ഖത്തറില്‍ തൊഴിലാളികള്‍ക്കുള്ള നിര്‍ബന്ധിത വേനല്‍മധ്യാഹ്ന വിശ്രമം ജൂണ്‍ 1 മുതല്‍
പുറംതൊഴിലുകളിലേര്‍പ്പെടുന്നവര്‍ക്ക് രാവിലെ പത്ത് മുതല്‍ ഉച്ച തിരിഞ്ഞ് 3.30 വരെ വിശ്രമം അനുവദിക്കണമെന്നതാണ് ഉത്തരവ്
- Updated:
2021-05-28 05:59:54.0
ചൂട് കനത്തോടെയാണ് ഖത്തറില്‍ നിര്‍ബന്ധിത വേനല്‍കാല വിശ്രമ സമയം ഇക്കുറി നേരത്തെ നടപ്പാക്കുന്നത്. ഓഫീസുകള്‍ക്കകത്തല്ലാതെ പുറം ജോലികളിലേര്‍പ്പെടുന്ന എല്ലാ തൊഴിലാളികള്‍ക്കും രാവിലെ പത്ത് മുതല്‍ ഉച്ച തിരിഞ്ഞ് 3.30 വരെ നിര്‍ബന്ധിത വിശ്രമം അനുവദിക്കണമെന്നാണ് തൊഴില്‍ സാമൂഹ്യക്ഷേമ മന്ത്രാലയത്തിന്‍റെ ഉത്തരവ്. വരുന്ന ജൂണ്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന നിയമം സെപ്തംബര്‍ 15 വരെ നീണ്ടുനില്‍ക്കും.
നിര്‍ബന്ധിത വിശ്രമനിയമം പരിഗണിച്ചുവേണം സ്ഥാപനങ്ങളും തൊഴിലുടമകളും തൊഴിലാളികളുടെ പ്രവൃത്തി സമയം ക്രമീകരിക്കേണ്ടത്. തൊഴില്‍ സൈറ്റുകളില്‍ ഈ ഷെഡ്യൂള്‍ എല്ലാവര്‍ക്കും കാണാവുന്ന രീതിയില്‍ പതിപ്പിച്ചിരിക്കണമെന്നും മന്ത്രാലയത്തിന്‍റെ ഉത്തരവുണ്ട്. കൂടാതെ തൊഴിലിടങ്ങളില്‍ ഏത് സമയം സൌജന്യ കുടിവെള്ളം അനുവദിക്കല്‍, ചൂട് മൂലമുള്ള അസ്വസ്ഥതകള്‍ കുറയ്ക്കാനുള്ള പരിശീലനം നല‍്കല്‍, തൊഴില്‍മേഖലകളില്‍ തണലൊരുക്കാനുള്ള സജ്ജീകരണം, ചൂടില്‍ നിന്നും രക്ഷ നേടുന്നതിനുള്ള വസ്ത്രങ്ങളോ യൂണിഫോമുകളോ അനുവദിക്കല്‍, ദേഹാസ്വാസ്ഥ്യങ്ങളുണ്ടായാല്‍ പ്രഥമശുശ്രൂഷ നല്‍കാനുള്ള സംവിധാനം തയ്യാറാക്കല്‍, താപനില കൃത്യമായി അളക്കാനുള്ള സംവിധാനം സജ്ജീകരിക്കല്‍, വെബ് ബള്‍ബ് ഗ്ലോബ് ടെംപറേച്ചല്‍ സൂചിക അനുസരിച്ച് 32.1 ഡിഗ്രി കടന്നാല്‍ ജോലി നിര്‍ത്തിവെക്കല്‍ തുടങ്ങി നിര്‍ദേശങ്ങളും തൊഴിലുടമകള്‍ പാലിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു
കഴിഞ്ഞ വര്‍ഷം ഇത് രാവിലെ 11.30 മുതല്‍ ഉച്ച തിരിഞ്ഞ് 3 വരെയായിരുന്നു. ഇക്കുറി രണ്ട് മണിക്കൂര്‍ അധിക വിശ്രമമാണ് അനുവദിച്ചിരിക്കുന്നത്. ഇത്തവണ വേനല്‍ കടുക്കുമെന്ന പ്രവചനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നടപടിയെന്നാണ് വിവരങ്ങള്‍.
Adjust Story Font
16