കുവൈത്തില്‍ അധ്യാപകജോലിക്ക് വിദേശികള്‍
അധ്യാപക തസ്തികയിലേക്ക് യോഗ്യരായ സ്വദേശി ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ലഭിക്കാത്ത സാഹചര്യത്തിലാണ് വിദേശികളെ നിയമിക്കാൻ മന്ത്രാലയം തീരുമാനിച്ചത്.
കുവൈത്ത് വിദ്യാഭ്യാസമന്ത്രാലയത്തിലേക്കുള്ള വിദേശി അധ്യാപകരുടെ നിയമനം ഈ മാസം 14 നു ആരംഭിക്കും. അധ്യാപക തസ്തികയിലേക്ക് യോഗ്യരായ സ്വദേശി ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ലഭിക്കാത്ത സാഹചര്യത്തിലാണ് വിദേശികളെ നിയമിക്കാൻ മന്ത്രാലയം തീരുമാനിച്ചത്.
പുതിയ അധ്യയന വർഷം തുടങ്ങുന്നതിന് മുന്നോടിയായാണ് കൂടുതൽ വിദേശി അധ്യാപകരെ നിയമിക്കാൻ വിദ്യാഭ്യാസമന്ത്രാലയം ഒരുങ്ങുന്നത്. നിയമന നടപടികൾ ഓഗസ്റ്റ് 14 നു ആരംഭിക്കും. കുവൈത്തിൽ തന്നെയുള്ള വിദേശി അധ്യാപകരുമായി കരാർ ഒപ്പിടൽ ഞായറാഴ്ച മുതൽ ആരംഭിച്ചിട്ടുണ്ട്.
സ്വദേശി അധ്യാപക നിയമനത്തിനായി ജൂലൈ 29ന് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നെങ്കിലും യോഗ്യരായ അധ്യാപകരെ സ്വദേശികൾക്കിടയിൽനിന്ന് വേണ്ടത്ര ഇനിയും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് വിദേശികളെ നിയമിക്കാൻ അധികൃതർ തീരുമാനിച്ചത്.
ആഗസ്റ്റ് 28നാണ് പുതിയ അധ്യാപകർ ജോലി ആരംഭിക്കുന്നത്. ആദ്യ പടിയായി ഏഴുദിവസത്തെ പരിശീലനം നൽകും. ഇതിൽ പഠിപ്പിക്കുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളും സാങ്കേതിക പരിശീലനവും പൊതുവായ മാർഗനിർദേശവും ഉൾപ്പെടും.
വിരമിക്കുന്ന അധ്യാപകരുടെ ആനുകൂല്യങ്ങൾ നൽകാനായി വിദ്യാഭ്യാസ മന്ത്രാലയം 40 ദശലക്ഷം ദീനാർ അനുവദിച്ചതായും വിദ്യാഭ്യാസമന്ത്രാലയം അറിയിച്ചു. വിരമിക്കൽ പ്രായമെത്തിയവർക്കും നേരത്തെ വിരമിക്കാനുള്ള പ്രത്യേകാനുമതി നേടിയ ഭിന്നശേഷിക്കാർക്കും ആണ് ആനുകൂല്യങ്ങൾ ലഭ്യമാക്കുക.
Adjust Story Font
16