മക്ക- മദീന ഹറമൈൻ ട്രെയിൻ ഗതാഗതം ബുധനാഴ്ച പുനരാരംഭിക്കും
റമളാനോടെ ദിനംപ്രതി 40 മുതൽ 54 സർവ്വീസുകൾ വരെ നടത്താനാണ് നീക്കം.
മക്ക- മദീന ഹറമൈൻ ട്രെയിൻ ഗതാഗതം ബുധനാഴ്ച പുനരാരംഭിക്കും. വരാനിരിക്കുന്ന ഹജ്ജിന് മുമ്പായി ട്രെയിന്‍ ഗതാഗതം പൂർണ്ണതോതിലാകുമെന്നാണ് പ്രതീക്ഷ.
തുടക്കത്തിൽ പ്രതിദിനം 24 മുതൽ 30 സർവ്വീസ് വരെയാണ് നടത്തുക. ഒരു മാസത്തിനകം സർവ്വീസുകളുടെ എണ്ണം വർധിപ്പിച്ച്, റമളാനോടെ ദിനംപ്രതി 40 മുതൽ 54 സർവ്വീസുകൾ വരെ നടത്താനാണ് നീക്കം. സർവ്വീസ് പുനരാരംഭിക്കുന്നത് പുണ്യമാസത്തിൽ ഇരുഹറമുകളിലും പ്രാർത്ഥനയ്ക്കെത്തുന്ന വിശ്വാസികൾക്ക് ഏറെ ആശ്വാസമാകും.
ജിദ്ദയിലെ സുലൈമാനിയ റെയിൽവെ സ്റ്റേഷനിൽ അഗ്നിബാധയെ തുടർന്ന് പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. ഈ സാഹചര്യത്തിൽ ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് എയർപോർട്ട് റെയിൽവെ സ്റ്റേഷനാണ് ജിദ്ദയിലെ യാത്രക്കാർ ഉപയോഗിക്കേണ്ടത്.
സുലൈമാനിയ സ്റ്റേഷൻ വൈകാതെ തന്നെ പൂർണ്ണ തോതിൽ പ്രവർത്തന സജ്ജമാകും. എഴുന്നൂറിലധികം തൊഴിലാളികളാണ് പുനരുദ്ധാരണ ജോലികളിൽ ഇവിടെ പ്രവർത്തിച്ച് വരുന്നത്. സ്റ്റേഷൻ നിർമ്മാണ കരാർ ഏറ്റെടുത്ത കമ്പനിയുടെ പൂർണ ചെലവിലാണ് പുനർനിർമ്മാണ ജോലികൾ നടന്നുവരുന്നത്.
Adjust Story Font
16