Quantcast

വിശുദ്ധ റമദാനിലെ ആദ്യ ജുമുഅ നമസ്കാരത്തിന് മക്കയിലെത്തിയത് ലക്ഷങ്ങള്‍

MediaOne Logo

admin

  • Published:

    4 Jun 2018 12:12 PM GMT

വിശുദ്ധ റമദാനിലെ ആദ്യ ജുമുഅ നമസ്കാരത്തിന് മക്കയിലെത്തിയത് ലക്ഷങ്ങള്‍
X

വിശുദ്ധ റമദാനിലെ ആദ്യ ജുമുഅ നമസ്കാരത്തിന് മക്കയിലെത്തിയത് ലക്ഷങ്ങള്‍

മക്ക ഹറമിലെ ജുമുഅ ഖുത്തുബക്കും നമസ്കാരത്തിനും ഇമാം ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ് നേതൃത്വം നല്‍കി. ഊഹാപോഹങ്ങള്‍ക്കും പിഴച്ച ചിന്താഗതികള്‍ക്കും പിന്നാലെ പോവുന്നത് മുസ്ലിം സമൂഹം കരുതിയിരിക്കണമെന്ന് ശൈഖ് സുദൈസ് ആവശ്യപ്പെട്ടു. 

വിശുദ്ധ റമദാനിലെ ആദ്യ ജുമുഅ നമസ്കാരത്തിന് മക്കയിലെ മസ്ജിദുൽ ഹറാമിലും മദീനയിലെ മസ്ജിദുന്നബവിയിലും പങ്കെടുത്തത് ലക്ഷങ്ങള്‍. മക്ക ഹറമിലെ ജുമുഅ ഖുത്തുബക്കും നമസ്കാരത്തിനും ഇമാം ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ് നേതൃത്വം നല്‍കി. ഊഹാപോഹങ്ങള്‍ക്കും പിഴച്ച ചിന്താഗതികള്‍ക്കും പിന്നാലെ പോവുന്നത് മുസ്ലിം സമൂഹം കരുതിയിരിക്കണമെന്ന് ശൈഖ് സുദൈസ് ആവശ്യപ്പെട്ടു.

റമസാനിലെ ആദ്യ ജുമുഅക്ക് സാക്ഷികളാകാന്‍ കനത്ത വെയിലിനെ അവഗണിച്ചും സ്വദേശികളും വിദേശികളുമായി ഏകദേശം പത്ത് ലക്ഷത്തോളം പേരാണ് മക്ക ഹറമിലേക്ക് ഒഴുകിയെത്തിയത്. തിരക്ക് ഭയന്ന് രാവിലെ മുതല്‍ തന്നെ ഹറമിലേക്കുള്ള പ്രവാഹം തുടങ്ങിയിരുന്നു. വേനലവധിക്കായി സ്ക്കൂളുകള്‍ അടച്ചതിനാല്‍ രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി സ്വദേശികള്‍ കുടുംബ സമേതവും അല്ലാതെയും മക്കയിലത്തെിയിരുന്നു.

വിവിധ ഭാഗങ്ങളില്‍ നിന്നത്തെിയ മലയാളികളടക്കമുള്ള ഉംറ ടൂര്‍ സംഘങ്ങളും റമദാനിലെ ആദ്യ ജുമുഅയില്‍ പങ്കെടുത്തു. ആഭ്യന്തര വിദേശ തീര്‍ഥാടകരും മക്കാ വാസികളും ജിദ്ദ, ത്വാഇഫ്, യാമ്പൂ, ഖുന്‍ഫുദ തുടങ്ങിയ പരിസരപ്രദേശങ്ങളില്‍ നിന്നെത്തിയവരും ജുമുഅക്ക് അണിനിരന്നപ്പോള്‍ ഹറമും മുറ്റങ്ങളും നിറഞ്ഞുകവിഞ്ഞു. നമസ്കാര നിരകള്‍ പരിസരത്തെ റോഡുകളിലേക്ക് വരെ നീണ്ടു.

ആത്മസംസ്കരണമാണ് റമാനിന്‍െറ ഉദാത്തമായ ലക്ഷ്യമെന്നും റമദാന്‍റെ ലക്ഷ്യവും തേട്ടവും മനസ്സിലാക്കികൊണ്ടുള്ളതാകണം വ്രതമെന്നും അല്ലാത്ത വ്രതം കേവലം ഭക്ഷണപാനീയങ്ങള്‍ വെടിയല്‍ മാത്രമാകുമെന്നും ജുമുഅ ഖുത്തുബയിൽ ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ് വിശ്വാസികളെ ഉദ്ബോധിപ്പിച്ചു. ഇസ്ലാമിനും പ്രവാചകനും ഖുര്‍ആനുമൊക്കെയുള്ള തെറ്റായ പ്രചരണങ്ങള്‍ക്കെതിരെ നിലകൊള്ളേണ്ടവരും ഇസ്ലാമിക മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കേണ്ടവരുമാകണം മുസ്ലിം എഴുത്തുകാരും മാധ്യമ പ്രവര്‍ത്തകരുമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജുമുഅക്കുണ്ടാക്കുന്ന തിരക്ക് മുന്‍കൂട്ടി കണ്ട് ഇരുഹറം കാര്യാലയവും മറ്റ് വകുപ്പുകളും ആവശ്യമായ ഒരുക്കങ്ങള്‍ നേരത്തെ തന്നെ പൂര്‍ത്തിയാക്കിയിരുന്നു. വികസന നിര്‍മാണ ജോലികള്‍ പൂര്‍ത്തിയായ ഭാഗങ്ങള്‍ തീര്‍ഥാടകര്‍ക്ക് തുറന്നുകൊടുത്തിരുന്നു. അടുത്തിടെ താത്കാലിക മത്വാഫ് നീക്കം ചെയ്തതും മത്വാഫില്‍ കൂടുതലാളുകള്‍ക്ക് സൗകര്യമായി. മത്വാഫ് വികസനത്തിന് കീഴിലെ നാല് നിലകളിലും പണി തീര്‍ന്ന ഭാഗങ്ങളില്‍ നമസ്കാരത്തിന് സൗകര്യമൊരുക്കിയിരുന്നു.

മദീനയിലെ മസ്ജിദുന്നബവിയില്‍ സ്വദേശികളും സന്ദര്‍ശകരുമടക്കം അഞ്ച് ലക്ഷത്തിലധികമാളുകള്‍ റമദാന്‍ ആദ്യ ജുമുഅയില്‍ പങ്കെടുത്തു. ജുമുഅ ഖുതുബക്കും നമസ്കാരത്തിനും ശൈഖ് സ്വലാഹ് അല്‍ബദീര്‍ നേതൃത്വം നല്‍കി. വിശ്വാസികള്‍ക്ക് അല്ലാഹുവിലേക്ക് അടുക്കാന്‍ ലഭിച്ച മഹത്തായ സുവര്‍ണാവസരമാണ് റമദാനെന്നും അലസതയിലും വിനോദങ്ങളിലും മുഴുകി അതിനെ പാഴാക്കരുതെന്നും അദ്ദേഹം മുസ്ലിം സമൂഹത്തോട് ആവശ്യപ്പെട്ടു.

TAGS :

Next Story