അബൂദബിയെ മികച്ച മെഡിക്കൽ ടൂറിസം കേന്ദ്രമാക്കാൻ പദ്ധതികള്‍
ലാൻഡ് മാർക്കുകൾ ഉപയോഗപ്പെടുത്തിയുള്ള മാർക്കറ്റിങ്ങിലൂടെ അബൂദബിക്ക് കൂടുതൽ മെഡിക്കൽ ടൂറിസ്റ്റുകളെ
അബൂദബിയെ മികച്ച മെഡിക്കൽ ടൂറിസം കേന്ദ്രമാക്കാൻ വിപുലമായ പദ്ധതി. മികച്ച ഡോക്ടർമാരെ നിയമിക്കാനും നിരവധി സ്പെഷലിസ്റ്റ് സേവനങ്ങൾ ലഭ്യമാക്കാനും പദ്ധതി ലക്ഷ്യമിടുന്നു. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽനിന്നുമുള്ള ജനങ്ങളെ അബൂദബിയിൽ ചികിത്സ തേടാൻ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികള്‍ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
അബൂദബി സാംസ്കാരിക വിനോദസഞ്ചാര വകുപ്പ് മെഡിക്കൽ ടൂറിസം അസോസിയേഷനുമായി ഇതു സംബന്ധിച്ച കരാറിൽ ഒപ്പുവെച്ചു. കരാർ പ്രകാരം ചൈന, റഷ്യ, മിന മേഖലയിലെ മറ്റു രാജ്യങ്ങൾ തുടങ്ങി പ്രധാന വിപണി ലക്ഷ്യമാക്കിയായിരിക്കും അസോസിയേഷൻ പ്രവർത്തിക്കുക.
കഴിഞ്ഞ വർഷം റഷ്യൻ സന്ദർശകരുടെ എണ്ണത്തിൽ 91 ശതമാനവും ചൈനീസ് സന്ദർശകരുടെ എണ്ണത്തിൽ 61 ശതമാനവും വർധനയുണ്ടായിട്ടുണ്ട്. ഇരു രാജ്യക്കാർക്കും യു.എ.ഇയിലേക്ക് ഓണ്‍ അറൈവൽ വിസ അനുവദിച്ചതിന് ശേഷമാണ് ഈ വർധന.
അബൂദബിയെ മെഡിക്കൽ ടൂറിസം കേന്ദ്രമാക്കാനുള്ള പദ്ധതിയിൽ സർക്കാർ ആശുപത്രികളെയും സ്വകാര്യ ആശുപത്രികളെയും ഉൾപ്പെടുത്തുമെന്ന് ഡി.സി.ടി അബൂദബി അണ്ടർ സെക്രട്ടറി സെയ്ഫ് സഈദ് ഗോബാഷ് പറഞ്ഞു.
ചികിത്സക്കു വേണ്ടി അബൂദബിയിലേക്ക് വരുന്നവരെ പ്രത്യേക യാത്രക്കാരായി കണക്കാക്കുകയും സന്ദർശനത്തിന്‍റെ ഓരോ ഘട്ടത്തിലും അവർക്ക് മികച്ച പരിഗണന ലഭ്യമാക്കുകയും ചെയ്യും.
ലാൻഡ് മാർക്കുകൾ ഉപയോഗപ്പെടുത്തിയുള്ള മാർക്കറ്റിങ്ങിലൂടെ അബൂദബിക്ക് കൂടുതൽ മെഡിക്കൽ ടൂറിസ്റ്റുകള്‍ ലഭ്യമാകുമെന്ന് എം.ടി.എ ചെയർമാനും ചീഫ് എക്സിക്യൂട്ടീവുമായ ജൊനാഥൻ ഈഡലീറ്റ് പറഞ്ഞു. അബൂദബിയിലെ ആരോഗ്യ പരിചരണത്തിന്റെ ഗുണമേന്മ ഉയർത്തിക്കാട്ടുന്നതിന് ഹോസ്പിറ്റൽ ടൂറുകൾ സംഘടിപ്പിക്കും.
Adjust Story Font
16