കോവിഡ് സുരക്ഷയില്‍ വീഴ്ച; 53 ഭക്ഷ്യ സ്ഥാപനങ്ങൾ ദുബൈ മുന്‍സിപ്പാലിറ്റി പൂട്ടിച്ചു
ഭക്ഷണം പാകം ചെയ്യുമ്പോൾ മാസ്കുകളും കൈയ്യുറകളും പോലുള്ള വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ ധരിക്കുന്നതിൽ വീഴ്ച വരുത്തുന്നതാണ് പ്രധാനമായും കണ്ടെത്തിയത്.
ഈ വർഷം ആദ്യ മൂന്ന് മാസങ്ങളിലായി ദുബൈ മുന്‍സിപാലിറ്റി നടത്തിയ പരിശോധനയിൽ നിരവധി കോവിഡ് സുരക്ഷാ ലംഘനങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയ ദുബൈയിലെ 53 ഭക്ഷ്യ സ്ഥാപനങ്ങൾ ദുബൈ മുന്‍സിപ്പാലിറ്റി പൂർണമായും പൂട്ടിച്ചു. പരിശോധനയിൽ ഗുരുതരമല്ലാത്ത നിയമലംഘനങ്ങൾ നടത്തിയ 1,133 സ്ഥാപനങ്ങൾക്ക് ശക്തമായ മുന്നറിയിപ്പും മുന്‍സിപാലിറ്റി പരിശോധന സംഘം നൽകി. 2021ന്‍റെ ആദ്യ പാദത്തിൽ മുന്‍സിപ്പാലിറ്റി ഉദ്യോഗസ്ഥർ ഭക്ഷ്യ, വ്യാപാര സ്ഥാപനങ്ങളിലായി 13,775 പരിശോധനകൾ നടത്തി. 12,438 ഭക്ഷ്യ സ്ഥാപനങ്ങളും ഭക്ഷ്യ സുരക്ഷാ മുൻകരുതൽ പൂർണമായി പാലിക്കുന്നതായും കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരുന്നതായും കണ്ടെത്തിയെന്ന് ദുബൈ മുന്‍സിപ്പാലിറ്റി ഭക്ഷ്യ സുരക്ഷാ വിഭാഗം മേധാവി സുൽത്താൻ അലി അൽ താഹർ പറഞ്ഞു.
സാമൂഹ്യഅകലം പാലിക്കുന്നതിൽ പലയിടത്തും വീഴ്ച വരുത്തുന്നതായി പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. കോവിഡ് വ്യാപനം ഇല്ലാതാക്കാൻ പരിശോധന കർശനമാക്കിയ സാഹചര്യത്തില്‍ സാമൂഹ്യ അകലം പാലിക്കുകയെന്ന നിർദേശം പലപ്പോഴും ലംഘിക്കുന്നതായും കണ്ടെത്തി. ഭക്ഷണം പാകം ചെയ്യുമ്പോൾ മാസ്കുകളും കൈയ്യുറകളും പോലുള്ള വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ ധരിക്കുന്നതിൽ വീഴ്ച വരുത്തുന്നതാണ് പ്രധാനമായും കണ്ടെത്തിയത്. പൂർണമായും അണുവിമുക്തമാക്കാത്ത വസ്തുക്കള്‍ ഉപയോഗിക്കുന്നതും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
തൊഴിലാളികളുടെ ശുചിത്വം, അണുവിമുക്തമാക്കൽ പ്രവർത്തനങ്ങൾ എന്നിവ കർശനമായി ഉറപ്പുവരുത്താൻ മുന്‍സിപ്പാലിറ്റി ഇൻസ്പെക്ടർമാർ ദൈനംദിനമെന്നോണം പരിശോധനകൾ സംഘടിപ്പിക്കും. കൂടാതെ ഭക്ഷ്യവസ്തുക്കൾ, ഭക്ഷണം തയ്യാറാക്കൽ, സംഭരണം, വില്‍പന എന്നീ ഘട്ടങ്ങളിൽ ഭക്ഷ്യ സുരക്ഷാ നിയമം അനുശാസിക്കുന്ന നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്നും ഉറപ്പ് വരുത്തും.
Adjust Story Font
16