Quantcast

കേരളത്തിന്റെ പുനർനിർമാണത്തിനായി പ്രവാസലോകം

MediaOne Logo

Web Desk

  • Published:

    26 Aug 2018 2:39 AM GMT

കേരളത്തിന്റെ പുനർനിർമാണത്തിനായി പ്രവാസലോകം
X

കേരളത്തിന്റെ പുനർനിർമാണ പ്രവർത്തനങ്ങളിൽ പങ്കാളിത്തം ഉറപ്പാക്കുന്നതിന്റെ ഭാഗമായി പ്രവാസികളുടെ പരിപാടികൾ വിവിധയിടങ്ങളിലായി നടന്നു. കേരളത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും ദുരിതബാധിതർക്ക് കാരുണ്യ ഹസ്തം നീട്ടിയ യു.എ.ഇക്ക് നന്ദി പ്രകാശിപ്പിച്ചും റാസൽഖൈമയിൽ സൗഹൃദ സംഗമം ഒരുക്കി. റാക് നോളജ് തിയേറ്ററാണ് സംഗമത്തിന് നേതൃത്വം നൽകിയത്. നാടിന്‍െറ പുനര്‍ നിര്‍മാണ പ്രവൃത്തികള്‍ക്ക് ഊര്‍ജമേകുന്ന പ്രവര്‍ത്തികളില്‍ വ്യാപൃതമാകാന്‍ ഓരോ പ്രവാസി മലയാളിയും ജാഗ്രത പുലര്‍ത്താൻ സംഗമം ആഹ്വാനം ചെയ്തു.

ബഹ്റൈനിലെ യുവജന കൂട്ടായ്മയായ ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് പ്രവർത്തകർ മുന്നിട്ടിറങ്ങി ശേഖരിച്ചത് മൂവായിരം കിലോ അവശ്യസാധനങ്ങളാണ്. ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും സാനിറ്ററി നാപ്കിനുകളും അടങ്ങിയ വസ്തുക്കൾ ബഹ്റൈനിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിക്കുകയായിരുന്നു. ആയിരം കിലോ സാധനങ്ങൾ അയക്കാനാണ് തുടക്കത്തിൽ തീരുമാനിച്ചിരുന്നതെങ്കിലും കൂടുതൽ പിന്തുണയും പ്രോൽസാഹനവും ലഭിച്ചതോടെ മൂവായിരം കിലോയിലേക്ക് ഉയരുകയായിരുന്നു.

കേരളത്തിലെ ദുരിതബാധിതർക്കായി യു.എ ഇ രിസാല സ്റ്റഡി സര്‍ക്കിൾ, ഐ സി എഫ് എന്നിവക്കു കീഴിൽ ടണ്‍ കണക്കിന് ഉൽപന്നങ്ങളാണ് നാട്ടിലെത്തിച്ചത്. വിവിധ എമിറേറ്റുകളിലെ ഷോപ്പുകളില്‍ നിന്നും സമാഹരിച്ച സ്‌കൂള്‍ കിറ്റുകള്‍, വസ്ത്രങ്ങള്‍, വീട്ടുപകരണങൾ, പുതപ്പുകൾ, പാദരക്ഷകള്‍ തുടങ്ങിയവയാണ് മുഖ്യമായും ശേഖരിച്ച് അയച്ചത്. എസ് വൈ എസ് സംസ്ഥാന കമ്മറ്റിയുടെ സാന്ത്വനം പ്രവര്‍ത്തകര്‍ മുഖേനയാണ് ഉൽപന്നങ്ങൾ ദുരിതബാധിതര്‍ക്കിടയില്‍ വിതരണം ചെയ്യുന്നതെന്ന് ആര്‍ എസ് സി നാഷനല്‍ ഭാരവാഹികള്‍ അറിയിച്ചു . മലയാളികള്‍ക്ക് പുറമെ മറ്റു രാജ്യങ്ങളിൽ നിന്നുള്ളവരും പ്രവർത്തനങ്ങളിൽ സഹകരിച്ചു.

TAGS :

Next Story