സമ്പൂര്‍ണ സ്വദേശിവത്കരണം പ്രഖ്യാപിച്ച പന്ത്രണ്ട് മേഖലകളില്‍ ഇളവിനൊരുങ്ങി സൌദി മന്ത്രാലയം
ഒപ്റ്റിക്കൽ ടെക്‌നീഷ്യൻ, കാർ മെക്കാനിക്ക്, വാച്ച് ടെക്‌നീഷ്യൻ, ഇലക്ട്രിക്-ഇലക്‌ട്രോണിക്‌സ് സാങ്കേതിക വിദഗ്ധര്‍, ടൈലർ, പാചകക്കാരൻ, പലഹാര നിർമാണ വിദഗ്ദര്‍ എന്നിവര്‍ക്ക് ഇളവുണ്ടാകും.
സമ്പൂര്‍ണ സ്വദേശിവത്കരണം പ്രഖ്യാപിച്ച 12 മേഖലകളില്‍ ഇളവിന് സൌദി മന്ത്രാലയം പഠനം തുടങ്ങി. സാങ്കേതിക വൈദഗ്ധ്യം ആവശ്യമുള്ളതുള്‍പ്പടെയുള്ള ജോലികളില്‍ വിദേശികളെ നിലനിര്‍ത്താനാണ് നീക്കം. എന്നാല്‍ നിശ്ചിത എണ്ണം സൌദികളെ നിയമിക്കുന്നവര്‍ക്കേ ഇത് ഉപയോഗപ്പെടുത്താനാകൂ. ഇതോടെ രണ്ടോ മൂന്നോ പേര്‍ ജോലി ചെയ്യുന്ന കടകളില്‍ സ്വദേശിയെ നിയോഗിക്കേണ്ടി വരും.
സെപ്തംബറില്‍ വരാനിരിക്കുന്ന സമ്പൂര്‍ണ സ്വദേശിവത്കരണത്തില്‍ ഇളവുണ്ടാകുമെന്ന് സൗദിവൽക്കരണത്തിന്റെ കരടു ഗൈഡിൽ സൌദി തൊഴില്‍ മന്ത്രാലയം വിശദീകരിച്ചിരുന്നു. ഒപ്റ്റിക്കൽ ടെക്‌നീഷ്യൻ, കാർ മെക്കാനിക്ക്, വാച്ച് ടെക്‌നീഷ്യൻ, ഇലക്ട്രിക്-ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങൾ നന്നാക്കുന്നതുള്‍പ്പയുള്ള സാങ്കേതിക വിദഗ്ധര്‍ക്ക് താല്ക്കാലികമായി തുടരാം. ടൈലർ, പാചകക്കാരൻ, പലഹാര നിർമാണ വിദഗ്ദര്‍ എന്നിവര്‍ക്ക് വ്യവസ്ഥകൾക്ക് വിധേയമായി സൗദിവൽക്കരണത്തിൽ ഇളവുണ്ടാകും.
കരടു ഗൈഡ് അനുസരിച്ച് ഒരു ജീവനക്കാരൻ മാത്രമുള്ള സ്ഥാപനങ്ങളിൽ സൗദികൾക്കു മാത്രമാണ് ജോലി ചെയ്യാനാവുക. ഇതില്‍ കൂടുതലാണെങ്കില്‍ 70 ശതമാനം സൌദികളാകണം. ഇത് പ്രകാരം 2 ജീവനക്കാരുണ്ടെങ്കില്‍ ഒരാള്‍ സ്വദേശിയായിരിക്കണം.
ബാക്കിയുള്ള സ്വദേശി വിദേശി അനുപാതം ഇനി പറയും പ്രകാരമാകണം -മൂന്നോ നാലോ ജോലിക്കാര്‍ വേണ്ട സ്ഥാപനങ്ങളില്‍ രണ്ടു പേര്‍ സ്വദേശികളാകണം. അഞ്ചു പേര്‍ വേണ്ട സ്ഥാപനത്തില്‍ മൂന്ന് പേര്‍ വേണം വിദേശികള്‍. ആറോ ഏഴോ ജോലിക്കാരുണ്ടെങ്കില്‍ അതില്‍ നാലും സ്വദേശികളാകണം. എട്ടു പേരുണ്ടെങ്കില്‍ അതില്‍ അഞ്ചും ഒമ്പതു പേരുണ്ടെങ്കില്‍ അതില്‍ ആറും സ്വദേശികളാകണം. പത്ത് പേരുണ്ടെങ്കില്‍ 7ഉം നൂറ് പേരുണ്ടെങ്കില്‍ അതില്‍ 70ഉം സൌദികളാകണമെന്ന് ചുരുക്കം.
