Quantcast

സെപ്തംബറില്‍ നടപ്പാക്കാനിരിക്കുന്ന സമ്പൂര്‍ണ സൌദിവത്കരണം ചില്ലറ-മൊത്ത വ്യാപാര മേഖലക്കും ബാധകം

ഭേദഗതികളോടെ ഇന്നലെ പ്രസിദ്ധീകരിച്ച പട്ടികയിലാണ് ഇക്കാര്യമുള്ളത്. പ്രഖ്യാപിച്ച 12 മേഖലയിലെ സ്വദേശിവത്കരണത്തില്‍ ചെരിപ്പ്,ഷൂ കടകളെയും പെടുത്തി

MediaOne Logo

Web Desk

  • Published:

    10 Aug 2018 2:16 AM GMT

സെപ്തംബറില്‍ നടപ്പാക്കാനിരിക്കുന്ന സമ്പൂര്‍ണ സൌദിവത്കരണം ചില്ലറ-മൊത്ത വ്യാപാര മേഖലക്കും ബാധകം
X

സെപ്തംബറില്‍ നടപ്പാക്കാനിരിക്കുന്ന സമ്പൂര്‍ണ സൌദിവത്കരണം ചില്ലറ-മൊത്ത വ്യാപാര മേഖലക്കും ബാധകം. ഭേദഗതികളോടെ ഇന്നലെ പ്രസിദ്ധീകരിച്ച പട്ടികയിലാണ് ഇക്കാര്യമുള്ളത്. പ്രഖ്യാപിച്ച 12 മേഖലയിലെ സ്വദേശിവത്കരണത്തില്‍ ചെരിപ്പ്,ഷൂ കടകളെയും പെടുത്തി. ചെറിയ ഇളവുകളും പ്രഖ്യാപിച്ചു.

70 ശതമാനം സ്വദേശിവത്കരണം പ്രഖ്യാപിച്ച 12 മേഖലകളിലേക്കുള്ള അന്തിമ അംഗീകാരമാണ് പുതിയ പട്ടിക. തൊഴില്‍ സാമൂഹിക വികസന മന്ത്രാലയമാണ് പട്ടിക പുറത്ത് പ്രസിദ്ധീകരിച്ചത്. ചെരിപ്പ്, ഷൂ കടകളും പുതുതായി പട്ടികയില്‍ പെടുത്തി.നേരത്തെ പ്രഖ്യാപിച്ച സമ്പൂര്‍ണ സ്വദേശിവത്കരണം 70 ശതമാനമാക്കി കുറച്ചിരുന്നു. പട്ടിക പ്രകാരം ഒരു സ്ഥാപനത്തില്‍ ജീവനക്കാരനായി മുഴുസമയവും സൌദി പൌരന്‍ വേണമെന്നാണ് നിബന്ധന. ശുചീകരണ,കയറ്റിറക്ക് ജീവനക്കാര്‍ക്ക് സ്വദേശിവത്കരണം ബാധകമാകില്ല. ഇതിനാല്‍ അഞ്ചിലേറെ ജീവനക്കാരുള്ള സ്ഥാപനത്തില്‍ ഒരു വിദേശിയെ ഈ തൊഴിലിന് നിര്‍ത്താം. ഇരുപത് ശതമാനം ജീവനക്കാരെയാണ് ഈയിനത്തില്‍ അനുവദിക്കുക.

സെപ്തംബര്‍ 11ന് ഒന്നാം ഘട്ടം തുടങ്ങും. വാഹന വില്‍പന കേന്ദ്രങ്ങള്‍, വസ്ത്ര-റഡിമെയ്ഡ്, വീട്ടുപകരണ, പാത്രക്കടകളിലാണ് ഒന്നാം ഘട്ടം. രണ്ടാം ഘട്ടം നവംബര്‍ 9ന്. ഇലക്ട്രിക്കല്‍, ഇലക്ട്രോണിക് ഉപകരണ കടകള്‍, വാച്ച്,കണ്ണട കടകള്‍ എന്നിവക്കാണ് ബാധകം. ബേക്കറികള്‍, സ്പെയര്‍പാര്‍ട്സ്, കാര്‍പറ്റ്, മെഡിക്കല്‍ ഉപകരണ ,കെട്ടിട നിര്‍മാണ വസ്തുക്കടകള്‍ എന്നിവയാണ് അവസാന ഘട്ടത്തില്‍. സ്വദേശിവത്കരണം വരാനിരിക്കുന്നത് ഭൂരിഭാഗം മലയാളികളും ജോലി ചെയ്യുന്ന മേഖലയിലാണ്.

TAGS :

Next Story