സംസ്ഥാന ബജറ്റിനെ പിന്തുണച്ച് പ്രവാസി വ്യവസായ പ്രമുഖര്‍
പ്രവാസി ക്ഷേമത്തിന് ഊന്നൽ നൽകുന്ന പ്രത്യേക വായ്പാ പദ്ധതി ആയിരങ്ങൾക്ക് തുണയാകുമെന്ന് എം.എ യൂസുഫലി
സംസ്ഥാന ബജറ്റിനെ പിന്തുണച്ച് പ്രവാസ ലോകത്തെ മലയാളി വ്യവസായ പ്രമുഖർ. പ്രതികൂല സാഹചര്യത്തിലും സമ്പദ് ഘടനക്ക് കൃത്യമായ ദിശാബോധം പകരാൻ ബജറ്റിന് കഴിഞ്ഞതായി വ്യവസായികൾ ചൂണ്ടിക്കാട്ടി. നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക് അതിവേഗം വാക്സിൻ ഉറപ്പു വരുത്താനുള്ള സർക്കാർ നീക്കം അഭിനന്ദനാർഹമാണെന്നും മലയാളി വ്യവസായികൾ പ്രതികരിച്ചു.
സംസ്ഥാന ബജറ്റ് സാർവജന ക്ഷേമവും വികസനവും മുൻനിർത്തിയുള്ള ഒന്നാണെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസുഫലി പറഞ്ഞു. കോവിഡ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധികൾ മറികടക്കാനുള്ള പ്രായോഗിക നിർദേശങ്ങളാണ് ബജറ്റിലുള്ളത്. പ്രവാസി ക്ഷേമത്തിന് ഊന്നൽ നൽകുന്ന പ്രത്യേക വായ്പാ പദ്ധതി ആയിരങ്ങൾക്ക് തുണയാകുമെന്നും എം.എ യൂസുഫലി ചൂണ്ടിക്കാട്ടി.
കോവിഡ് പ്രതിരോധ രംഗത്തും അനുബന്ധ മേഖലകളിലും പരമാവധി ശ്രദ്ധ കേന്ദ്രീകരിച്ചതാണ് ബജറ്റിന്‍റെ മികവെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയർ സ്ഥാപക ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ അഭിപ്രായപ്പെട്ടു. പ്രതിരോധത്തിനും ചികിത്സക്കും പുനരധിവാസത്തിനുമായി ആരോഗ്യ മേഖലക്ക് വലിയ ധനസഹായം നല്‍കിയിട്ടുണ്ട്. പ്രവാസി ക്ഷേമ പദ്ധതികള്‍ക്കായി ഫണ്ട് അനുവദിച്ചതും നല്ല ചുവടുവെയ്പ്പാണെന്ന് ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.
കേരളത്തിലെ വിനോദ സഞ്ചാര മേഖലയുടെ പുനരുജ്ജീവനത്തിനായി പ്രഖ്യാപിച്ച നടപടികൾ അഭിനന്ദനീയമാണെന്ന് ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ്, ട്വൻറി 14 ഹോൾഡിങ്‌സ് എം.ഡി അദീബ് അഹ്മദ് പറഞ്ഞു. വിനോദസഞ്ചാര മേഖലക്ക് ലഭ്യമാക്കിയ കുറഞ്ഞ പലിശനിരക്ക്, വെല്ലുവിളികളിലൂടെ കടന്നുപോകുന്ന ബിസിനസുകൾക്ക് ഊർജം പകരുമെന്നും അദീബ് അഹ്മദ് കൂട്ടിച്ചേർത്തു. വ്യവസായ പ്രമുഖരായ ഡോ. ഷംസീർ വയലിൽ, ഷംലാൽ അഹ്മദ് എന്നിവരും സംസ്ഥാന ബജറ്റിനെ സ്വാഗതം ചെയ്തു.
Adjust Story Font
16