Quantcast

നഅ്മയും യുഎന്‍ഡിപിയും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടു

MediaOne Logo

admin

  • Published:

    5 Jun 2018 3:24 PM GMT

അറബ് രാജ്യങ്ങളിലെ വിവിധ മേഖലകളില്‍ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ ഒന്നിച്ചു പ്രവര്‍ത്തിക്കാനാണ് ധാരണ

വനിതാ ശാക്തീകരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഷാര്‍ജയിലെ നഅ്മ എന്ന സ്ഥാപനവും ഐക്യരാഷ്ട്രസഭക്ക് കീഴിലെ യുഎന്‍ഡിപിയും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടു. അറബ് രാജ്യങ്ങളിലെ വിവിധ മേഖലകളില്‍ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ നഅ്മയും യുഎന്‍ഡിപിയും ഒന്നിച്ച് പ്രവര്‍ത്തിക്കാനാണ് ധാരണ.

ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ഖാസിമിയുടെ ഭാര്യ ശൈഖ ജവാഹര്‍ ബിന്‍ത് മുഹമ്മദ് ആല്‍ഖാസിമി നേതൃത്വം നല്‍കുന്ന വനിതാ ശാക്തീകരണ സ്ഥാപനമാണ് നഅ്മ. കുടുംബത്തിലെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതിന് ഒപ്പം തന്നെ സാമ്പത്തിക രംഗത്തും തൊഴില്‍രംഗത്തും വനിതകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കാനാണ് നഅ്മയും യു എന്‍ഡിപിയും കൈകോര്‍ക്കുന്നത്. നഅ്മ ഉപമേധാവി അമീറ ബിന്‍ത് കറം യുഎന്‍ഡിപിയുടെ യുഎഇയിലെ പ്രതിനിധി ഫ്രോഡ് മൂറിങ് എന്നിവരാണ് ധാരണാപത്രത്തില്‍ ഒപ്പിട്ടത്.

മിഡിലീസ്റ്റ് രാജ്യങ്ങളിലെ വിവിധ മേഖലകളില്‍ സ്ത്രീ ശാക്തീകരണം സംബന്ധിച്ച നയം രൂപവത്കരിക്കാനും ഈ സ്ഥാപനങ്ങള്‍ പരസ്പരം കൈകോര്‍ത്ത് പ്രവ‍ര്‍ത്തിക്കും. സാമ്പത്തിക, സാമൂഹിക, തൊഴില്‍ മേഖലകളില്‍ കൂടുതല്‍ വനിതകളെ എത്തിക്കുന്നതിലൂടെ സമൂഹത്തിന്റെ മുഴുവന്‍ മേഖലകളിലും വനിതകളുടെ പങ്ക് നിര്‍ണായകമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് നഅ്മ മേധാവി ശൈഖ ജവാഹര്‍ പറഞ്ഞു. ഗള്‍ഫ് മേഖലയിലെ വനിതകള്‍ക്കിടയില്‍ ഐക്യരാഷ്ടയുടെ വികസനപദ്ധതികള്‍ക്ക് കൂടുതല്‍ ക്രിയാക്തമകമായി പ്രവര്‍ത്തിക്കാന്‍ ധാരണ വഴിയൊരുക്കുമെന്ന് യുഎന്‍ഡിപി പ്രതിനിധി ചൂണ്ടിക്കാട്ടി. യുഎന്‍ഡിപി അഡ്മിനിസ്ട്രേറ്റര്‍ ഹെലന്‍ ക്ലാര്‍ക്കും ചടങ്ങില്‍ പങ്കെടുത്തു.

TAGS :

Next Story