Quantcast

യു.എ.ഇയിലെ മലയാളി അധ്യാപകർക്ക്​ ഭീഷണിയായ തുല്യതാ സർട്ടിഫിക്കറ്റ് പ്രശ്നത്തില്‍ പരിഹാരമായില്ല

ബിരുദമെടുത്ത അധ്യാപകർ യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിന്നു തുല്യതാ സർട്ടിഫിക്കറ്റ് വാങ്ങണം എന്നാണ്​ ചട്ടം

MediaOne Logo

Web Desk

  • Published:

    19 July 2018 5:37 AM GMT

യു.എ.ഇയിലെ മലയാളി അധ്യാപകർക്ക്​ ഭീഷണിയായ തുല്യതാ സർട്ടിഫിക്കറ്റ് പ്രശ്നത്തില്‍ പരിഹാരമായില്ല
X

യു.എ.ഇയിലെ നൂറുകണക്കിന് മലയാളി അധ്യാപകർക്ക്
ഭീഷണിയായ തുല്യതാ സർട്ടിഫിക്കറ്റ് പ്രശ്നത്തിൽ പരിഹാരം ഇനിയും അകലെ. നയതന്ത്ര സമ്മർദ്ദത്തിലൂടെ പ്രശ്നപരിഹാരം എന്ന പ്രതീക്ഷ ഏറെക്കുറെ അവസാനിച്ച മട്ടാണ്.

ബിരുദമെടുത്ത അധ്യാപകർ യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിന്നു തുല്യതാ സർട്ടിഫിക്കറ്റ് വാങ്ങണം എന്നാണ് ചട്ടം. പ്രൈവറ്റായി പഠിച്ച് കേരളത്തിലെ സർവ്വകലാശാലകളിൽ നിന്നു ബിരുദം നേടിയ ആയിരക്കണക്കിന് അധ്യാപകർക്കു തുല്യതാ സർട്ടിഫിക്കറ്റ് ലഭിക്കാതെ വന്നതോടെയാണു പ്രശ്നം സങ്കീർണമായത്. ഇതിനു വേണ്ടി ഇന്ത്യൻ എംബസിയെ സമീപിച്ചെങ്കിലും തൃപ്തികരമായ ഉത്തരമായിരുന്നില്ല ലഭിച്ചത്. കേരള സർക്കാറും യു.ജി.സിയും ഉന്നതതല ഇടപെടൽ നടത്തുകയല്ലാതെ മറ്റു നിവൃത്തിയില്ലെന്ന് യു.എ.ഇയിലെ ഇന്ത്യൻ സ്ഥാനപതി നവദീപ് സിങ് സൂരി കഴിഞ്ഞ ദിവസം വ്യക്തമാക്കുകയും ചെയ്തു.

യു.എ.ഇ വിദ്യാഭ്യാസ മന്ത്രിയുമായി ചർച്ച നടത്തിയെങ്കിലും ഈ രംഗത്തെ വിദഗ്ധർ ഇവിടെയെത്തി കാര്യങ്ങൾ ധരിപ്പിക്കേണ്ടതുണ്ടെന്നും സ്ഥാനപതി പറഞ്ഞു. ഇന്ത്യയിലെ ഓൺലൈൻ, വിദൂര വിദ്യാഭ്യാസം, പ്രൈവറ്റ് തുടങ്ങിയ പഠന രീതികളെക്കുറിച്ചും അവയുടെ വ്യത്യാസങ്ങളെക്കുറിച്ചും യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയത്തെ ബോധ്യപ്പെടുത്താൻ നടപടി ഉണ്ടാകണം. യു.എ.ഇയിലെ അധ്യാപന, വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി കൈക്കൊണ്ട നടപടിയിൽ വ്യക്തമായ വിശദീകരണം നൽകാൻ സംവിധാനം ഉണ്ടാകണം എന്നാണ് അംബാസഡറുടെ നിലപാട്. സംസ്ഥാന സർക്കാർ ഉണർന്നു പ്രവർത്തിച്ചെങ്കിൽ മാത്രമേ അധ്യാപകർ നേരിടുന്ന ഗുരുതര പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാകൂ എന്നത് ഉറപ്പായിരിക്കുകയാണ്.
.

TAGS :

Next Story