Quantcast

സൗദി അറേബ്യയിൽ മദ്യം അനുവദിക്കില്ലെന്ന് കിരീടാവകാശി

MediaOne Logo

Subin

  • Published:

    6 Jun 2018 5:55 AM GMT

സൗദി അറേബ്യയിൽ മദ്യം അനുവദിക്കില്ലെന്ന് കിരീടാവകാശി
X

സൗദി അറേബ്യയിൽ മദ്യം അനുവദിക്കില്ലെന്ന് കിരീടാവകാശി

അര ലക്ഷം കോടി ഡോളർ നിക്ഷേപത്തോടെ പൂർത്തിയാക്കുന്ന നിയോം മെഗാസിറ്റി പ്രദേശത്ത് മൂല്യങ്ങൾക്കും സംസ്‌കാരത്തിനും നിരക്കാത്തതൊന്നും അനുവദിക്കില്ല.

സൗദി അറേബ്യയിൽ മദ്യം ഒരു കാരണവശാലും അനുവദിക്കില്ലെന്ന് കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിൻ സൽമാൻ. അര ലക്ഷം കോടി ഡോളർ നിക്ഷേപത്തോടെ പൂർത്തിയാക്കുന്ന നിയോം മെഗാസിറ്റി പ്രദേശത്ത് മൂല്യങ്ങൾക്കും സംസ്‌കാരത്തിനും നിരക്കാത്തതൊന്നും അനുവദിക്കില്ല. രാജ്യത്തെ വിവിധ പദ്ധതികളുടെ പുരോഗതിയും കിരീടാവകാശി വെളിപ്പെടുത്തി.

രാജ്യത്തെ അഭിസംബോധന ചെയ്താണ് കിരീടാവകാശിയുടെ വാക്കുകള്‍. ലോകത്തെ 98 ശതമാനം സൗകര്യങ്ങളും നിയോം പദ്ധതിയിലുണ്ടാകും. എന്നാല്‍ മദ്യം അടക്കം രണ്ടു ശതമാനം സൗകര്യങ്ങൾ സാധ്യമല്ല. സൗദിയിലെ നിയമങ്ങൾ ലംഘിക്കാതെ തന്നെ വിദേശ നിക്ഷേപകരുടെയും ടൂറിസ്റ്റുകളുടെയും എല്ലാ ആവശ്യങ്ങളും നിറവേറ്റുന്നതിന് പദ്ധതിക്ക് സാധിക്കുമെന്നാണ് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞത്. മദ്യം കഴിക്കാൻ ആഗ്രഹിക്കുന്ന വിദേശികൾക്ക് നിയോം പദ്ധതി പ്രദേശത്ത് നിന്ന് എളുപ്പം ഈജിപ്തിലേക്കും ജോർദാനിലേക്കും പോകാം.

റിയാദിലെ കിംഗ് അബ്ദുല്ല ഫിനാൻഷ്യൽ ഡിസ്ട്രിക്ട്, റാബിഗ് കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റി, ജിസാൻ ഇക്കണോമിക് സിറ്റി എന്നീ പദ്ധതികൾക്ക് തടസ്സമുണ്ടായിട്ടില്ല. പതിനായിരക്കണക്കിനാളുകൾ ഈ പദ്ധതികളിൽ ജോലി ചെയ്യുന്നുണ്ട്. 2020 ജി-20 ഉച്ചകോടി കിംഗ് അബ്ദുല്ല ഫിനാൻഷ്യൽ ഡിസ്ട്രിക്ടിലാണ് നടക്കുക. പദ്ധതിയുടെ ആദ്യ ഘട്ടം അടുത്ത വർഷം ഉദ്ഘാടനം ചെയ്യും. റിയാദ് നഗരത്തിന്റെ പ്രധാന ചാലകശക്തിയായി കിംഗ് അബ്ദുല്ല ഫിനാൻഷ്യൽ ഡിസ്ട്രിക്ട് മാറും. കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റി തുറമുഖം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. പദ്ധതി പ്രദേശത്ത് ആയിരക്കണക്കിന് തൊഴിലവസരങ്ങളുണ്ട്.

2030 ഓടെ പ്രതിവർഷം സൗദി അറേബ്യ സന്ദർശിക്കുന്ന വിനോദ സഞ്ചാരികളുടെ എണ്ണം നാലു കോടിയിൽ അധികമായി ഉയരുമെന്നാണ് പ്രതീക്ഷ. ഇതിൽ മൂന്നു കോടി പേർ മക്കയും മദീനയും സന്ദർശിക്കാനാണ് എത്തുക. അവശേഷിക്കുന്ന ഒരു കോടി പേർ ചരിത്ര കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിനും വാണിജ്യ ആവശ്യങ്ങൾക്കും രാജ്യം സന്ദർശിക്കും. മധ്യപൗരസ്ത്യദേശത്ത് നൂറു വർഷമായി ഒരുവിധ സംഘർഷങ്ങളും അരങ്ങേറാത്ത, സുരക്ഷാ ഭദ്രതയും സമാധാനവും നിലനിൽക്കുന്ന ഏക രാജ്യം സൗദി അറേബ്യയാണെന്നും കിരീടാവകാശി പറഞ്ഞു.

TAGS :

Next Story