ഹജ്ജ് തീര്‍ഥാടകരെ സഹായിക്കാന്‍ ഇത്തവണ വനിത വളണ്ടിയര്‍മാരും
സംസ്ഥാന ഹജ്ജ് ക്യാമ്പിന് നാളെ കൊച്ചിയിൽ തുടക്കമാകും; ആദ്യവിമാനം ഓഗസ്റ്റ് ഒന്നിന് പുറപ്പെടും;ഹജ്ജ് ക്യാംപ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
ഫയല്‍ചിത്രം
ഇത്തവണത്തെ സംസ്ഥാന ഹജ്ജ് ക്യാമ്പിന് നാളെ കൊച്ചിയിൽ തുടക്കമാകും. തീര്‍ഥാടകരെയും കൊണ്ടുളള ആദ്യവിമാനം ഓഗസ്റ്റ് ഒന്നിനാണ് പുറപ്പെടും. ഹജ്ജ് ക്യാംപിന്റെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
യാത്രക്കാർക്ക് വേണ്ട വിപുലമായ സൌകര്യങ്ങളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. 11,722പേരാണ് കേരള ഹജ്ജ് കമ്മിറ്റി മുഖേനെ ഇത്തവണ തീര്‍ഥാടനത്തിന് തിരിക്കുന്നത്. ഇക്കൂട്ടത്തില്‍ ലക്ഷദ്വീപില്‍ നിന്ന് 276 തീര്‍ഥാടകരും മാഹിയില്‍ നിന്ന് 47 തീര്‍ഥാടകരും ഉള്‍പ്പെടും. തീര്‍ഥാടകരില്‍ 25 പേര്‍ കുട്ടികളാണ്.
സാധാരണയില്‍ നിന്ന് വിഭിന്നമായി ഇത്തവണ തീര്‍ഥാടകര്‍ ഒരു ദിവസം മുന്‍പ് തന്നെ ഹജ്ജ് ക്യംപില്‍ റിപ്പോര്‍ട്ട് ചെയ്യണം. എന്നാല്‍ തീര്‍ഥാടകരോടൊപ്പം ബന്ധുക്കളെ ക്യാംപില്‍ താമസിപ്പിക്കില്ല. 850 പേര്‍ക്ക് ഒരേസമയം ക്യാംപില്‍ താമസിക്കാനാകും.
ഓഗസ്റ്റ് 1ന് പുലര്‍ച്ചെയാണ് ആദ്യ വിമാനം പുറപ്പെടുക.ഓരോ വിമാനത്തിലും 410 തീര്‍താടകരുമായി ദിവസേനെ പരമാവധി മൂന്ന് വിമാനം വരെ പുറപ്പെടും. ആദ്യ ഹജ്ജ് വിമാനം മന്ത്രി കെ ടി ജലീല്‍ ഫ്ലാഗ് ഓഫ് ചെയ്യും.
വിപുലമായ സൌകര്യങ്ങളാണ് ഇത്തവണ ഹജ്ജ് കമ്മിറ്റി തീര്‍ഥാടകര്‍ക്കായി ഒരുക്കിയിരിക്കുന്നത്. ചരിത്രത്തിലാദ്യമായി വനിതാ വളണ്ടിയര്‍മാരും ഇത്തവണ ഹാജിമാരെ സഹായിക്കാന്‍ രംഗത്തുണ്ട്. കഴിഞ്ഞ തവണയുള്ളതിനേക്കാള്‍ ആളുകള്‍ ഇത്തവണ ഹജ്ജ് കമ്മിറ്റി മുഖേന തീര്‍ഥാടനത്തിന് പോകും
എമിഗ്രേഷന്‍ ഫോം പൂരിപ്പിക്കേണ്ട, ഹാജിമാരുടെ വിവരങ്ങളടങ്ങിയ വെബ്‍സൈറ്റില്‍ നിന്ന് ഒരു സ്റ്റിക്കര്‍ നല്‍കും. ഏത് തിരക്കിലും ഹാജിമാരെ തിരിച്ചറിയാനായി കയ്യിലണിയാന്‍ പേരും വിവരങ്ങളുമടങ്ങിയ ലോഹവള നല്‍കും. സ്ത്രീകള്‍ക്ക് ഇന്ത്യന്‍ പതാകയുള്‍പ്പെടെ പതിച്ച മക്കനയുമുണ്ടാകും.
58 വളണ്ടിയര്‍മാരാണ് സഹായത്തിനായി ഹാജിമാര്‍ക്ക് ഉണ്ടാവുക. ഇതില്‍ മൂന്ന് പേര്‍ സ്ത്രീകളാണ്. കേരള ഹജ്ജ് കമ്മിറ്റിയുടെ ചരിത്രത്തിലാദ്യമായി മൂന്ന് വനിതകളും ഹാജിമാരെ സഹായിക്കാനുണ്ടാകും. ഭക്ഷണം തയ്യാറാക്കാന്‍ അനുമതിയില്ലാത്ത ഗ്രീന്‍ കാറ്റഗറിയിലുള്ളവര്‍ക്ക് കൃത്യമായ ഭക്ഷണം എത്തിക്കാന്‍ സൌകര്യം ഒരുക്കിയിട്ടുണ്ട്.
ഹജ്ജിനിടെ വഴിതെറ്റിപ്പോയാല്‍ സഹായത്തിന് ജിദ്ദയിലും മക്കയിലും മദീനയിലും സഹായത്തിന് പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഹജ്ജിന്റെ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി അവസാന ഹാജിയും തിരിച്ച് നാട്ടിലെത്തും വരെ മലപ്പുറത്തെ സെല്‍ ഓഫീസില്‍ ഹെല്‍പ് ഡെസ്ക്ക് പ്രവര്‍ത്തിക്കും.
Adjust Story Font
16