Quantcast

മുന്‍ഗണന ഗള്‍ഫിലെ തൊഴില്‍ മേഖലകള്‍ക്ക്: നോര്‍ക്ക റൂട്ട്സ്

നോർക്കയുടെ സേവനങ്ങൾ പ്രവാസികളിൽ എത്തിക്കുന്നതിനൊപ്പം കൂടുതൽ പേർക്ക് സുരക്ഷിതമായ രീതിയിൽ തൊഴിൽ ലഭ്യമാക്കാനും ലക്ഷ്യമിടുന്നുണ്ട്

MediaOne Logo

Web Desk

  • Published:

    13 Sep 2018 3:40 AM GMT

മുന്‍ഗണന ഗള്‍ഫിലെ തൊഴില്‍ മേഖലകള്‍ക്ക്: നോര്‍ക്ക റൂട്ട്സ്
X

ഗൾഫ് രാജ്യങ്ങളിലെ ആരോഗ്യ- ഗാർഹിക തൊഴിൽ മേഖലകളിലെ റിക്രൂട്ട്മെൻറ് നടത്തുന്നതിനാണ് നോർക്ക റൂട്ട്സ് ഇപ്പോൾ മുൻഗണന നൽകുന്നതെന്ന് സി.ഇ.ഒ ഹരികൃഷ്ണൻ നമ്പൂതിരി. രണ്ട് ദിവസമായി കുവൈത്തിൽ നടത്തിയ സന്ദർശനത്തിൽ വിവിധ സ്ഥാപനങ്ങളുമായി ചർച്ച നടത്തി. പ്രവാസി മലയാളികൾക്ക് ആവശ്യമായ സേവനങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം തൊഴിൽ ഉറപ്പാക്കുന്നതിനും പ്രാധാന്യം നൽകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

നോർക്കയുടെ സേവനങ്ങൾ പ്രവാസികളിൽ എത്തിക്കുന്നതിനൊപ്പം കൂടുതൽ പേർക്ക് സുരക്ഷിതമായ രീതിയിൽ തൊഴിൽ ലഭ്യമാക്കുകയുമാണ് ലക്ഷ്യമിടുന്നത്. ആരോഗ്യ മേഖലയിൽ കുവൈത്തിലെ പ്രമുഖ സ്വകാര്യ സ്ഥാപനമായ ‘റോയൽ ഹയാത്തു’മായി ധാരണപത്രം ഒപ്പുവെക്കാൻ കഴിഞ്ഞു. ഗാർഹിക ജോലിക്കാരെ റിക്രൂട്ട് ചെയ്യുന്ന സ്ഥാപനം കാമ്പയിനിനായി കേരളത്തിലേക്ക് വരാമെന്ന് സമ്മതിച്ചിട്ടുണ്ട്.

നോർക്ക റൂട്ട്സുമായി കരാറുള്ള കുവൈത്തിൽ ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന സർക്കാർ നിയന്ത്രിത കമ്പനിയായ ‘അൽ ദുറ’യാണ് കേരളത്തിൽ കാമ്പയിനിന് എത്തുക. ‘അൽ ദുറ’ കമ്പനി ജനറൽ മാനേജർ മുഹമ്മദ് സാലിം അൽ ആദിലുമായി സി.ഇ.ഒ ഹരികൃഷ്ണൻ നമ്പൂതിരി, റിക്രൂട്ട്മെൻറ് മാനേജർ അജിത് കൊളാശേരി എന്നിവർ നടത്തിയ ചർച്ചയിലാണ് ഇക്കാര്യം സമ്മതിച്ചത്. നിലവിൽ കുവൈത്ത് 500 ഗാർഹിക തൊഴിലാളികളെയാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഇതിൽ 17 പേർ കുവൈത്തിലേക്ക് എത്താനുള്ള നടപടി ക്രമങ്ങൾ പൂർത്തിയായി കഴിഞ്ഞു. പത്ത് പേർ കൂടി ഉടൻ എത്തുമെന്നും നോർക്ക റൂട്ട്സ് അധികൃതർ അറിയിച്ചു.

ഗാർഹിക മേഖലക്കൊപ്പം ആരോഗ്യ രംഗത്തും തൊഴിൽ അവസരമുണ്ടാക്കാൻ ശ്രമിക്കുന്നുണ്ട്. ഇതിെൻറ ഭാഗമായാണ് ഗൾഫ് രാജ്യങ്ങളിൽ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുമായി ധാരണപത്രം ഒപ്പുവെക്കാൻ ശ്രമം ആരംഭിച്ചിട്ടുള്ളത്.

കുവൈത്തിലെ ‘റോയൽ ഹയാത്തു’മായി ധാരണപത്രം ഒപ്പുവെക്കാനായത് ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ സ്റ്റാഫ് തുടങ്ങിയ തസ്തികകളിൽ എല്ലാം നോർക്ക റൂട്ട്സ് മുഖേന റിക്രൂട്ട്മെൻറിനാണ് ശ്രമമെന്നും അധികൃതർ വ്യക്തമാക്കി. വിവിധ സ്ഥാപന അധികൃതർക്കൊപ്പം ഇന്ത്യൻ അംബാസഡർ കെ.ജീവസാഗറുമായും ചർച്ച നടത്തി. നഴ്സ് നിയമനങ്ങൾ ഇന്ത്യന്‍ സർക്കാർ അംഗീകൃത ഏജൻസികൾ വഴി മാത്രമാകണമെന്നാണ് കുവൈത്ത് അധികൃതരുടെ താൽപര്യമെന്ന് അംബാസഡർ പറഞ്ഞു.

TAGS :

Next Story