Quantcast

ദമ്മാമില്‍ സ്വദേശി പൌരന്റെ വീട്ടില്‍ താമസിപ്പിച്ച കുട്ടികളെ മോചിപ്പിക്കാന്‍ എംബസി നേതൃത്വത്തില്‍ നീക്കം തുടങ്ങി

കച്ചവടത്തില്‍ വന്ന നഷ്ടത്തെ തുടര്‍ന്ന് കുട്ടികളെ തടവില്‍ പാര്‍പ്പിച്ചെന്ന മാതാവിന്റെ വാദം സ്വദേശി പൌരന്‍ തള്ളി. 

MediaOne Logo

Web Desk

  • Published:

    21 July 2018 5:12 AM GMT

ദമ്മാമില്‍ സ്വദേശി പൌരന്റെ വീട്ടില്‍ താമസിപ്പിച്ച കുട്ടികളെ മോചിപ്പിക്കാന്‍ എംബസി നേതൃത്വത്തില്‍ നീക്കം തുടങ്ങി
X

സൗദി ദമ്മാമില്‍ സ്വദേശി പൌരന്റെ വീട്ടില്‍ താമസിപ്പിച്ച കുട്ടികളെ മോചിപ്പിക്കാന്‍ എംബസി നേതൃത്വത്തില്‍ നീക്കം തുടങ്ങി. കച്ചവടത്തില്‍ വന്ന നഷ്ടത്തെ തുടര്‍ന്ന് കുട്ടികളെ തടവില്‍ പാര്‍പ്പിച്ചെന്ന മാതാവിന്റെ വാദം സ്വദേശി പൌരന്‍ തള്ളി. കുട്ടികളുടെ പിതാവാണ് എല്‍പിച്ചു പോയതെന്നും അവരാവശ്യപ്പെട്ടാല്‍ തിരിച്ചു കൊടുക്കുമെന്നുമാണ് സ്വദേശി പൌരന്റെ വാദം. ഇതോടെ കുട്ടിയുടെ പിതാവിനായി അന്വേഷണം തുടങ്ങി.

സൗദിയിലെ സ്വര്‍ണ്ണ വ്യാപാരിയായ ശ്രീലങ്കന്‍ സ്വദേശി 12 വര്‍ഷം മുമ്പാണ് വയനാട് സ്വദേശിനിയെ നാട്ടില്‍ വെച്ച് വിവാഹം കഴിച്ചത്. തുടര്‍ന്ന് പത്ത് വര്‍ഷത്തോളം ഇവര്‍ ദമ്മാമില്‍ ഒരുമിച്ച് കഴിഞ്ഞു. ഇതില്‍ ആറു മക്കളുണ്ട്. ഇവരില്‍ ഇളയ രണ്ട് പെണ്‍കുട്ടികളെ ഭര്‍ത്താവുമായി കൂട്ടുകച്ചവടം നടത്തിയിരുന്ന സ്വദേശി പൗരന്‍ രണ്ടര വര്‍ഷമായി പിടിച്ചു വച്ചിരിക്കയാണെന്നാണ് യുവതിയുടെ പരാതി. ഇവരുടെ മോചനത്തിനായി ഇന്ത്യന്‍ എംബസിക്കും വിദേശ കാര്യ മന്ത്രാലയത്തിനും ഇവര്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് എംബസിയും കെ.എം.സി.സി സോഷ്യല്‍ വിംഗ് പ്രവര്‍ത്തകരും ചേര്‍ന്ന് സ്വദേശിയെയും കുട്ടികളെയും ഇന്ന് സന്ദര്‍ശിച്ചു. കുട്ടികളെ നല്ല രീതിയില്‍ തന്നെ സംരക്ഷിക്കുന്നുണ്ടെന്നും കുട്ടികളുടെ പിതാവ് തങ്ങളെ ഏല്‍പ്പിച്ചതിനെ തുടര്‍ന്നാണ് താന്‍ സംരക്ഷണം ഏറ്റെടുത്തതെന്നുമാണ് സ്വദേശിയുടെ വാദം.

കുട്ടികളുടെ പിതാവ് തനിക്ക് സാമ്പത്തിക ബാധ്യകള്‍ വരുത്തി വച്ചിട്ടുണ്ടെങ്കിലും കുട്ടികളുടെ സംരക്ഷണവുമായി ഇതിന് ബന്ധമില്ലെന്നും അദ്ദേഹം പറയുന്നു. പിതാവ് തന്നെ സമീപിച്ച് ആവശ്യപ്പെടുകയാണെങ്കില്‍ കുട്ടികളെ വിട്ടു നല്‍കാമെന്നും ഇദ്ദേഹം പറയുന്നു. രണ്ടു കുട്ടികളില്‍ മൂത്ത കുട്ടിയെ സ്‌കൂളില്‍ ചേര്‍ത്ത് പഠിപ്പിക്കുന്നതായും രണ്ടാമത്തെയാളെ വേനല്‍ അവധിക്ക് ശേഷം സ്‌കൂളില്‍ ചേര്‍ക്കാനുള്ള ഓരുക്കത്തിലാണെന്നും സ്വദേശി പൗരന്‍ പറഞ്ഞു. ഇതോടെ കുട്ടികളുടെ പിതാവിനെ കണ്ടെത്താനുള്ള ഒരുക്കത്തിലാണിപ്പോള്‍ സാമൂഹ്യ പ്രവര്‍ത്തകരും എംബസിയും.

TAGS :

Next Story