12-15 വയസ്സുള്ള കുട്ടികൾക്ക് കോവിഡ് വാക്സിന്‍ നൽകാനൊരുങ്ങി കുവൈത്ത്
കുട്ടികൾക്ക് വാക്സിൻ നൽകാൻ താൽപര്യമുള്ള രക്ഷിതാക്കൾക്ക് രജിസ്റ്റർ ചെയ്യാൻ ഓൺലൈൻ സംവിധാനം സജ്ജമാക്കും
കുവൈത്തിൽ 12 മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പ് നൽകാനൊരുങ്ങി ആരോഗ്യമന്ത്രാലയം. കുട്ടികൾക്ക് വാക്സിൻ നൽകാൻ താൽപര്യമുള്ള രക്ഷിതാക്കൾക്ക് രജിസ്റ്റർ ചെയ്യാൻ ഓൺലൈൻ സംവിധാനം സജ്ജമാക്കുമെന്ന് മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.
12-15 പ്രായക്കാരുടെ വാക്സിനേഷന്‍ സംബന്ധിച്ച് വിദഗ്ധോപദേശം തേടിയ മന്ത്രാലയത്തിന് വാക്സിൻ നൽകാമെന്ന വിലയിരുത്തലാണ് കൂടുതലായി ലഭിച്ചത്. മൂന്നാം ഘട്ട പരീക്ഷണങ്ങളുടെ ഫലങ്ങൾ അനുസരിച്ച് ഈ പ്രായത്തിലുള്ള കുട്ടികളിൽ വാക്സിൻ സുരക്ഷിതവും ഫലപ്രദവുമാണെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ. 12 മുതൽ 15 വയസ്സുവരെയുള്ള കൗമാരക്കാർക്ക് ഫൈസർ വാക്സിൻ കുത്തിവെപ്പ് നൽകുന്നതിന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അംഗീകാരം നൽകിയിരുന്നു.
രക്ഷിതാക്കളുടെ സമ്മതത്തോടെ മാത്രമേ കുട്ടികൾക്ക് വാക്സിൻ നൽകൂ എന്നും നിർബന്ധിക്കില്ലെന്നുമാണ് മന്ത്രാലയ വൃത്തങ്ങൾ നൽകുന്ന സൂചന. കുട്ടികൾക്ക് വാക്സിൻ നൽകാൻ താൽപര്യമുള്ള രക്ഷിതാക്കൾക്ക് രജിസ്റ്റർ ചെയ്യാൻ ഓൺലൈൻ സംവിധാനം ഒരുക്കുമെന്നും മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ചു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Adjust Story Font
16