൽ പ്രവാസികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
നോർക്കയുടെ ചുവടെയുളള ക്ഷേമപദ്ധതികളെ കുറിച്ച് പലർക്കും അറിയില്ലെന്ന സ്ഥിതി മാറണമെന്ന് മന്ത്രി പറഞ്ഞു. പ്രവാസം പൂർത്തിയാക്കി തൊഴിൽസംരംഭകർക്ക് പരമാവധി 20 ലക്ഷം രൂപ വരെ വായ്പ കൊടുക്കുന്നതുൾപ്പെടെയുള്ള പദ്ധതികൾ നിലവിലുണ്ട്. പതിനയ്യായിരത്തിലേറെ അപേക്ഷകളിൽ 1800ഒാളം പേർ ഇതിനകം സംരംഭങ്ങൾ തുടങ്ങിയതായും മന്ത്രി വ്യക്തമാക്കി.
സർക്കാർ വക പദ്ധതികൾ പ്രവാസികളിലേക്ക് എത്തുന്നില്ലെന്നും പ്രവാസികളുടെ പ്രശ്നങ്ങൾ കൃത്യമായി സർക്കാരിന് ശ്രദ്ധിക്കാൻ സാധിക്കുന്നില്ലെന്നും കെ.ബി. ഗണേഷ് കുമാർ എം.എൽ.എ പറഞ്ഞു. പ്രവാസികൾ ഉൾപ്പെടെയുള്ളവരുടെ മക്കൾക്ക് പ്രവേശനം ലഭിക്കാതെ വരുന്നത് സി.ബി.എസ്.ഇ അൺ എയ്ഡഡ് സ്കൂളുകളിലാണെന്ന് എ. പ്രദീപ് കുമാർ എം.എൽ.എ പറഞ്ഞു.
പ്രവാസികളും നാട്ടിലുള്ളവരും ചേർന്ന് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ഉണ്ടാക്കിയാൽ ഇവിടേക്ക് വേണ്ട ഉൽപന്നങ്ങൾ ഉൽപാദിപ്പിക്കാൻ സാധിക്കുമെന്ന് കെ. കൃഷ്ണൻകുട്ടി എം.എൽ.എ അഭിപ്രായപ്പെട്ടു. എം.എൽ.എമാരായ വീണ ജോർജ്, ചിറ്റയം ഗോപകുമാർ, സണ്ണി ജോസഫ്, വി.പി. സജീന്ദ്രൻ, അഡ്വ. എം. ഉമ്മർ എന്നിവരും സംസാരിച്ചു. ഐ.എസ്.സി സാമൂഹിക ക്ഷേമ വിഭാഗം ജനറൽ സെക്രട്ടറി ജയചന്ദ്രൻ നായർ ചർച്ച നിയന്ത്രിച്ചു.
Adjust Story Font
16