വേതനമില്ലാത്ത അവധിയില്‍ പോയ ജീവനക്കാരെ തിരിച്ചുവിളിച്ച് ഫ്ലൈ ദുബൈ
ജൂൺ ഒന്ന് മുതൽ ജീവനക്കാർ ജോലി പുനരാംഭിക്കും
ശമ്പളമില്ലാത്ത അവധിയിൽ കഴിയുന്ന ജീവനക്കാരോട് ജോലി തുടരാൻ ഫ്ലൈ ദുബൈ വിമാനകമ്പനിയുടെ നിർദേശം. ജൂൺ ഒന്ന് മുതൽ ജീവനക്കാർ ജോലി പുനരാംഭിക്കും.
ഫ്ലൈ ദുബൈ സി.ഇ.ഒ ഗൈയ്ത്ത് അൽ ഗൈയ്ത്താണ് ജീവനക്കാരോട് തിരിച്ച് ജോലിയിൽ പ്രവേശിക്കാൻ നിർദേശം നൽകിയത്. കോവിഡ് പ്രതിസന്ധിയെ തുടർന്ന് വരുമാനം കുറഞ്ഞപ്പോൾ ഫ്ലൈ ദുബൈയിലെ ജീവനക്കാർക്ക് രണ്ട് പോം വഴികൾ മുന്നോട്ടുവെച്ചിരുന്നു. ഒന്നുകിൽ രാജിവെച്ച് മറ്റ് ജോലിക്ക് ശ്രമിക്കുക അല്ലെങ്കിൽ ശമ്പളമില്ലാത്ത അവധിയിൽ പ്രവേശിക്കുക. 97 ശതമാനം ജീവനക്കാരും ശമ്പളമില്ലാത്ത അവധിയാണ് തെരഞ്ഞെടുത്തതെന്ന് സി.ഇ.ഒ പറഞ്ഞു. ഇവരാണ് അടുത്തദിവസങ്ങളിൽ ജോലിയിൽ തിരിച്ചെത്തുന്നത്. പുതിയ വേനൽ സീസണിൽ എയൽലൈൻ മേഖല ഉണരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജീവനക്കാരുടെ വായ്പാ തിരിച്ചടവിലും മറ്റും ഇളവ് നൽകാൻ ബാങ്കുകളുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും സി.ഇ.ഒ അറിയിച്ചു. ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്ക് ഏർപ്പെടുത്തുന്നത് വരെ 65 ശതമാനം ശേഷിയിൽ വിമാനങ്ങൾ സർവീസ് നടത്തിയിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16