എണ്ണ മേഖലയിൽ കൂടുതൽ പങ്കാളിത്തം ഉറപ്പാക്കാന്‍ ഇന്ത്യ-യു.എ.ഇ തീരുമാനം
രാജ്യം നേരിടുന്ന ഭാവി ഇന്ധന പ്രതിസന്ധി പരിഹരിക്കാൻ ഗൾഫ് മേഖലയിലെ പ്രധാന എണ്ണ കമ്പനികളുമായി ധാരണയിലെത്താനാണ് ഇന്ത്യയുടെ തീരുമാനം
എണ്ണ മേഖലയിൽ കൂടുതൽ സഹകരണവും പങ്കാളിത്തവും ഉറപ്പാക്കാൻ ഇന്ത്യയും യു.എ.ഇയും തീരുമാനിച്ചു. രാജ്യം നേരിടുന്ന ഭാവി ഇന്ധന പ്രതിസന്ധി പരിഹരിക്കാൻ ഗൾഫ് മേഖലയിലെ പ്രധാന എണ്ണ കമ്പനികളുമായി ധാരണയിലെത്താനാണ് ഇന്ത്യയുടെ തീരുമാനം. അബൂദബിയിലെ അഡ്നോകിനു പുറമെ സൗദിയിലെ അരാംകോ എണ്ണ കമ്പനിയുമായും കരാർ രൂപപ്പെടുത്താൻ കഴിഞ്ഞത് ഇന്ത്യക്ക് വലിയ നേട്ടമാകും.
മഹാരാഷ്ട്രയിലെ രത്നഗിരിയിൽ ആരംഭിക്കുന്ന റിഫൈനറി, പെട്രോ കെമിക്കൽ കോംപ്ലക്സിൽ അബൂദബി നാഷനൽ ഓയിൽ കമ്പനിയും സൗദി അരാംകോ എന്നിവ മുതൽ മുടക്കും. ഡൽഹിയിൽ നടന്ന ചടങ്ങിൽ 161 ബില്യൻ ചെലവു വരുന്ന പദ്ധതിയിലെ സഹകരണം സംബന്ധിച്ച ധാരണയിൽ അഡ്നോക് അരാംകോ പ്രതിനിധികൾ ഒപ്പുവെച്ചു. രത്നഗിരി റിഫൈനറി ആന്റ് പെട്രോകെമിക്കൽസ് ലിമിറ്റഡ് എന്ന സംരംഭത്തിന്റെ 50 ശതമാനം ഓഹരി ഇരു സ്ഥാപനങ്ങൾക്കും ചേർന്നാവും. ബാക്കി പകുതി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവയുടെ കൂട്ടായ്മക്കുമാകും ലഭിക്കുക.
യു.എ.ഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാന്റെ ഇന്ത്യ സന്ദർശനത്തിന്റെ ഭാഗമായാണ് ഈ സുപ്രധാന ധാരണ ഒപ്പുവയ്ക്കപ്പെട്ടത്. പെട്രോളിയം മന്ത്രി ധർമേന്ദ്രപ്രധാനും സംബന്ധിച്ചു. യു.എ.ഇയും സൗദിയും ഇന്ത്യയും തമ്മിലെ ബന്ധത്തെ കൂടുതൽ ശക്തിപ്പെടുത്താൻ ഈ സഹകരണം വഴിയൊരുക്കുമെന്ന് ശൈഖ് അബ്ദുല്ല അഭിപ്രായപ്പെട്ടു. അഡ്നോകുമായി നേരത്തെ രൂപപ്പെടുത്തിയ കരാർ പ്രകാരം മംഗലാപുരം റിഫൈനറിയിലേക്ക് അബൂദബിയിൽ നിന്ന് അടുത്തിടെ എണ്ണ എത്തിക്കാനും ഇന്ത്യക്ക് സാധിച്ചിരുന്നു.
Adjust Story Font
16