അല്‍ഹറമൈന്‍ അതിവേഗ റെയില്‍വെ പദ്ധതിയിൽ ട്രെയിൻ പരീക്ഷണ ഓട്ടം ആരംഭിച്ചു
അല്‍ഹറമൈന്‍ അതിവേഗ റെയില്‍വെ പദ്ധതിയിൽ ട്രെയിൻ പരീക്ഷണ ഓട്ടം ആരംഭിച്ചു
പദ്ധതി സെപ്റ്റംബറിൽ ഭാഗികമായി പ്രവർത്തനസജ്ജമാവുമെന്ന് അധികൃതർ അറിയിച്ചു
സൗദിയിൽ ആരംഭിച്ച അല്‍ഹറമൈന്‍ അതിവേഗ റെയില്‍വെ പദ്ധതിയിൽ ട്രെയിൻ പരീക്ഷണ ഓട്ടം ആരംഭിച്ചു. പദ്ധതി സെപ്റ്റംബറിൽ ഭാഗികമായി പ്രവർത്തനസജ്ജമാവുമെന്ന് അധികൃതർ അറിയിച്ചു. നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള അൽഹറമൈൻ റെയിൽവേ പദ്ധതി നിലവിൽ വരുന്നതോടെ ജിദ്ദ-മക്ക-മദീന തീർഥാടകർക്ക് യാത്ര സുഗമമാവും.
ഹജ്ജ്-ഉംറ തീർഥാടകരെ ലക്ഷ്യം വെച്ച് ആരംഭിച്ച അല്‍ഹറമൈന്‍ റെയില്‍വെ പദ്ധതിയിൽ അടുത്ത സെപ്റ്റംബറോടെ ട്രെയിനുകൾ ഓടിത്തുടങ്ങുമെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. ഇതോടനുബന്ധിച്ചുള്ള പരീക്ഷണ ഓട്ടവും റെയിലുകളുടെ അറ്റകുറ്റപ്പണികളും ദ്രുതഗതിയിൽ നടന്നുകൊണ്ടിരിക്കുകയാണ്. ആഴ്ചയിൽ നാല് സർവീസുകൾ വീതമായിരിക്കും ആദ്യഘട്ടത്തിൽ ഉണ്ടാവുക. പദ്ധതി പൂർണമായും നിലവിൽ വരാൻ വീണ്ടും ഒരു വർഷം കൂടി കാത്തിരിക്കേണ്ടി വരും. വിശുദ്ധ നഗരികളായ മക്ക, മദീന, വ്യാവസായിക നഗരമായ ജിദ്ദ, റാബഖ് എന്നീ നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ളതാണ് അല്‍ഹറമൈന്‍ റെയില്‍വെ പദ്ധതി. ജിദ്ദയിൽ രണ്ടു വീതം സ്റ്റേഷനുകൾ ഉണ്ടാവും. പ്രധാന സ്റ്റേഷൻ സുലൈമാനിയയിൽ പണി പൂർത്തിയായി വരുന്നു. പുതുതായി നിലവിൽ വരുന്ന വിമാനത്താവളത്തിനടുത്താണ് ജിദ്ദയിലെ രണ്ടാമത്തെ സ്റ്റേഷൻ. ഹറമിൽ നിന്നും 4 കിലോമീറ്റർ അകലെ അൽ റസീഫ ഡിസ്ട്രിക്റ്റിലാണ് മക്കയിലെ സ്റ്റേഷൻ. ഹറമൈൻ റെയിൽവേ വഴി മണിക്കൂറിൽ 300 കിലോമീറ്റർ വേഗതയിലായിരിക്കും ട്രെയിനുകൾ ഓടുക. ഇത് പ്രകാരം മക്ക-മദീന റൂട്ടിൽ വെറും 2 മണിക്കൂർ ആയും ജിദ്ദ-മക്ക റൂട്ടിൽ കേവലം അര മണിക്കൂർ ആയും യാത്രാ സമയം കുറയും. പദ്ധതി പൂർത്തിയാകുന്നതോടെ സാധാരണ യാത്രക്കാർക്കായി 35 ട്രെയിനുകളും പ്രായം കൂടിയവർക്ക് മാത്രം പ്രത്യേകമായി ഒരു ട്രെയിനും സർവീസിനുണ്ടാവും. റെയിൽവേ വഴി യാത്ര ചെയ്യുന്നവരിൽ നിന്നും കുറഞ്ഞ നിരക്കായിരിക്കും ഈടാക്കുക എന്ന് അധികൃതർ നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.
Adjust Story Font
16