കുവൈത്തില്‍ നഴ്‌സുമാരെ പ്രാദേശികമായി റിക്രൂട്ട് ചെയ്യുന്നത് നിർത്തി വെച്ചു
കുവൈത്തില്‍ നഴ്‌സുമാരെ പ്രാദേശികമായി റിക്രൂട്ട് ചെയ്യുന്നത് നിർത്തി വെച്ചു
വിദേശരാജ്യങ്ങളിൽ ഇന്റർവ്യൂ നടത്തിയ ശേഷം തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികളെ മാത്രമാകും സർക്കാർ ആശുപത്രികളിലും ക്ലിനിക്കുകളിലും നിയമിക്കുക
കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലേക്കു പ്രാദേശികമായി നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നത് നിർത്തി വെച്ചു . ലോക്കൽ റിക്രൂട്ടിങ്ങിനു പകരം വിദേശരാജ്യങ്ങളിൽ ഇന്റർവ്യൂ നടത്തിയ ശേഷം തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികളെ മാത്രമാകും സർക്കാർ ആശുപത്രികളിലും ക്ലിനിക്കുകളിലും നിയമിക്കുക . ഇതിനായി പ്രത്യേക റിക്രൂട്മെന്റ് കമ്മിറ്റികൾ രൂപീകരിച്ചതായും മന്ത്രാലയവൃത്തങ്ങൾ വെളിപ്പെടുത്തി.
നിർമാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന ആശുപത്രികളിലേക്കും മറ്റുമായി നിരവധി നഴ്‌സുമാരുടെ ഒഴിവുകളാണുള്ളത് . ഈ ഒഴിവുകളിലേക്ക് പ്രാദേശികമായി നിയമനം നടത്തേണ്ടതില്ലെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനം. കുവൈത്തിലെത്തി നഴ്സിങ് ജോലിക്ക് അപേക്ഷ നൽകുന്ന വിദേശി നഴ്‌സുമാരെ നേരത്തെ മന്ത്രാലയം നിയമനത്തിനായി പരിഗണിച്ചിരുന്നു ഈ സൗകര്യമാണ് ഇപ്പോൾ നിർത്തിവെച്ചത്. അതേസമയം കുവൈത്തിൽനിന്ന് നഴ്സിങ് ബിരുദം പൂർത്തിയാക്കിയ വിദേശികൾക്ക് പുതിയ തീരുമാനം ബാധകമാകില്ല . വിദേശത്തു നിന്ന് നഴ്‌സുമാരെ യോഗ്യതയുടെയും പ്രവൃത്തി പരിചയത്തിന്റെയും അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കുന്നതിനായി മന്ത്രാലയം സെലക്ഷൻ കമ്മിറ്റികൾക്ക് രൂപം നൽകിയിട്ടുണ്ട് ഇത്തരത്തിൽ വിദേശ രാജ്യങ്ങളിൽ നടക്കുന്ന ഇന്റർവ്യൂകളിൽ നിന്ന് തെരഞ്ഞെടുക്കുന്നവരെയാണ് നിയമനത്തിനായി പരിഗണിക്കുക . ആരോഗ്യമേഖലയുടെ കാര്യക്ഷമത വർധിപ്പിക്കാനും നഴ്‌സിംഗ് നിയമനത്തിന്റെ പേരിൽ നടക്കുന്ന അഴിമതികളെ ഇല്ലാതാക്കാനും പുതിയ തീരുമാനം സഹായകമാകുമെന്നാണ് മന്ത്രാലയത്തിന്റെ കണക്കുകൂട്ടൽ. സന്ദർശന വിസയിലും കുടുംബ വിസയിലും കുവൈത്തിലെത്തി നഴ്സിങ് ജോലിക്ക് ശ്രമിച്ചുകൊണ്ടിരിക്കുന്ന മലയാളി നഴ്‌സുമാർക്ക് തിരിച്ചടിയാണ് പുതിയ തീരുമാനം . അതേസമയം ഇടനിലക്കാരില്ലാതെ ആരോഗ്യ മന്ത്രാലയം നേരിട്ട് റിക്രൂട്ടിങ് നടത്തുന്നത് ചൂഷണങ്ങൾ ഇല്ലാതാക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
Adjust Story Font
16