Quantcast

രണ്ട് മാസമായി സൌദിയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളിയുടെ മൃതദേഹം നാട്ടിലേക്കയക്കാന്‍ നടപടിയായി

ആനുകൂല്യങ്ങള്‍ നല്‍കുകയും എംബസി എന്‍.ഒ.സി അനുവദിക്കുകയും ചെയ്തതോടെയാണ് മൃതദേഹം നാട്ടിലേക്കയക്കാന്‍ നടപടിയായത്.

MediaOne Logo
രണ്ട് മാസമായി സൌദിയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളിയുടെ മൃതദേഹം നാട്ടിലേക്കയക്കാന്‍ നടപടിയായി
X

സൌദി അറേബ്യയിലെ ദമ്മാമില്‍ രണ്ട് മാസമായി കുടുങ്ങിക്കിടക്കുന്ന മലയാളിയുടെ മൃതദേഹം നാട്ടിലേക്കയക്കാന്‍ നടപടിയായി. കമ്പനി ആനുകൂല്യങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്നാണ് കൊല്ലം സ്വദേശി ആന്റണി ആല്‍ബര്‍ട്ടിന്റെ മൃതദേഹം അയക്കാതിരുന്നത്. ആനുകൂല്യങ്ങള്‍ നല്‍കുകയും എംബസി എന്‍.ഒ.സി അനുവദിക്കുകയും ചെയ്തതോടെയാണ് മൃതദേഹം നാട്ടിലേക്കയക്കാന്‍ നടപടിയായത്.

രണ്ടു മാസം മുമ്പ് മരിച്ച കൊല്ലം സ്വദേശി ആന്റണി ആൽബർട്ടിന്റെ മൃതദേഹമാണ് നാട്ടിലയക്കാനുള്ള നടപടിയായത്. ദമ്മാം അല്ഖോബരിലെ സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു ആന്റണി ആല്‍ബര്‍ട്ട്. മരിക്കുന്ന സമയത്ത് 13 മാസത്തെ ശമ്പള കുടിശികയും 28 വര്‍ഷത്തെ സര്‍വീസ് തുകയും ഉള്‍പ്പെടെ 79000 റിയാല്‍ ആന്റണി അല്‍ബേര്‍ട്ടിന് ലഭിക്കാനുണ്ടായിരുന്നു. ഈ തുക കഴിഞ്ഞ ദിവസം കമ്പനി എംബസിയുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചു.

ഇതോടെ തുടര്‍ നടപടികള്‍ ആരംഭിച്ചു. മൃതദേഹം നാട്ടില്‍ അയക്കുന്നത് നീണ്ടതോടെ അല്‍ബര്‍ട്ടിന്റെ സഹോദരന്‍ നാട്ടിലെയും എംബസിയിലെയും അധികാരികള്‍ക്ക് പരാതി നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം ആല്‍ബര്‍ട്ടിന്റെ മക്കള്‍ സോഷ്യല്‍ മീഡിയ വഴി സഹായമഭ്യര്‍ത്ഥിച്ച് വീഡിയോ ഇട്ടിരുന്നു. ഇത് സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ വിഷയം കൂടുതല്‍ ചര്‍ച്ചയായി. അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ തിങ്കളാഴ്ചയോടെ മൃതദേഹം നാട്ടില്‍ എത്തുമെന്ന പ്രതീക്ഷയിലാണ് സാമൂഹ്യ പ്രവര്‍ത്തകരും ആല്‍ബര്‍ട്ടിന്റെ കുടുംബവും.

Next Story