അനിശ്ചിതത്വങ്ങൾക്ക് വിരാമം; ജിസിസി ഉച്ചകോടി കുവൈത്തില്‍
അനിശ്ചിതത്വങ്ങൾക്ക് വിരാമം; ജിസിസി ഉച്ചകോടി കുവൈത്തില്‍
ഖത്തറിനെതിരെ സൗദി, യുഎഇ, ബഹ്റൈൻ എന്നീ ജിസിസി രാജ്യങ്ങളും ഈജിപ്തും ഉപരോധം പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായാണ് ജിസിസി ഉച്ചകോടിക്ക് വേദിയൊരുങ്ങുന്നത്.
38 ആമത് ജിസിസി ഉച്ചകോടിക്ക് ഡിസംബർ അഞ്ച്, ആറ് തീയതികളിൽ കുവൈത്ത് വേദിയാകും. ഉച്ചകോടിയിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള അമീറിന്റെ കത്ത് വിവിധ അംഗ രാജ്യങ്ങളിലെ നേതാക്കൾക്ക് കൈമാറിയതായി കുവൈത്ത് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഉച്ചകോടിക്ക് മുന്നോടിയായി ഗൾഫ് വിദേശകാര്യമന്ത്രിമാർ തിങ്കളാഴ്ച കുവൈത്തിൽ യോഗം ചേരും.
ഏറെ നാളത്തെ അനിശ്ചിതത്വങ്ങൾക്ക് വിരാമം നൽകികൊണ്ടാണ് 38ആമത് ജിസിസി ഉച്ചകോടി കുവൈത്തിൽ നടക്കുമെന്ന സ്ഥിരീകരണം വന്നിരിക്കുന്നത്. ഉച്ചകോടിയിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള കുവൈത്ത് അമീറിന്റെ കത്ത് എല്ലാ അംഗ രാജ്യങ്ങളിലെയും നേതാക്കൾക്ക് നൽകിയിട്ടുണ്ട്. അംഗരാജ്യങ്ങളിലെ അംബാസഡർമാർ മുഖേനയാണ് കത്തു കൈമാറിയത്. നിലവിലെ സാഹചര്യത്തിൽ കുവൈത്ത് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് ഏതെങ്കിലും അംഗരാജ്യം നിബന്ധന വെക്കുകയോ എതിർപ്പ് പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നാണ് വിവരം.
ഉച്ചകോടിക്ക് മുന്നോടിയായി അടുത്ത തിങ്കളാഴ്ച ജിസിസി വിദേശകാര്യ മന്ത്രിമാർ കുവൈത്തിൽ യോഗം ചേരുമെന്നും റിപ്പോർട്ടുകളുണ്ട്. ഖത്തറിനെതിരെ സൗദി, യുഎഇ, ബഹ്റൈൻ എന്നീ ജിസിസി രാജ്യങ്ങളും ഈജിപ്തും ഉപരോധം പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായാണ് ജിസിസി ഉച്ചകോടിക്ക് വേദിയൊരുങ്ങുന്നത്. അതുകൊണ്ടുതന്നെ കുവൈത്തിൽ നടക്കുന്ന ഉച്ചകോടിക്ക് നയതന്ത്ര ലോകം വൻ പ്രാധാന്യമാണ് നൽകുന്നത്.
Adjust Story Font
16