കേരളത്തിന് 35 കോടിയുടെ അടിയന്തര സഹായവുമായി ഖത്തര്‍
ഖത്തര്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ജീവകാരുണ്യ വിഭാഗമായ ഖത്തര്‍ ചാരിറ്റി മുഖേനയായിരിക്കും ലഭ്യമാക്കുക. ആദ്യഘട്ട സഹായം എന്ന നിലക്കാണ് ഈ തുക പ്രഖ്യാപിച്ചിരിക്കുന്നത്
പ്രളയക്കെടുതിയില്‍ വിഷമിക്കുന്ന കേരളത്തിന് സഹായവുമായി ഖത്തര്‍. 35 കോടിയുടെ അടിയന്തര ദുരിതാശ്വാസ സഹായമാണ് ഖത്തര്‍ പ്രഖ്യാപിച്ചത്. ഖത്തര്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ജീവകാരുണ്യ വിഭാഗമായ ഖത്തര്‍ ചാരിറ്റി വഴിയാണ് സഹായം ലഭ്യമാക്കുക.
ധനസഹായം, മരുന്ന്, ഭക്ഷ്യ, വസ്ത്ര വിതരണം തുടങ്ങിവ ഉള്‍ക്കൊള്ളുന്നതാണ് ഖത്തറിന്റെ അടിയന്തര സഹായ പദ്ധതി. 35 മില്ല്യണ്‍ ഡോളറാണ് ഖത്തര്‍ ചാരിറ്റി വഴി കേരളത്തിന്റെ ദുരിതാശ്വാസ നിധിയിലേക്കായി അനുവദിച്ചിരിക്കുന്നത്. ഖത്തര്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ജീവകാരുണ്യ വിഭാഗമായ ഖത്തര്‍ ചാരിറ്റി മുഖേനയായിരിക്കും ലഭ്യമാക്കുക. ആദ്യഘട്ട സഹായം എന്ന നിലക്കാണ് ഈ തുക പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യന്‍ സമയം അര്‍ധരാത്രിയോടെയാണ് ഖത്തര്‍ സഹായം പ്രഖ്യാപിച്ചത്.
നേരത്തെ ഖത്തര്‍ അമീറും ഡെപ്യൂട്ടി അമീറും പ്രധാനമന്ത്രിയുമെല്ലാം കേരളത്തിനുണ്ടായ ദുരന്തത്തില്‍ രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും വിളിച്ച് അനുശോചനം രേഖപ്പെടുത്തിയിരുന്നു. ഖത്തര്‍ ചാരിറ്റി വഴി ധന സമാഹരണത്തിനും നിര്‍ദേശം നല്‍കിയിരുന്നു. ആഗോളതലത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് സജീവ സാന്നിധ്യമാണ് ഖത്തര്‍ ചാരിറ്റി.
നേരത്തെ ഒമാനും യുഎഇയും കേരളത്തിന് സഹായം പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. നാടിനെ കുറിച്ചുള്ള ആകുലതയില്‍ ഗള്‍ഫ് നാടുകളില്‍ കഴിയുന്ന പ്രവാസികള്‍ക്ക് ഈ തീരുമാനങ്ങള്‍ ഏറെ ആശ്വാസം പകരുന്നതാണ്.
Adjust Story Font
16