അഞ്ചുദിവസം മുമ്പുതന്നെ കാലാവസ്ഥ മാറ്റങ്ങള്‍ അറിയാം; സൌദിക്ക് അതിനിനി ‘മതിര്‍’ മതി
ശക്തമായ മഴയും വെള്ളപ്പൊക്കവും മറ്റു കാലാവസ്ഥകളും നേരത്തെ പ്രവചിക്കാൻ സാധിക്കുന്ന പുതിയ ഹൈടെക് സംവിധാനവുമായി സൗദി അറേബ്യ. ‘മതിർ’ എന്ന പേരിൽ ആരംഭിച്ചിരിക്കുന്ന സംവിധാനം വഴി....
ശക്തമായ മഴയും വെള്ളപ്പൊക്കവും മറ്റു കാലാവസ്ഥകളും നേരത്തെ പ്രവചിക്കാൻ സാധിക്കുന്ന പുതിയ ഹൈടെക് സംവിധാനവുമായി സൗദി അറേബ്യ. 'മതിർ' എന്ന പേരിൽ ആരംഭിച്ചിരിക്കുന്ന സംവിധാനം വഴി വരാനിരിക്കുന്ന അഞ്ചു ദിവസങ്ങളിലെ കാലാവസ്ഥ മുൻകൂട്ടി അറിയുവാൻ സാധിക്കും. അറബ് ലോകത്ത് ആദ്യമായാണ് ഇത്തരമൊരു സംവിധാനം.
സൗദി മുൻസിപ്പൽ ഗ്രാമവികസന മന്ത്രാലയമാണ് പുതിയ സംവിധാനം ആരംഭിച്ചിരിക്കുന്നത്. ശക്തമായ മഴ, വെള്ളപ്പൊക്കം എന്നിവയെക്കുറിച്ചു മുൻകൂട്ടി അധികൃതർക്ക് വിവരം നല്കാൻ സഹായിക്കുന്നതാണ് 'മതിർ' ഹൈടക് സംവിധാനം. സൗദിയിലെ ഏതു പ്രദേശത്തെയും വരാനിരിക്കുന്ന അഞ്ചു ദിവസങ്ങളിലെ ഓരോ മണിക്കൂർ ഇടവിട്ടുള്ള കാലാവസ്ഥ വ്യതിയാനങ്ങൾ ഇതുപ്രകാരം അറിയാം. അതനുസരിച്ചു അധികൃതർക്ക് ആവശ്യമായ മുൻകരുതലുകൾ എടുക്കാനും സാധിക്കും. താപനില, കാറ്റിന്റെ വേഗത, ദിശ, മഴയുടെ തീവ്രത, മൂടൽ മഞ്ഞ്, മേഘങ്ങൾ, അന്തരീക്ഷ ഈർപ്പം തുടങ്ങി അഞ്ച് ദിവസങ്ങൾക്കുള്ള മുഴുവൻ കാലാവസ്ഥ പ്രവചനങ്ങളും ഇതുവഴി സാധ്യമാവും.
ഉപഗ്രഹങ്ങൾ, പ്രാദേശിക, അന്താരാഷ്ട്ര കാലാവസ്ഥാ കേന്ദ്രങ്ങൾ, മറ്റു മോണിറ്ററിംഗ് സ്റ്റേഷനുകൾ തുടങ്ങിയവയിൽ നിന്നുള്ള വിവരങ്ങൾ യഥാസമയം ഉപയോഗപ്പെടുത്തിക്കൊണ്ടാണ് 'മതിർ' ഹൈടക് സംവിധാനത്തിന്റെ പ്രവർത്തനം. പ്രത്യേക കൺട്രോൾ പാനൽ വഴിയാണ് ശക്തമായ മഴയുടെയും വെള്ളപ്പൊക്ക സാധ്യതയുടെയും വിവരങ്ങൾ ലഭ്യമാവുക. അപകടസാധ്യതയുടെ തോത് പ്രത്യേക കളറുകളിൽ വ്യക്തമാകും. മഞ്ഞ, ചുവപ്പ് നിറങ്ങളിലായിരിക്കും ഏറ്റവും ഉയർന്ന അപകട സാധ്യത അറിയിക്കുക.
രാജ്യത്തെ 286 സെക്രട്ടേറിയറ്റുകൾക്കും മുനിസിപ്പാലിറ്റികൾക്കും തത്സമയ മുന്നറിയിപ്പുകൾ നൽകാൻ സംവിധാനം കൊണ്ട് സാധിക്കും. ശക്തമായ ഇടിയും മിന്നലും ഉണ്ടായേക്കാവുന്ന പ്രദേശത്തെ സംബന്ധിച്ച വിവരങ്ങൾ റഡാർ സംവിധാനം വഴി നേരത്തെ അറിയാൻ സാധിക്കും എന്നതും പുതിയ സംവിധാനത്തിന്റെ പ്രത്യേകതയാണ്.
Adjust Story Font
16