സ്ട്രെച്ചർ സംവിധാനത്തോടെയുള്ള ടിക്കറ്റ് നിരക്ക് എയർ ഇന്ത്യ വർധിപ്പിച്ചു?
അപകടങ്ങളും കഠിനരോഗങ്ങളും മൂലം ചികിത്സ വേണ്ടി വരുന്ന ആളുകൾ ഇവിടുത്തെ ചികിത്സാ ചെലവ് താങ്ങാനാവാത്തതിനാൽ സ്ട്രെച്ചർ സൗകര്യത്തോടെയുള്ള ടിക്കറ്റ് എടുത്ത് നാട്ടിൽ പോയി ചികിത്സ തേടാറാണ് പതിവ്.
രോഗികളെ നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് സ്ട്രെച്ചർ സംവിധാനത്തോടെയുള്ള ടിക്കറ്റ് നിരക്ക് എയർ ഇന്ത്യ വർധിപ്പിക്കുന്നതായി റിപ്പോർട്ട്. യു.എ.ഇയിൽ നിന്ന് നിലവിൽ ഏഴായിരം മുതൽ പതിനായിരം ദിർഹം വരെ ചാർജ് ഈടാക്കിയിരുന്ന സ്ഥാനത്ത് ഇനി മുപ്പതിനായിരം ദിർഹം വരെ നൽകേണ്ടി വന്നേക്കും.
ഈ മാസം 20 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നതായി ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ സർക്കുലറിന്റെ കോപ്പി പരസ്യപ്പെടുത്തിയിട്ടില്ല. ടിക്കറ്റ് നിരക്കിന് പുറമെ നികുതിയും നൽകേണ്ടി വരുമെന്നതിനാൽ നിർധന രോഗികൾക്ക് തീരുമാനം ഇടിത്തീയായി മാറും.
അപകടങ്ങളും കഠിനരോഗങ്ങളും മൂലം ചികിത്സ വേണ്ടി വരുന്ന ആളുകൾ ഇവിടുത്തെ ചികിത്സാ ചെലവ് താങ്ങാനാവാത്തതിനാൽ സ്ട്രെച്ചർ സൗകര്യത്തോടെയുള്ള ടിക്കറ്റ് എടുത്ത് നാട്ടിൽ പോയി ചികിത്സ തേടാറാണ് പതിവ്. പലപ്പോഴും സന്നദ്ധ സംഘടനകളോ സുഹൃത്തുക്കളോ പിരിവെടുത്താണ് പലരേയും നാട്ടിലെത്തിക്കാൻ പണം കണ്ടെത്താറ്. എന്നാൽ നിരക്ക് കുത്തനെ ഉയർന്നതോടെ നിർധന രോഗികൾക്ക് നാട്ടിലെത്തി ചികിത്സ തേടാമെന്ന വലിയ പ്രതീക്ഷയാണ് അടഞ്ഞുപോകുന്നത്. നിർദയമായ നീക്കത്തിനെതിരെ പ്രവാസി സംഘടനകൾ ശക്തമായ പ്രതിഷേധത്തിനൊരുങ്ങുന്നതായാണ് സൂചന.
Adjust Story Font
16