Quantcast

ഈജിപ്തിലെ സർവ്വകലാശാലകൾ വ്യാജ സർട്ടിഫിക്കറ്റുകൾ നൽകിയിട്ടില്ലെന്നു കുവൈത്തിലെ ഈജിപ്ത് എംബസി

കുവൈത്ത് സർക്കാരിന്റെ നിർദ്ദേശമനുസരിച്ച് എംബസി നടത്തിയ അന്വേഷണത്തിൽ ഇക്കാര്യം വ്യക്തമായതായി എംബസി വാർത്താകുറിപ്പിൽ അറിയിച്ചു

MediaOne Logo
ഈജിപ്തിലെ സർവ്വകലാശാലകൾ വ്യാജ സർട്ടിഫിക്കറ്റുകൾ നൽകിയിട്ടില്ലെന്നു കുവൈത്തിലെ ഈജിപ്ത് എംബസി
X

ഈജിപ്തിലെ സർവ്വകലാശാലകൾ വ്യാജ സർട്ടിഫിക്കറ്റുകൾ നൽകിയിട്ടില്ലെന്നു കുവൈത്തിലെ ഈജിപ്ത് എംബസി വ്യക്തമാക്കി. കുവൈത്ത് സർക്കാരിന്റെ നിർദ്ദേശമനുസരിച്ച് എംബസി നടത്തിയ അന്വേഷണത്തിൽ ഇക്കാര്യം വ്യക്തമായതായി എംബസി വാർത്താകുറിപ്പിൽ അറിയിച്ചു. ബിരുദ, ബിരുദാനന്തര കോഴ്സുകൾക്ക് ഈജിപ്തിലെ ഒരു സർവകലാശാലയും വ്യാജ സർട്ടിഫിക്കറ്റുകൾ നൽകിയിട്ടില്ലെന്നാണ് എംബസി അറിയിച്ചത്. കുവൈത്ത് വിദ്യാഭ്യാസ വിഭാഗവും ഈജിപ്ത് വിദ്യഭാസ ഉന്നതാധികാര സമിതിയും ചേർന്ന് വ്യാജ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ടുള്ള അന്വേഷണം നടത്തി വരികയാണെന്നും എംബസിയുടെ വാർത്താക്കുറിപ്പിൽ പറയുന്നു.

കുവൈത്തിൽ ഉന്നതവിദ്യാഭ്യാസ വകുപ്പിൽ ജോലി ചെയ്യുന്ന ഈജിപ്ഷ്യൻ പൗരനെ അറസ്റ്റ് ചെയ്തതോടെയാണ് വ്യാജ സർട്ടിഫിക്കറ്റ് വിവാദം തുടങ്ങിയത്. ഇയാളെ ചോദ്യം ചെയ്തതിൽനിന്ന് നിരവധി പേർ തട്ടിപ്പ് നടത്തിയതായും ഇതിനായി ഒരു റാക്കറ്റ് തന്നെ പ്രവർത്തിക്കുന്നതായും വ്യക്തമായി. വിവിധ മന്ത്രാലയങ്ങൾ ഇപ്പോൾ അന്വേഷണം നടത്തിവരികയാണ്. സംശയമുള്ളവരെ ചോദ്യം ചെയ്യുകയും ചിലരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അതിനിടെ വ്യാജ സർട്ടിഫിക്കറ്റ് സമർപ്പിച്ച് ഔഖാഫ് മന്ത്രാലയത്തിന് കീഴിലുള്ള ദാറുൽ ഖുർആൻ സഥാപനത്തിൽ ഉയർന്ന ജോലി നേടിയ ഉദ്യോഗസ്ഥൻ 10,000 ദീനാറിന് മുകളിൽ സർക്കാർ ആനുകൂല്യങ്ങൾ കരസ്ഥമാക്കിയതായി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു . ഏതാനും വർഷങ്ങൾക്ക് മുമ്പാണ് ഇയാൾ വ്യാജ സർട്ടിഫിക്കറ്റ് സമർപ്പിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട് . വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഇായാൾ കൈപ്പറ്റിയ മുഴുവൻ ആനുകൂല്യങ്ങളും തിരിച്ച് വാങ്ങാൻ പബ്ലിക് പ്രോസിക്യൂഷൻ വിദ്യാഭ്യാസ മന്ത്രാലയത്തിന് നിർദ്ദേശം നൽകി.

TAGS :

Next Story