ജോലിത്തിരക്കുകൾക്കിടയിൽ പ്രവാസികൾക്ക് വായിക്കാൻ നേരമുണ്ടോ?
ഉത്തരമായി ഇതാ ബഹ്റൈനില്‍ ഒരു ലൈബ്രറി
പറഞ്ഞാലും പറഞ്ഞാലും തീരില്ല പ്രവാസലോകത്ത് നിന്നുള്ള ഈ വായനശാലയുടെ വിശേഷങ്ങള്‍. പതിനാറായിരം പുസ്തകങ്ങളും ആയിരത്തി എണ്ണൂറോളം അംഗങ്ങളുമുള്ള ബഹ്റൈൻ കേരളീയ സമാജം ലൈബ്രറി പ്രവാസികൾക്ക് വായനയുടെ വസന്തം തന്നെയാണ് സമ്മാനിക്കുന്നത്.
ജോലിത്തിരക്കുകൾക്കിടയിൽ പ്രവാസികൾക്ക് വായിക്കാൻ നേരമുണ്ടോ? ഉണ്ടെന്നാണ് ബഹ് റൈൻ കേരളീയ സമാജത്തിലെ സജീവമായ ഈ ഗ്രന്ഥാലയം നമ്മോട് പറയുന്നത്. ആഴ്ചയിൽ ഒരു പ്രാവശ്യമെങ്കിലും ഒരു പുസ്തകം തെരഞ്ഞെടുക്കാൻ 200 ഓളം അംഗങ്ങൾ ഇവിടെ എത്തുന്നുണ്ട്. വിവിധ ഭാഷകളിലുള്ള പഴയതും പുതിയതുമായ മികച്ച പുസ്തകങ്ങളുടെ ശേഖരമാണ് ഇവിടെ വായനക്കാർക്കായി ഒരുക്കിയിരിക്കുന്നത്. വർഷങ്ങളായി വ്യവസ്ഥാപിതമായ രീതിയിൽ പ്രവർത്തിക്കുന്ന ഈ അക്ഷരപ്പുര ബഹ്റൈനിലെ പുസ്തകപ്രേമികളുടെ ഇഷ്ടസങ്കേതമാണ്. വായനയെ സ്നേഹിക്കുന്ന പ്രവാസികൾ ലൈബ്രറിയെ നന്നായി ഉപയോഗപ്പെടുത്തൂന്നുണ്ടെന്ന് ലൈബ്രേറിയൻ അനു തോമസ് ജോൺ പറയുന്നു..
ആനുകാലിക പ്രസിദ്ധീകരണങ്ങൾ ലഭ്യമായ വായനശാലയും ലൈബ്രറിയോടനുബന്ധിച്ച് പ്രവർത്തിക്കുന്നുണ്ട്. സർഗ സ്യഷ്ടികൾ പ്രസിദ്ധീകരിക്കാനും സാഹിത്യവുമായി ബന്ധപ്പെട്ട പരിപാടികളൊരുക്കാനും ലൈബ്രറി വിംഗിന് സാധിച്ചിട്ടുണ്ട്. വായന മരിക്കുന്നു എന്ന പരിദേവനങ്ങൾക്കിടയിലും പ്രവാസികൾക്ക് അക്ഷരത്തിന്റെ സുഗന്ധം പകർന്നു നൽകുകയാണ് ഈ ഗ്രന്ഥാലയം.
Adjust Story Font
16