Quantcast

കരിപ്പൂരിൽ നിന്നും സൗദി എയർലൈൻസ്; അത്യാഹ്ലാദത്തോടെ സൗദി പ്രവാസികൾ

ഇതോടെ മൂന്നു വർഷത്തോളമായി തങ്ങൾ നേരിട്ടു കൊണ്ടിരിക്കുന്ന യാത്രാദുരിതത്തിന് അറുതിയാവുന്ന സന്തോഷത്തിലാണ് സൗദിയിലെ മലബാറിൽ നിന്നുള്ള പ്രവാസികൾ

MediaOne Logo

Web Desk

  • Published:

    9 Aug 2018 2:50 AM GMT

കരിപ്പൂരിൽ നിന്നും സൗദി എയർലൈൻസ്; അത്യാഹ്ലാദത്തോടെ സൗദി പ്രവാസികൾ
X

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് പുനരാരംഭിക്കാൻ സൗദി എയർ ലൈൻസിനു ഡി.ജി.സി.എ അനുമതി നൽകിയ വാർത്ത ഏറെ സന്തോഷത്തോടെയും ആഹ്ലാദത്തോടെയുമാണ് സൗദിയിലെ പ്രവാസികൾ ശ്രവിച്ചത്. ഇതോടെ മൂന്നു വർഷത്തോളമായി തങ്ങൾ നേരിട്ടു കൊണ്ടിരിക്കുന്ന യാത്രാദുരിതത്തിന് അറുതിയാവുന്ന സന്തോഷത്തിലാണ് സൗദിയിലെ മലബാറിൽ നിന്നുള്ള പ്രവാസികൾ.

2015 ൽ റൺവേ അറ്റകുറ്റപ്പണികൾക്കായി കരിപ്പൂർ എയർ പോർട്ടിൽ വലിയ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തുമ്പോൾ അത് തങ്ങൾക്ക് ഇത്രയും വലിയ ദുരിതം വിതക്കുമെന്നു കരുതിയിരുന്നില്ല സൗദിയിലെ പ്രവാസികൾ. വലിയ വിമാന സർവീസുകൾ നിറുത്തി വെച്ചത് മുതൽ ഏറെ യാത്രാക്ലേശം സഹിച്ചതു സൗദിയിലെ മലബാറിൽ നിന്നുള്ള പ്രവാസികളായിരുന്നു. ജിദ്ദയിൽ നിന്നും റിയാദിൽ നിന്നും നേരിട്ട് കരിപ്പൂരിലേക്ക് യാത്ര ചെയ്തിരുന്നവർ ഇക്കാലയളവിൽ കൊച്ചിയിലേക്കു പറന്നു അവിടെ നിന്നും റോഡ് മാർഗം യാത്ര ചെയ്തോ മറ്റു വിമാനത്താവളങ്ങൾ വഴി ചുറ്റിത്തിരിഞ്ഞു മാത്രം കരിപ്പൂരിൽ വന്നിറങ്ങിയോ ആയിരുന്നു വീടണഞ്ഞിരുന്നത്. രണ്ടു മാർഗങ്ങളായാലും നീണ്ട യാത്രക്ക് മാത്രമായി മണിക്കൂറുകളുടെ നഷ്ടം. കുറഞ്ഞ അവധിയിൽ നാട്ടിലേക്കു പോകുന്നവർക്കായിരുന്നു ഇതുമൂലം കൂടുതൽ നഷ്ടം. മരണപ്പെടുന്നവരുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവുന്നതിനുമുണ്ടായിരുന്നു ഒട്ടനവധി ബുദ്ധിമുട്ടുകൾ. അതുകൊണ്ടു തന്നെ കരിപ്പൂർ പൂർവസ്ഥിതിയിലേക്ക് മടങ്ങുന്നുവെന്ന വാർത്തയിൽ ഏറെ സന്തോഷിക്കുന്നതും വാർത്ത സോഷ്യൽ മീഡിയകളിൽ കൂടിയും മറ്റും ആഘോഷിക്കുന്നതും സൗദി പ്രവാസികൾ തന്നെയാണ്.

കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി കരിപ്പൂരിനു വേണ്ടി സമരരംഗത്തുണ്ടായിരുന്ന മുഴുവൻ സംഘടനകൾക്കും നാട്ടിലും മറുനാട്ടിലും അകമഴിഞ്ഞ പിന്തുണയുണ്ടായിരുന്നു സൗദി പ്രവാസികളിൽ നിന്ന്. അവരുടെ പ്രതീക്ഷയാണ് ഇന്ന് വലിയ വിമാനങ്ങൾക്ക് ഡി.ജി.സി.എ അനുമതി നൽകിയതിലൂടെ സാക്ഷാൽക്കരിച്ചിരിക്കുന്നത്. സൗദി എയർലൈൻസും പിറകിൽ മറ്റു വിമാന കമ്പനികളും കരിപ്പൂരിലേക്ക് എന്നുമുതൽ സർവീസ് ആരംഭിക്കുമെന്ന പ്രഖ്യാപനത്തിനു കാത്തിരിക്കുകയാണ് സൗദി പ്രവാസികൾ.

TAGS :

Next Story