Quantcast

സ്വകാര്യ പൊതു മേഖല ജനറൽ ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങള്‍ക്ക് പുതിയ മാനദണ്ഡങ്ങളുമായി അബൂദബി

പുതിയ മാനദണ്ഡ പ്രകാരം അത്യാഹിത വിഭാഗങ്ങൾ രണ്ട് വ്യത്യസ്ത വകുപ്പുകളായി വിഭജിക്കണം. അത്യാഹിത വകുപ്പ്, അടിയന്തര പരിചരണ കേന്ദ്രം എന്നിങ്ങനെയാണ് വിഭജനം നടത്തേണ്ടത്

MediaOne Logo

Web Desk

  • Published:

    2 Aug 2018 3:04 AM GMT

സ്വകാര്യ പൊതു മേഖല ജനറൽ ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങള്‍ക്ക് പുതിയ മാനദണ്ഡങ്ങളുമായി അബൂദബി
X

സ്വകാര്യ പൊതു മേഖല ജനറൽ ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളിൽ ആവശ്യമായ പുതിയ മാനദണ്ഡങ്ങൾ അബൂദബി ആരോഗ്യ വകുപ്പ് പ്രഖ്യാപിച്ചു. പുതിയ മാനദണ്ഡ പ്രകാരം അത്യാഹിത വിഭാഗങ്ങൾ രണ്ട് വ്യത്യസ്ത വകുപ്പുകളായി വിഭജിക്കണം. അത്യാഹിത വകുപ്പ്, അടിയന്തര പരിചരണ കേന്ദ്രം എന്നിങ്ങനെയാണ് വിഭജനം നടത്തേണ്ടത്.

അത്യാഹിത വകുപ്പുകൾക്ക് ലൈസൻസ് ലഭിക്കാൻ സർക്കാർ ആശുപത്രികളും സ്വകാര്യ ആശുപത്രികളും പുതുക്കിയ മാനദണ്ഡ പ്രകാരമുള്ള നിബന്ധനകൾ പാലിച്ചിരിക്കണം. രോഗികൾക്ക് മികച്ച സേവനം ലഭ്യമാക്കാനും ഗുണമേന്മയിലും സുരക്ഷയിലും ഉന്നത നിലവാരമുള്ള അത്യാഹിത വിഭാഗ സംവിധാനങ്ങൾ ഒരുക്കുന്നതിനും വേണ്ടിയാണ് ആരോഗ്യ വകുപ്പിന്റെ പരിഷ്കരണം.

അബൂദബിയിലെ ആരോഗ്യ പരിചരണ സേവനങ്ങളുടെ ഗുണമേന്മ മെച്ചപ്പെടുത്തുന്നതിനും രോഗീപരിചരണം ഉന്നത നിലവാരത്തിൽ നിലനിർത്തുന്നതിനും ആരോഗ്യ വകുപ്പ് പ്രതിജ്ഞാബദ്ധമാണെന്ന് ഇൻവെസ്റ്റ്മെന്റ് കപ്പാസിറ്റി മാനേജ്മെന്റ് ഡിവിഷൻ ആക്ടിങ് ഡയറക്ടർ നീൽ ക്ലാർക് പറഞ്ഞു. അതിനു വേണ്ടി അത്യാഹിത വിഭാഗങ്ങളുടെ ഉത്തരവാദിത്വവും സേവനങ്ങളും രണ്ട് വിഭാഗങ്ങളായി വേർതിരിക്കുകയാണ്. ഈ പുതിയ ഘടന കൂടുതൽ മികച്ച രൂപത്തിലുള്ള അത്യാഹിത യൂനിറ്റുകൾ രോഗികൾക്ക് ലഭ്യമാക്കുകയും അവരുടെ ചികിത്സാ ആവശ്യങ്ങൾ കൂടുതൽ കാര്യക്ഷമമായി പരിഗണിക്കപ്പെടുകയും ചെയ്യും.

ഗുരുതരവും ജീവന് ഭീഷണിയുണ്ടായിരിക്കുകയും ചെയ്യുന്ന ഘട്ടങ്ങളിൽ രോഗികൾക്ക് അടിയന്തര ചികിത്സ ലഭ്യമാക്കേണ്ടത് അത്യാഹിത വകുപ്പാണ്. വകുപ്പ് യോഗ്യരായ ഡോക്ടർമാരാൽ നയിക്കപ്പെടണം. ശസ്ത്രക്രിയ, അിടയന്തര ശുശ്രൂഷ തുടങ്ങിയവയിൽ വിദഗ്ധരായ ഡോക്ടർമാരുടെ പിന്തുണ വകുപ്പിന് ലഭ്യമാകണം. പ്രാഥമിക പരിശോധന, രോഗം സ്ഥിരീകരിക്കൽ, ചികിത്സാ യന്ത്രങ്ങൾ ഉപയോഗിച്ചുള്ള പരിശോധന, റഫറൽ സേവനം എന്നിവ ലഭ്യമാക്കേണ്ടത് അടിയന്തര പരിചരണ കേന്ദ്രങ്ങളാണ്.

നിലവിലുള്ളതും പുതിയതുമായ എല്ലാ ആശുപത്രികളും അത്യാഹിത വിഭാഗ ലൈസൻസ് ലഭിക്കാൻ രജിസ്ട്രേഷൻ നടപടികൾ നടത്തുമ്പോൾ ആരോഗ്യ സൗകര്യ ലൈസൻസിങ് സംവിധാനത്തിലെ ക്ലിനിക്കൽ സപ്പോർട്ട് സേവന പട്ടികയിൽ ഉൾപ്പെടുത്താൻ നിർബന്ധമായും അപേക്ഷിക്കണം.

TAGS :

Next Story