കുവൈത്തിലെ അമേരിക്കൻ സൈനിക ക്യാമ്പിൽ ഭക്ഷ്യ വിഷബാധ
അരിഫ്ജാൻ ക്യാമ്പിലെ അഞ്ചുസൈനികർക്കാണ് ഛർദ്ദിയും വയറുവേദനയും ഉൾപ്പെടെയുള്ള ലക്ഷണങ്ങൾ കണ്ടെത്തിയത്
കുവൈത്തിലെ അമേരിക്കൻ സൈനിക ക്യാമ്പിൽ ഭക്ഷ്യ വിഷബാധയുണ്ടായതായി റിപ്പോർട്ട് . അരിഫ്ജാൻ ക്യാമ്പിലെ അഞ്ചുസൈനികർക്കാണ് ഛർദ്ദിയും വയറുവേദനയും ഉൾപ്പെടെയുള്ള ലക്ഷണങ്ങൾ കണ്ടെത്തിയത് . കരാർ ജീവനക്കാർ ഉൾപ്പെടെ ക്യാമ്പിലെ മുഴുവൻ പേരെയും പരിശോധനക്ക് വിധേയമാക്കിയതായും ഭക്ഷണ വസ്തുക്കൾ സൂക്ഷ്മപരിശോധന നടത്തിയതായും പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
ജൂലൈ 15നും 19നും ഇടയിലാണ് സൈനികർക്കു വിഷബാധയുടെ ലക്ഷണങ്ങൾ കണ്ടെത്തിയത് . പുറത്തുനിന്ന് കൊണ്ടുവന്ന ഭക്ഷണത്തിൽനിന്നാവാം വിഷബാധയേറ്റതെന്നാണ് പ്രാഥമിക നിരീക്ഷണം. ക്യാമ്പിൽ വിതരണം ചെയ്യുന്ന ഭക്ഷണ സാധനങ്ങൾ പരിശോധിച്ചെങ്കിലും അസ്വാഭാവികതയൊന്നും കണ്ടെത്തിയിട്ടില്ല. സൈനികരും സിവിലിയന്മാരും കരാർ ജീവനക്കാരുമായി 14700 പേരെ പരിശോധനക്കു വിധേയമാക്കി . സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി എല്ലാ ഭക്ഷണ വിതരണ സംവിധാനവും നിരീക്ഷിക്കുന്നു. ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ ക്യാമ്പിലുള്ളവർക്ക് അത്യാവശ്യ പരിശീലനവും നൽകിയതായാണ് വിവരം .
മേയ് അവസാന വാരവും കുവൈത്തിലെ അമേരിക്കൻ സൈനിക ക്യാമ്പിൽ 77 പേർക്ക് അണുബാധയുണ്ടായിരുന്നു. അരിഫ്ജാൻ ക്യാമ്പിലെ 75 പേർക്കും ബൂഹ്റിങ് ക്യാമ്പിലെ രണ്ടുപേർക്കുമാണ് അന്ന് അണുബാധയുണ്ടായത്. കുവൈത്ത് സിറ്റിയിൽനിന്ന് 150 കിലോമീറ്റർ വടക്കുപടിഞ്ഞാറ് ഭാഗത്തായാണ് ക്യാമ്പ്. രണ്ടു മാസത്തിനിടെ ഭക്ഷ്യവിഷബാധ ആവർത്തിച്ചതോടെയാണ് അധികൃതർ സംഭവം കൂടുതൽ ഗൗരവത്തിലെടുത്തത്.
Adjust Story Font
16