ലംഘിച്ചാല്‍ പിഴയുറപ്പാണ്. കട തുറന്നാല്‍ മുഴുസമയം ഒരു സ്വദേശിയെങ്കിലും ഇനി നിര്‍ബന്ധമാണ്. ഇതനുസരിച്ച് ഇളവ് ലഭിച്ചാല്‍ പോലും 10 താഴെ ജീവനക്കാരുള്ള വിദേശികളുടെ ഭൂരിഭാഗം ചെറുകിട സ്ഥാപനങ്ങളും തുടരില്ലെന്നാണ് വ്യാപാരികളുടെ പക്ഷം.
അതിനിടെ പുതുതായി പ്രഖ്യാപിച്ച 12 മേഖലകളിലെ സ്വദേശിവത്കരണത്തിനുള്ള തൊഴില്‍ മന്ത്രാലയത്തിന്റെ നീക്കം തുടങ്ങി. സെപ്തംബറിലാണ് സ്വദേശിവത്കരണം തുടങ്ങുക. സ്വദേശിവത്കരണം തുടങ്ങാനിരിക്കെ വിദേശികളുടെ വിവിധ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയേക്കും.
12 മേഖലകളിലാണ് പുതുതായി സമ്പൂർണ സൗദിവൽക്കരണം നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചത്. സൗദിവൽക്കരണം നിർബന്ധമാക്കുന്നതിനുള്ള തീരുമാന പ്രഖ്യാപനമുണ്ടായത് ജനുവരി 29 ന്. ഇതു പ്രകാരം സെപ്റ്റംബർ 11നാരംഭിക്കുന്ന സ്വദേശിവത്കരണം കാർ-ബൈക്ക് ഷോറൂമുകൾ, ഫർണിച്ചർ, പാത്ര കടകൾ, വിവിധ വസ്ത്രാലയങ്ങള്‍ എന്നിവക്കാണ് ബാധകം.
രണ്ടാം ഘട്ടം നവംബര്‍ 9നാണ്. വാച്ച്, കണ്ണട, ഇലക്ട്രിക്-ഇലക്‌ട്രോണിക്‌സ് കടകളിലാകും ഇത്. മൂന്നാം ഘട്ടം ജനുവരി ഏഴിനാണ്. മെഡിക്കൽ ഉപകരണ സ്ഥാപനങ്ങൾ, സ്‌പെയർ പാർട്‌സ്, കെട്ടിട നിർമാണ, കാർപെറ്റ് കടകൾ, ചോക്കലേറ്റ്-പലഹാര കടകൾ എന്നീ സ്ഥാപനങ്ങള്‍ക്കാണിത് ബാധകം. സമ്പൂർണ സൗദിവൽക്കരണം നടപ്പാക്കുന്നതിലൂടെ അഞ്ചു ലക്ഷം സൗദികൾക്ക് തൊഴിലവസരമാണ് ലക്ഷ്യം. എന്നാല്‍ സെപ്തംബറോടെ കട ഒഴിവാക്കാനുള്ള നീക്കത്തിലാണ് ഭൂരിഭാഗം പ്രവാസികളും.
ലെവി ഇരട്ടിച്ചതോടെ പ്രതിസന്ധിയിലായിരുന്നു ഭൂരിഭാഗം പേരും. തുച്ഛ വരുമാനമുള്ള പലര്‍ക്കും ഇതോടെ ഇതരവഴികള്‍ തേടേണ്ടി വരും. വരുമെന്ന് കരുതുന്ന ഇളവുകള്‍ പ്രാബല്യത്തിലായാല്‍ പോലും തുച്ഛം പേര്‍ക്കേ കാര്യമുണ്ടാകൂ.
Adjust Story Font
16