Quantcast

സ്വകാര്യ മേഖലയില്‍ സ്വദേശികളുടെ മിനിമം വേതനം വര്‍ധിപ്പിച്ച നടപടി സൌദിയില്‍ പ്രാബല്യത്തില്‍

നിതാഖാത്ത് വ്യവസ്ഥയില്‍ സ്വദേശി അനുപാതം കണക്കാക്കുന്നതിന് നാലായിരം റിയാലില്‍ കുറയാത്ത മിനിമം വേതനം നല്‍കിയിരിക്കണമെന്നതാണ് നിബന്ധന

MediaOne Logo

Web Desk

  • Published:

    19 April 2021 1:07 AM GMT

സ്വകാര്യ മേഖലയില്‍ സ്വദേശികളുടെ മിനിമം വേതനം വര്‍ധിപ്പിച്ച നടപടി സൌദിയില്‍ പ്രാബല്യത്തില്‍
X

സൗദിയില്‍ സ്വകാര്യ മേഖലയില്‍ സ്വദേശികളുടെ മിനിമം വേതനം വര്‍ധിപ്പിച്ച നടപടി പ്രാബല്യത്തിലായി. നിതാഖാത്ത് വ്യവസ്ഥയില്‍ സ്വദേശി അനുപാതം കണക്കാക്കുന്നതിന് നാലായിരം റിയാലില്‍ കുറയാത്ത മിനിമം വേതനം നല്‍കിയിരിക്കണമെന്നതാണ് നിബന്ധന. മാനവ വിഭവ ശേഷി മന്ത്രാലയമാണ് കഴിഞ്ഞ വർഷം സ്വദേശികളുടെ കുറഞ്ഞ ശമ്പളം പുതുക്കി നിശ്ചയിച്ചത്.

മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം കഴിഞ്ഞ നവംബറില്‍ പ്രഖ്യാപിച്ച വേതന സംരക്ഷണ നിയമമാണ് രാജ്യത്ത് ഇന്ന് മുതല്‍ പ്രാബല്യത്തിലായത്. സ്വദേശി ജീവനക്കാരുടെ സ്വകാര്യ മേഖലയിലെ മിനിമം വേതനം നാലായിരം റിയാലായി ഉയര്‍ത്തിയ നടപടിയാണ് പ്രാബല്യത്തിലായത്. നിലവില്‍ ജോലി ചെയ്തു വരുന്നവര്‍ക്കും പുതുതായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്കും ഒരുപോലെ ഇതിന്‍റെ പ്രയോജനം ലഭിക്കും. നിലവില്‍ മൂവായിരം റിയാലായിരുന്ന കുറഞ്ഞ ശമ്പളമാണ് നാലായിരമായി ഉയര്‍ത്തിത്.

മാനവ വിഭവശേഷി വകുപ്പ് മന്ത്രി എഞ്ചിനിയര്‍ അഹമ്മദ് ബിന്‍ സുലൈമാന്‍ അല്‍ റാജിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം കഴിഞ്ഞ നവംബറില്‍ നടത്തിയിരുന്നത്. പദ്ധതി നടപ്പിലാക്കുന്നതിന് രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം അഞ്ച് മാസത്തെ സമയവും അനുവദിച്ചിരുന്നു. ആ സമയ പരിധി ഇന്നലത്തേക്ക് അവസാനിച്ചതോടെയാണ് നിയമം പ്രാബല്യത്തിലായത്. പുതുക്കിയ മിനിമം വേതനത്തിന് അനുസൃതമായിട്ടാണ് ഇനി മുതല്‍ നിതാഖാത്ത് വ്യവസ്ഥയിലെ സ്വദേശി അനുപാതവും നിശ്ചയിക്കുക. നാലായിരം മുതല്‍ മേല്‍പ്പോട്ട് ശമ്പളം വാങ്ങുന്നവര്‍ മാത്രമായിരിക്കും നിതാഖാത്ത് സംവിധാനത്തില്‍ ഒരു പൂര്‍ണ്ണ സ്വദേശി ജീവനക്കാരന്‍. മൂവായിരത്തിനും നാലായിരത്തിനും ഇടയിലാണ് ശമ്പളമെങ്കില്‍ അര്‍ദ്ധ ജീവനക്കാരനായിട്ടാണ് പരിഗണിക്കുക. മൂവായിരത്തിന് താഴെ വേതനം കൈപ്പറ്റുന്നവരെ നിതാഖാത്ത് സംവിധാനത്തില്‍ പരിഗണിക്കുകയുമില്ല.

TAGS :

Next Story