Quantcast

വിദേശ സെെന്യം ഗള്‍ഫ് വിടാതെ മേഖലയില്‍ സമാധാനം പുലരില്ലെന്ന് ഇറാന്‍

അടുത്ത ദിവസം യു.എൻ പൊതുസഭക്ക് മുമ്പാകെ ഗൾഫ് സുരക്ഷാ സഹകരണ കരാർ സമർപ്പിക്കുമെന്നും റൂഹാനി വെളിപ്പെടുത്തി.

MediaOne Logo
വിദേശ സെെന്യം ഗള്‍ഫ് വിടാതെ മേഖലയില്‍ സമാധാനം പുലരില്ലെന്ന് ഇറാന്‍
X

അമേരിക്കയുടേത് ഉൾപ്പെടെ മുഴുവൻ വിദേശ സൈന്യവും ഗൾഫ് മേഖല വിടാതെ സമാധാനം പുലരില്ലെന്ന് ഇറാൻ. സൗദി ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളുമായി സുരക്ഷാ സഹകരണ ഉടമ്പടിക്ക് സന്നദ്ധമാണെന്നും ഇറാൻ നേതൃത്വം വ്യക്തമാക്കി. വാർഷിക സൈനിക പരേഡിൻെറ ഭാഗമായി രാജ്യത്തെ അഭിസംബോധന ചെയ്യവെ ഇറാൻ പ്രസിഡൻറ് ഹസൻ റൂഹാനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മേഖലയിൽ അശാന്തിയും അരക്ഷിതാവസ്ഥയും നിലനിർത്താൻ മാത്രമേ വിദേശ സൈനിക സാന്നിധ്യം ഉപകരിക്കൂ. അതുകൊണ്ട് അമേരിക്കയുടെയും മറ്റും സൈന്യത്തെ പുറന്തള്ളാൻ ഗൾഫ് രാജ്യങ്ങൾ തയാറാകണമെന്ന് ഹസൻ റൂഹാനി അഭ്യർഥിച്ചു. അല്ലാത്തപക്ഷം മേഖല ഗുരുതര പ്രതിസന്ധിയാകും നേരിടേണ്ടി വരികയെന്നും റൂഹാനി മുന്നറിയിപ്പ് നൽകി.

അരാംകോ എണ്ണ കേന്ദ്രങ്ങൾക്ക് നേരെ നടന്ന ആക്രമണത്തെ തുടർന്ന് സൗദിയിലേക്ക് സൈന്യത്തെ അയക്കാനുള്ള യു.എസ് തീരുമാനം മുൻ നിർത്തിയാണ് റൂഹാനി ഇക്കാര്യം വ്യക്തമാക്കിയത്.

അടുത്ത ദിവസം യു.എൻ പൊതുസഭക്ക് മുമ്പാകെ ഗൾഫ് സുരക്ഷാ സഹകരണ കരാർ സമർപ്പിക്കുമെന്നും റൂഹാനി വെളിപ്പെടുത്തി. സൗഹൃദത്തിൻെറയും സമാധാനത്തിൻെറയും കരങ്ങൾ നീട്ടാനുള്ള ഇറാൻ തീരുമാനത്തോട് അനുകൂലമായി ഗൾഫ് രാജ്യങ്ങൾ പ്രതികരിക്കണമെന്നും റൂഹാനി ആവശ്യപ്പെട്ടു.

എൺപതുകളിൽ നടന്ന എട്ടു വർഷം നീണ്ട ഇറാൻ, ഇറാഖ് യുദ്ധത്തെ അനുസ്മരിച്ചു കൊണ്ടാണ് തെഹ്റാനിൽ വാർഷിക സൈനിക പരേഡ് നടന്നത്. അത്യന്താധുനിക മിസൈൽ സംവിധാനങ്ങളും മറ്റും പ്രദർശിപ്പിച്ചു കൊണ്ടുള്ള പരേഡിന് പ്രസിഡൻറ് റൂഹാനി സല്യൂട്ട് ചെയ്തു. യു.എസ് യുദ്ധഭീഷണി മുൻനിർത്തി ഇറാനിനെ മൂന്ന് സേനകളും ഏതൊരു സാഹചര്യവും നേരിടാനുള്ള തയാറെടുപ്പിലാണ്.

TAGS :

Next Story