ജനുവരി ഒന്ന് മുതൽ യു.എ.ഇയിൽ ജല,വൈദ്യുതി ബില്ലിന് വാറ്റ് ഈടാക്കും
ജനുവരി ഒന്ന് മുതൽ യു.എ.ഇയിൽ ജല,വൈദ്യുതി ബില്ലിന് വാറ്റ് ഈടാക്കും
ഫെഡറൽ നികുതി അതോറിറ്റിയുടെ വെബ്സൈറ്റിൽ വൈദ്യുതിയും ജലവും വിതരണം ചെയ്യപ്പെടുന്ന ഉൽപന്നമായാണ് രേഖപ്പെടുത്തിയിരിക്കുന്നത്
ജനുവരി ഒന്ന് മുതൽ യു.എ.ഇയിൽ ജല,വൈദ്യുതി ബില്ലിന് അഞ്ച് ശതമാനം മൂല്യവർധിതനികുതി ഈടാക്കും. ഫെഡറൽ നികുതി അതോറിറ്റിയുടെ വെബ്സൈറ്റിൽ വൈദ്യുതിയും ജലവും വിതരണം ചെയ്യപ്പെടുന്ന ഉൽപന്നമായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതിനാൽ രണ്ടിന്റെയും ഉപയോഗത്തിന് അഞ്ച് ശതമാനം വീതം വാറ്റ് അടക്കേണ്ടി വരും.
വാറ്റ് പ്രാബല്യത്തിലാകാൻ 35ഒാളം ബിസിനസ് ദിനങ്ങൾ മാത്രം ബാക്കിയിരിക്കെ ഫെഡറൽ ടാക്സ് അതോറിറ്റി അന്തിമ വിശദാംശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച പ്രസന്റേഷൻ കഴിഞ്ഞ ദിവസം എഫ്.ടി.എ ദുബൈയിൽ അവതരിപ്പിക്കുകയും ചെയ്തു. ഏതൊക്കെ ഉൽപന്നങ്ങളും സേവനങ്ങളും നികുതിയുടെ പരിധിയിൽ വരുമെന്നും ഏതിനൊക്കെ നികുതി ഇളവ് ലഭിക്കുമെന്നുമുള്ള പൂർണ വിവരമാണ് അതോറിറ്റി ലഭ്യമാക്കിയത്.
പെട്രോൾ, ഡീസൽ, കാറുകൾ, വസ്ത്രങ്ങൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ തുടങ്ങിയവ വാറ്റിന്റെ പരിധിയിൽ വരും. ഓൺലൈൻ വിൽപന നടത്തുന്നവരും വിൽപന വസ്തുക്കൾക്ക് വാറ്റ് ബാധകമാകുന്നുണ്ടെന്ന് ഉറപ്പാക്കണം.
സർക്കാർ പാഠ്യക്രമത്തിൽ പഠിക്കുന്ന വിദ്യാർഥികൾക്കുള്ള ട്യൂഷൻ ഫീസിന് പൂജ്യം ശതമാനമാണ് വാറ്റ്. അതേസമയം സ്കൂൾ യൂണിഫോമുകൾക്ക് വാറ്റ് ബാധകമാണ്. വാറ്റ് പ്രാബല്യത്തിലാകുന്നതോടെ ജീവിതച്ചെലവ് 2.5 ശതമാനം വർധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.
2017 മാർച്ച് മധ്യത്തിലാണ് യു.എ.ഇയിൽ അഞ്ച് ശതമാനം മൂല്യവർധിത നികുതി (വാറ്റ്) ഏർപ്പെടുത്തി ഫെഡറൽ നാഷനൽ കൗൺസിൽ കരട് നിയമം പുറപ്പെടുവിച്ചത്. വാറ്റ് ബാധകമായ ഉൽപന്നങ്ങളോ സേവനങ്ങളോ ലഭ്യമാക്കുന്ന 3.7 ലക്ഷം ദിർഹവും അതിന് മുകളിലും വാർഷിക വരുമാനമുള്ള എല്ലാ സ്വകാര്യ കമ്പനികളും നികുതി അടക്കേണ്ടിവരും.
Adjust Story Font
16